കർക്കിടകത്തിലും കണ്ണന്റെ കൂടെ കണ്ണടയുമ്പോള്‍ ------------------- കരിമുകിൽവർണനതാ കണ്ണുനീർതൂകുന്നവരേയും കണ്ണിൽ പുഞ്ചിരി വിരിയുന്നവരേയും കണ്ണിൽ നിസ്സംഗത തളം കെട്ടി നിൽക്കുന്നവരേയും ഒന്നും നോക്കാതെ കണ്ണുമടച്ചിരുന്നു മുരളികയൂതുന്നു . ചുടുകണ്ണീർ തളം കെട്ടി നിൽക്കുന്നതിനാൽ എനിക്ക് കണ്ണനേയും കാണുന്നില്ല്യ. ഞാൻ കണ്ണടച്ചു. തളം കെട്ടിനിന്നിരുന്ന കണ്ണീർ ഒഴുകാൻ തുടങ്ങിയപ്പോൾ ഞാൻ ഉൾക്കണ്ണുകൊണ്ട് അതിനെ പിന്തുടർന്നു. അതങ്ങനെ പ്രതിബന്ധങ്ങളില്ല്യാതെ ഒഴുകാൻ തുടങ്ങി. ഇരുട്ടിൽകൂടി പല വളവുകളും തിരിവുകളും പിന്നിട്ടു കുതിക്കുന്ന ആ കണ്ണീർ പ്രവാഹത്തിനെ പിന്തുടരുമ്പോൾ എനിക്കൊട്ടും ക്ഷീണം തോന്നിയില്ല്യ. അങ്ങനെ കുറേനേരം പോയി ആ കണ്ണീരരുവി ഒരു പ്രഭാപൂരിതമായ ഗുഹയിലേക്ക് കുതിക്കുന്നു. ഞാൻ പിന്നാലെ ചെന്നു. താമസിയാതെ അതിന്റെ ഗതി നിലച്ചു. അതെത്തേണ്ടിടത്തെത്തിയെന്നു തോന്നി. ആ അരുവി പ്രകാശമാനമായ എന്തോ ഒന്നിനെ തുടർച്ചയായി തഴുകുന്നു, കഴുകുന്നു, നമിക്കുന്നു, ഞാൻ സൂക്ഷിച്ചു നോക്കി. അതാ ആ കാണുന്നത് ഞാനെപ്പോഴും കാണാൻ കൊതിക്കുന്ന പാദപങ്കജങ്ങളല്ലേ? അതെ. എനിക്കിപ്പോൾ കാഞ്ചനനൂപുരങ്ങളും കാണാം. അതാ അനുഗ്രഹങ്ങൾ ന...