തെളിവുള്ള സുപ്രഭാതം. നടക്കാനിറങ്ങിയപ്പോൾ കുളിർ കാറ്റിൽ ആടി രസിക്കുന്ന പച്ചിലകളോടുകൂടിയ ചില്ലകളും പറന്നുയരുന്ന പക്ഷികളും വിടരാൻ വെമ്പുന്ന പൂക്കളും മേഘങ്ങളുടെ കൂടെ ഒളിച്ചുകളിക്കുന്ന സൂര്യനും എല്ലാം എല്ലാം സർവാന്തര്യാമിയായ ഭഗവാൻറെ സാന്നിധ്യം വിളിച്ചു പറയുന്നതായി തോന്നി.എന്റെ ഉള്ളിലും ഒളിച്ചു നിൽക്കുന്ന സർവാന്തര്യാമിയായ ഭഗാവാനെ ഓർത്തോർത്ത് ഞാൻ നടക്കാൻ തുടങ്ങി.
തിരിച്ച് ഒരക്ഷരം മിണ്ടാറില്ലെങ്കിലും ഞാൻ ഭഗവാനോടു എന്റെ പതിവുള്ള വർത്തമാനം ആരംഭിച്ചു. പിന്നെ വേണ്ടെന്നു വെച്ചു. ഭഗവാൻ സാധാരണ പോലെ നിസ്സംഗനായി, സാക്ഷിമാത്രമായി പുഞ്ചിരി പൊഴിച്ചുകൊണ്ടു നിന്നു .
വർത്തമാനം നിർത്തിയപ്പോൾ മനസ്സിൽ പല പല ചിന്തകൾ കയറി .
അമ്മമാരോട് നമുക്കെന്തും പറയാം സ്നേഹവും, സന്തോഷാവും, പരാതിയും,പരിഭവവും, ദുഖവും ഒക്കെ ഒരമ്മയോടു പറയുന്നതു പോലെ മറ്റാരോടു പറയും?ഒരു മാതിരി കാര്യങ്ങൾക്കൊക്കെ അമ്മ ആശ്വാസം തരികയും പ്രശ്നങ്ങൾക്ക് എന്തെങ്കിലും പോംവഴി നിർദ്ദേശിക്കയും ചെയ്യും.എന്നാൽ അമ്മാമന്മാരോട്, പ്രത്യേകിച്ചും നിസ്തുല വ്യക്തിത്വത്തിന്റെ ഉടമയും മൂന്നു ലോകങ്ങളിലും ഒരുപോലെ ബഹുമാന്യനുമായ, അമ്മാമനോട് അങ്ങനെ പരാതിയും പരിഭവവും ഒക്കെ പറയാമോ?
മേൽപറഞ്ഞ ചിന്താധാരയിലുള്ള അമ്മ ആരാണെന്നോ? സാക്ഷാൽ ദുർഗാഭഗവതി അഥവാ വിഷ്ണുമായ. ദുർഗാഭഗാവതിയുടെ സഹോദരനല്ലേ ഭഗവാൻ? അപ്പൊ ഭഗവാനു അമ്മാമൻ സ്ഥാനമല്ലേ? അമ്മാമൻ തന്നെയാണല്ലോ അമ്മക്ക് ഈ ദൃശ്യപ്രപഞ്ചത്തിന്റെ മുഴുവൻ മാതൃസ്ഥാനം കൽപ്പിച്ചു കൊടുത്തത്? സർവശക്തിയും സർവാധികാരവും സഹോദരിക്ക് ഭഗവാൻ നൽകി. മായയാൽ തപ്തരായി ഉഴലുന്നവരെയൊക്കെ സഹായിക്കാൻ കഴിവും കരുണയും ദേവിയിൽ കോരിനിറച്ചു. പിന്നെ പിന്നിലേക്കു മാറി നിന്നു .
