തുളസിക്കതിർ
മൂന്നു തുളസിച്ചെടികളുണ്ട്. എല്ലാറ്റിലും ഭഗവദ്പാദപത്മങ്ങളെ നുകരാൻ വെമ്പുന്ന കുറെ തുളസിയിലകളുമുണ്ട്.
രാവിലെ ഭഗവാനർപ്പിക്കാനുള്ള കുറച്ച് തുളസീദളങ്ങൾ എടുക്കാൻ, തുളസീദേവിക്ക് ആദ്യം ഭഗവാന്റെ പാദങ്ങളിൽ വെച്ച ശുദ്ധജലം നൽകി, ദേവിയെ നമസ്ക്കരിച്ച്, ഞാൻ അനുവാദം ചോദിക്കാൻ ഭാവിക്കുകയായിരുന്നു. മൂന്നു ചെടികളിൽ വെച്ച് വലിയ ചെടിയുടെ അനുവാദം ചോദിച്ചു. കാറ്റിൽ ഉലഞ്ഞാടി എല്ലാ ദളങ്ങളും വളരെ സന്തോഷത്തോടെ ഭഗവത്പാദങ്ങളിലെത്താനുള്ള അടങ്ങാത്ത ആഗ്രഹത്തോടെ തലയാട്ടി. ഒപ്പം തന്നെ മറ്റു ചെടികളിലുള്ള സർവ്വദളങ്ങളും അവരുടെ ആഗ്രഹം കാറ്റിൽ ചാഞ്ചാടി അറിയിച്ചു.
ശരിക്കും ഞാൻ ധർമ്മസങ്കടത്തിലായി. പത്തു പന്ത്രണ്ടു ഇലകൾ എടുത്ത് ഭഗവാന് എന്നത്തേയും പോലും ചാർത്താനായിരുന്നു ഞാൻ വിചാരിച്ചത്. ഞാനെന്തു ചെയ്യാം? എല്ലാ ദളങ്ങളും എന്നെ നുള്ളിയെടുക്കൂ എന്ന് പറഞ്ഞ് എന്നെ നോക്കുന്നു. മൂന്ന് ചെടികളിലും കൂടി എത്രയെത്ര തുളസീദളങ്ങളാണ് ! കൈകൾ അടുത്തു കൊണ്ടുപോകുമ്പോഴേക്കും മന്ദമാരുതനെ കൂട്ടുപിടിച്ച് എല്ലാവരും എന്റെ കൈകൾക്കു നേരെ ചായുന്നു! "കൃഷ്ണ ഞാനെന്തു ചെയ്യേണ്ടൂ " എന്ന് ഞാൻ ഉറക്കെ പറഞ്ഞു പോയി.
കണ്ണടച്ച് കൃഷ്ണനെ ധ്യാനിച്ചു. കൃഷ്ണ, അങ്ങക്ക് പ്രിയമേറിയ ഈ ദളങ്ങളിൽ ഞാനേതിനെയൊക്കെ പറിച്ച് ഭഗവത്പാദങ്ങളിലർപ്പിക്കണം? അതിന് ഭാഗ്യമില്ലാതെ വന്നവർക്ക് ദുഃഖമാവില്ലേ? അങ്ങയുടെ വിരഹം സദാ അനുഭവിക്കുന്ന അവരെ ഞാനെങ്ങനെ ദു:ഖിപ്പിക്കും?
പെട്ടെന്ന് ഒരു നല്ല ആശയം കൃഷ്ണൻ മനസ്സിൽ പ്രകാശിപ്പിച്ചു. വേഗം അകത്തുപോയി തുളസി ചാർത്താറുള്ള കുഞ്ഞിക്കുഷ്ണനെ ഞാൻ വാരിയെടുത്ത് പുറത്തു വന്ന് ആ പാദങ്ങൾ കൊണ്ട് ആ മൂന്നു ചെടികളേയും പല തവണ പല സ്ഥലങ്ങളായി തൊട്ടു. കാറ്റിലാടി അവർ തെരുതെരെ കൃഷ്ണപാദങ്ങൾ ചുംബിച്ചുകൊണ്ടിരുന്നു. കുറെ നേരം എല്ലാ ചെടികളേയും തൊട്ടുകൊണ്ട് കൃഷ്ണൻ നിന്നു.
അവർക്ക് സന്തോഷമായപോലെ എനിക്കനുഭവപ്പെട്ടു. പിന്നെ വലിയ ചെടിയിൽ നിന്നേതാനും ഇലകളെടുത്ത് അകത്ത് പൂജാമുറിയിൽ വന്ന് എന്റെ കുഞ്ഞികൃഷ്ണൻറെ കാലിൽ ചാർത്തി. ആ പാദങ്ങളിൽ പലവുരു നമസ്ക്കരിച്ചു. കാലിൽ അഭയം തേടി ആ തുളസീദളങ്ങൾ എന്നെ നോക്കി പുഞ്ചിരിക്കുന്ന പോലെ തോന്നി. അതിൽ ഞാൻ കൃഷ്ണന്റെ പുഞ്ചിരിയും കണ്ടുവോ?
എത്രയോ കോടി കോടി തുളസീദളങ്ങളിൽ വളരെ കുറച്ചു മാത്രം ഭഗവദ് പാദങ്ങളിലെത്തുന്നു. എത്രയോ കോടി കോടി ഭക്തജനങ്ങളിൽ വളരെ കുറച്ചു സുകൃതികൾ മാത്രം ഭഗവദ്പാദങ്ങളിലെത്തുന്നു!
പ്രത്യക്ഷകൃഷ്ണനായ ഭാഗവതഗ്രന്ഥത്തിനെ നമസ്ക്കരിച്ച് ഞാൻ പ്രാർഥിച്ചു: കൃഷ്ണ ! ജന്മജന്മാന്തരങ്ങൾ താണ്ടിയെങ്കിലും ഈ തുളസീദളങ്ങളെപ്പോലെ ആ പാദം അണയാൻ അനുഗ്രഹിക്കണേ! '
ഭവേ ഭവേ യഥാ ഭക്തി പാദയോ: തവ ജായതേ
തഥാ കുരുഷ്വ ദേവേശ നാഥസ്ത്വം നോ യത: പ്രഭോ
സാവിത്രി പുറം
നവംബർ 23, 2022
Comments
Post a Comment