തെളിവുള്ള സുപ്രഭാതം. നടക്കാനിറങ്ങിയപ്പോൾ കുളിർ കാറ്റിൽ ആടി രസിക്കുന്ന പച്ചിലകളോടുകൂടിയ ചില്ലകളും പറന്നുയരുന്ന പക്ഷികളും വിടരാൻ വെമ്പുന്ന പൂക്കളും മേഘങ്ങളുടെ കൂടെ ഒളിച്ചുകളിക്കുന്ന സൂര്യനും എല്ലാം എല്ലാം സർവാന്തര്യാമിയായ ഭഗവാൻറെ സാന്നിധ്യം വിളിച്ചു പറയുന്നതായി തോന്നി.എന്റെ ഉള്ളിലും ഒളിച്ചു നിൽക്കുന്ന സർവാന്തര്യാമിയായ ഭഗാവാനെ ഓർത്തോർത്ത് ഞാൻ നടക്കാൻ തുടങ്ങി. തിരിച്ച് ഒരക്ഷരം മിണ്ടാറില്ലെങ്കിലും ഞാൻ ഭഗവാനോടു എന്റെ പതിവുള്ള വർത്തമാനം ആരംഭിച്ചു. പിന്നെ വേണ്ടെന്നു വെച്ചു. ഭഗവാൻ സാധാരണ പോലെ നിസ്സംഗനായി, സാക്ഷിമാത്രമായി പുഞ്ചിരി പൊഴിച്ചുകൊണ്ടു നിന്നു . വർത്തമാനം നിർത്തിയപ്പോൾ മനസ്സിൽ പല പല ചിന്തകൾ കയറി . അമ്മമാരോട് നമുക്കെന്തും പറയാം സ്നേഹവും, സന്തോഷാവും, പരാതിയും,പരിഭവവും, ദുഖവും ഒക്കെ ഒരമ്മയോടു പറയുന്നതു പോലെ മറ്റാരോടു പറയും?ഒരു മാതിരി കാര്യങ്ങൾക്കൊക്കെ അമ്മ ആശ്വാസം തരികയും പ്രശ്നങ്ങൾക്ക് എന്തെങ്കിലും പോംവഴി നിർദ്ദേശിക്കയും ചെയ്യും.എന്നാൽ അമ്മാമന്മാരോട്, പ്രത്യേകിച്ചും നിസ്തുല വ്യക്തിത്വത്തിന്റെ ഉടമയും മൂന്നു ലോകങ്ങളിലും ഒരുപോലെ...