കൃഷ്ണന്റെ കൂടെ
കൃഷ്ണന്റെ കൂടെ നടക്കാനിറങ്ങിയാൽ വഴിയിലുള്ള മുർഘടങ്ങൾ ഒന്നുമറിയില്ലെന്ന് മാത്രമല്ല, വഴിയിലെ ദൃശ്യങ്ങളൊന്നും തന്നെ മനസ്സിൽ തങ്ങി നില്ക്കുകയുമില്ല. ഏതോ ഒരു സുഖമുള്ള ഒഴുക്കിൽ അനായാസം ഒഴുകി നടക്കുന്ന പോലെ ഒരു അനുഭവം.. സങ്കല്പത്തിലെങ്കിലും ഞാൻ ആ സുഖത്തിന് വളരെ വളരെ വിരളമായേ അർഹത നേടാറുള്ളു.
നാരായണീയം മുഴുവൻ വായിക്കുകയും ഭഗവാന്റെ മാഹാത്മ്യങ്ങളെപ്പറ്റി അറിയാവുന്നത്ര പറയുകയും ചെയ്ത് കഴിഞ്ഞപ്പോൾ മനസ്സിൽ എന്തോ ഒരു സുഖം അനുഭവപ്പെട്ടു. പിറ്റേ ദിവസം മനസ്സുകൊണ്ട് കുറച്ചു നേരം കൃഷ്ണനെ അനുഗമിക്കാൻ സ്നേഹപൂർവം കൃഷ്ണൻ അവസരം നൽകി.
നടക്കാനിറങ്ങിയ ഞാൻ മുമ്പിൽ നടക്കുന്ന കൃഷ്ണനെ മാത്രം കണ്ടു.
എവിടേക്ക് പോകുന്നുവെന്നോ എതു വഴി പോകുന്നുവെന്നോ ഞാൻ എവിടെയാണെന്നോ ഒന്നും ചോദിക്കാൻ തോന്നിയില്ല. ഞാനങ്ങനെ കൃഷ്ണന്റെ പിന്നിൽ ചിന്തകൾ അസ്തമിച്ച മനസ്സോടെ ഒഴുകി നടന്നു. ആശകളില്ല ആശങ്കകളില്ല, ചോദ്യോത്തരങ്ങളില്ല. ആ യാത്ര എന്നും അവസാനിക്കാതി രുന്നെങ്കിൽ എന്നു പോലും ആശിച്ചില്ല. എപ്പഴാണെന്നറിയില്ല കൃഷ്ണൻ അകന്നകന്നു പോകാൻ തുടങ്ങി. അപ്പോൾ ഉറക്കെ വിളിച്ചു ചോദിച്ചു:
''കൃഷ്ണ , എന്നിൽ നിന്ന് അകന്നകന്ന് പോകയാണോ? "
കൃഷ്ണൻ പറഞ്ഞു:
"വിഷമിക്കേണ്ട. നാലു ദിക്കുകളിലും നാലു കോണുകളിലും മുകളിലും താഴെയും നോക്കൂ. എന്റെ ഈ രൂപം കാണാം. എല്ലാവരുടെ കൂടെയും ഞാനെപ്പോഴുമുണ്ട്. അടുത്തു ഞാനുണ്ടെന്ന് സങ്കൽപ്പിച്ച് എപ്പോഴും എന്നോട് സംവദിച്ചോളൂ. എനിക്ക് മടുപ്പു തോന്നില്ല. നിങ്ങളുടെയെല്ലാം ഉള്ളിൽ സദാ വസിക്കുന്ന എനിക്ക്, നിങ്ങൾ ആ വാസ്തവം അറിയാതെ, എന്നെ തീരെ അവഗണിച്ച് ദു:ഖഭാരങ്ങൾ സ്വയം പേറി നടക്കുന്നത് കാണുമ്പോൾ വല്ലാത്ത സങ്കടം. എല്ലാം ഞാനുമായി പങ്കിടൂ. എല്ലാ ഭാരങ്ങളും എന്റെ ചുമലിൽ ഇറക്കി വെക്കൂ: ഒരിക്കലും പശ്ചാത്തപിക്കേണ്ടി വരില്ല. പകരം ആനന്ദം മാത്രം നിറഞ്ഞ ഒരു മനസ്സ് ഞാൻ നൽകാം. പിന്നെ ജീവിതയാത്ര സുഗമം. പിന്നെ അവസാനം ഞാനുമായി സംഗമവും സായൂജ്യവും."
ഞാൻ പത്തു ദിക്കുകളിലും നോക്കി. എല്ലാ ദിക്കിലും കൃഷ്ണൻ പുഞ്ചിരി തൂകി നിൽക്കുന്നു. കൃഷ്ണ എന്റെ സങ്കൽപങ്ങൾക്ക് ഭഗവാൻ എന്നും എപ്പോഴും വിഷയമായി ഭവിക്കcണ!
Comments
Post a Comment