അമ്മ കരുണാമയിയാണ്. മക്കളുടെ ദുഖത്തിലും സുഖത്തിലും ദുഖിക്കയും സന്തോഷിക്കയും ചെയ്യുന്നു. മക്കളുടെ കർമഭാണ്ഡങ്ങളും പേറിയുള്ള യാത്രയിൽ സദാ സഹായഹസ്തം നീട്ടുന്നു.ഭഗവാന്റെ സാനിധ്യത്തിൽ തന്നെ ആ വാത്സല്യം വഴിഞ്ഞൊഴുകുന്ന മുഖത്തു നോക്കി ഞാൻ എന്റെ ലൌകിക പരാതികളും പരിഭവങ്ങളും ദുഖവും ഒക്കെ അമ്മയോട് പറയാൻ തുടങ്ങി. പുഞ്ചിരിച്ചു കൊണ്ട് ഭഗവാൻ എന്നെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു . ദേവീമാഹാത്മ്യവും സൗന്ദര്യലഹരിയുമൊക്കെ ചൊല്ലി സ്തുതിച്ച് പ്രാർഥിച്ചു.
അമ്മയോടെല്ലാം പറഞ്ഞതിനു ശേഷം ഞാൻ നമ്മുടെ അമ്മാമനെ, കണ്ണനെ, ശ്യാമസുന്ദരനെ, നോക്കി. എന്നോടും എന്തു വേണമെങ്കിലും പറഞ്ഞോളൂ എന്ന ഭാവത്തിൽ പുഞ്ചിരിച്ചു നില്ക്കുന്ന അദ്ദേഹത്തോട് ഞാൻ എന്റെ ജീവിതയാത്രയിലെ ദുഖങ്ങളൊന്നും പറഞ്ഞില്ല്യ. അദ്ദേഹം ഒന്നും ചോദിച്ചുമില്ല്യ. എന്ത് ചോദിക്കാൻ? എന്ത് പറയാൻ? സർവാന്തര്യാമിയല്ലേ? എന്റെ ഉള്ളിലും, മറ്റെല്ലാവരുടേയും ഉള്ളിലും അമ്മയായ ദുർഗാദേവിയുടെ ഉള്ളിലും വസിക്കുന്ന അത്ഭുതപ്രതിഭാസമല്ലേ ഭഗവാൻ വാസുദേവൻ?സ്വന്തം സഹോദരിയെ മായാസംബന്ധമായ എല്ലാ കാര്യങ്ങളും പരിപൂർണമായി ഏൽപ്പിച്ച് വെറും സാക്ഷിമാത്രമായി സദാ നമ്മുടെ കൂടെ കഴിയുന്ന ആളോട് എന്തു ചോദിക്കാൻ?
ഒന്ന് ബോധ്യമായി. ഭഗവാനെ കറ കളഞ്ഞു സ്നേഹിക്കുക. മറ്റൊന്നും വേണ്ട.ആവശ്യങ്ങളും സുഖദുഖങ്ങളും ദ്വന്ദങ്ങളെല്ലാം തന്നെയും അദ്ദേഹമറിയേണ്ട. ഒക്കെ ഞാൻ അമ്മയോട് മാത്രം പറയും. അവിദ്യയിൽ പതിഫലിക്കുന്ന, കണ്ണൻറെ പ്രതിബിംബമായ ഞാൻ ബിംബമായി താദാത്മ്യം പ്രാപിക്കുന്നതുവരെ കണ്ണനെ കലവറയില്ല്യാതെ സ്നേഹിക്കും. ജന്മജന്മാന്തരങ്ങൾ വേണ്ടി വന്നാലും വിഷമമില്ല്യ. സ്നേഹം അർപ്പിക്കാൻ അനശ്വരനായ ഒരാൾ ഉണ്ടല്ലോ? വരാനിരിക്കുന്ന ജന്മങ്ങളിലെല് ലാം അഹൈതുക ഭക്തി നൽകണേ എന്ന് അമ്മയോട് തന്നെ പ്രാർഥിക്കട്ടെ!
സാക്ഷിമാത്രമായ സർവാത്മാവേ! മായയിൽ പ്രതിബിംബിച്ച സർവേശ്വരനേ, അനന്തകോടി നമസ്കാരം! അവിദ്യയിൽ ആണ്ടു മുങ്ങുമ്പോൾ നീ എനിക്ക് കൃഷ്ണനാണ്. എൻറെ ആനന്ദ സ്രോതസ്സ്. അതേ എനിക്കറിയൂ. മറ്റെല്ലാം പുസ്തകങ്ങളിലും എൻറെ മനസ്സിന്നതീതമായും വര്ത്തിക്കുന്നു.
ശ്രീകൃഷ്ണാ ർപ്പണമസ്തു
Comments
Post a Comment