കൃഷ്ണന്റെ കുസൃതി 11- കൃഷ്ണശബ്ദവും നമ്മളും
കൃഷ്ണാ, അങ്ങു് മായാമറയുടെ അപ്പുറത്തിരിക്കുകയാണെന്നറിയാം . എന്നാലും ഞങ്ങൾ പറയുന്നതൊന്നു കേൾക്കണേ ! ഞങ്ങൾക്കൊരു പാടു കാര്യങ്ങൾ പറയാനുണ്ട് . അതെല്ലാം കേട്ട് ഞങ്ങളെ വേണ്ടപോലെ ഉപദേശിച്ച് നേർവഴിക്ക് നയിക്കണേ!
ഇതാ കൃഷ്ണനും നമ്മളും തമ്മിൽ നടക്കുന്ന നിരന്തര സംവാദങ്ങളിൽ നിന്നും ഒരേട് :
നമ്മൾ : "കൃഷ്ണാ, അങ്ങയെ പ്രാർഥിച്ചതിനുശേഷം ഞങ്ങളുടെ മനസ്സിൽ തോന്നുന്നതും അതു പ്രകാരം ഞങ്ങൾ പ്രവർത്തിക്കുന്നതും ശരിയാണെന്ന് ഞങ്ങൾ കരുതിക്കോട്ടെ? "
കൃഷ്ണൻ പുഞ്ചിരിതൂകിക്കൊണ്ട് നമ്മുടെ മനസ്സിൽ വന്ന് പറഞ്ഞു : "ശരി"
നമ്മൾ : "കൃഷ്ണാ, ഓരോ ദിവസവും കൃഷ്ണനെ ഓർത്ത് ഞങ്ങൾ തീരുമാനങ്ങൾ എടുത്തു നടപ്പാക്കാൻ ശ്രമിക്കുന്നു. പരിണതഫലങ്ങളെല്ലാം കൃഷ്ണന്റെ അനുഗ്രഹമാണെന്ന് ഞങ്ങൾ കരുതട്ടെ? "
കൃഷ്ണശബ്ദം: " തീർച്ചയായും."
നമ്മൾ: " മായാവലയത്തിൽ നിന്ന് ഞങ്ങളെ പുറത്തു കടക്കാൻ അനുഗ്രഹിക്കില്ല്യേ?"
കൃഷ്ണശബ്ദം: "ഉവ്വ് ".
നമ്മൾ: "വിധിയുടെ മുൾമുനകളിൽ എരിപൊരികൊണ്ട് നടക്കുമ്പോഴും ഞങ്ങൾ കൃഷ്ണനെ ഓർക്കാറുണ്ട്. കൃഷ്ണൻ ഞങ്ങളെ ഓർക്കാറുണ്ടോ ?"
കൃഷ്ണശബ്ദം : "ഉവ്വ് "
നമ്മൾ : "ചിലപ്പോൾ കൃഷ്ണന്റെ ഉദാസീീനത കാണുമ്പോൾ അങ്ങ് അടിയി ണ പണിയുന്നവരെ അവഗണിക്കാറുണ് ടോ എന്ന് സംശയിക്കുന്നതിൽ തെറ്റുണ്ടോ?"
കൃഷ്ണശബ്ദം : "ഇല്ല്യ "
നമ്മൾ : "എന്ത് ചോദിച്ചാലും ഒറ്റവാക്കിൽ ഉത്തരം പറയുന്നത് ന്യായമാണോ?"
കൃഷ്ണശബ്ദം: " അതെ"
നമ്മൾ : " എന്താണ് കാരണം?"
കൃഷ്ണ ശബ്ദം : "ചിത്തൈക്യം"
നമ്മൾ: "സമാനചിത്തരാണെങ്കിൽ കൃഷ്ണനും ഞങ്ങളും തമ്മിലെന്താണ് വ്യത്യാസം?"
കൃഷ്ണശബ്ദം: "പൂജ്യം".
നമ്മൾ: "പൂജ്യം എന്നതുകൊണ്ട് എന്തു വിവക്ഷിക്കുന്നു കൃഷ്ണാ?"
കൃഷ്ണശബ്ദം : "പൂർണം "
നമ്മൾ: " ഞങ്ങൾ കൃഷ്ണനെപ്പോലെ പൂർണമാണെന്നോ "?
കൃഷ്ണശബ്ദം: "തീർച്ചയായും ".
നമ്മൾ: "ഈശ്വരാ, എന്നാൽ ഞങ്ങൾ കൃഷ്ണന്റെ പരിപൂർണ അനുഗ്രഹത്തിനു പാത്രങ്ങളായി തീരട്ടെ!".
കൃഷ്ണശബ്ദം: " തഥാസ്തു".
കൃഷ്ണനോട് എത്ര ചോദ്യങ്ങൾ വേണമെങ്കിൽ ചോദിച്ചോളൂ. കൃഷ്ണൻ അവസാനം ആ ഉത്തരത്തിൽ നമ്മെ എത്തിക്കുന്നു. കൃഷ്ണനും നാമും ഒന്നാണെന്ന്. നാം എന്തനുഗ്രഹം ചോദിച്ചാലും കൃഷ്ണൻ ഒരേ ഒരു വാക്കിൽ അനുഗ്രഹിക്കുന്നു - തഥാസ്തു. കാരണം? മായക്കപ്പുറത്ത് കൃഷ്ണനും നമ്മളും ഒന്നാണ്. മായാവലയത്തിനുള്ളിൽ എന്ത് നടക്കുന്നു എന്നത് അദ്ദേഹത്തിന് പ്രശ്നമല്ല, അദ്ദേഹത്തിൻറെ കണ്ണിൽ പ്രസക്തിയുമില്ല്യ. ദേഹാഭിമാനവും തദ്വാരാ ഉണ്ടാകുന്ന സുഖദുഖങ്ങളും മനസ്സിന്റെ വെറും വികലമായ തോന്നലുകൾ മാത്രമാണത്രെ! വികലമായ മനസ്സിനെ നിഷ്ക്കളമായ കൃഷ്ണ സാന്നിധ്യം വിമലമാക്കുന്ന നിമിഷത്തിൽ നാം ശാശ്വതമായ അവസ്ഥയെ പ്രാപിക്കുന്നു. നമ്മുടെ നേരെ കൃഷ്ണന്റെ മനസ്സലിഞ്ഞാൽ നമ്മുടെ മനസ്സ് ആ മനസ്സിൽ അലിയുന്നു! അതാണത്രെ ചിത്തൈക്യം! ഒന്നേ ശാശ്വതമായി നിലനിൽക്കുന്നുള്ളുവത്രെ! അതാണത്രെ ആ അദ്വിതീയശക്തി!
വീണ്ടും കൃഷ്ണശബ്ദം:
പൂർണമദ: പൂർണമിദം പൂർണാത് പൂർണമുദച്യതേ
പൂർണസ്യ പൂർണമാദായ പൂർണമേവാവശിഷ്യതേ
ശ്രീ കൃഷ്ണാർപ്പണമസ്തു
Comments
Post a Comment