കണ്ണനുള്ള കത്ത് 2. പ്രിയം നിറഞ്ഞ കണ്ണാ, ഗോവിന്ദകോകിലം എന്നോടു പറഞ്ഞ കണ്ണൻറെ ബാലലീലയും ഞാൻ കോകിലത്തിനോട് പറഞ്ഞ കണ്ണൻറെ ബാലലീലയും പറയാം. സ്വന്തം ലീലകൾ വല്ലവരുടേയും ഭാവനയിൽ തളിർത്തതാണെങ്കിലും കണ്ണന് കേൾക്കാൻ വിരോധമില്ലെന്ന് എനിക്ക് മനസ്സിലായിട്ടുണ്ട്. അതുകൊണ്ടാണ് ട്ടൊ പറയാൻ തീർച്ചയാക്കിയത്' കോകിലം പറഞ്ഞ കണ്ണൻറെ കുസൃതി ഞാനാദ്യം കേൾക്കുകയായിരുന്നു. എന്താണെന്നോ? ഒരു ദിവസം കണ്ണൻ ഗോപന്മാരോടൊത്ത് ഒരു തടാകക്കരയിലെ കവുങ്ങുകളിൽ കയറി കളിക്കുകയായിരുന്നുവത്രെ. ഒരു കവുങ്ങിൽ നിന്ന് മറ്റൊരു കവുങ്ങിലേക്ക് ആഞ്ഞ് ചാടിക്കളിക്കും. വലിയ സാഹസമാണെങ്കിലും കണ്ണൻറെ നേതൃത്വത്തിൽ ഒരാപത്തുമില്ലാതെ അവർ കുട്ടിക്കുരങ്ങൻമാരെപ്പോലെ കവുങ്ങിൽ നിന്ന് കവുങ്ങിലേക്ക് ആനന്ദമഗ്നരായി ചാടിക്കളിച്ചു. അതിനിടെ കണ്ണൻ പെട്ടെന്ന് അടുത്തുള്ള തെങ്ങിൻമേലേക്കൊരു ചാട്ടം. ചാടിയ ഉടനെ ഒരു വലിയ നാളികേരം "അയ്യോ'' എന്ന നിലവിളിയോടെ തടാകത്തിലേക്കിട്ടു. പാവം ഗോപന്മാർ! ഭഗവാൻറെ ദൈന്യശബ്ദം ആയുസ്സിലൊരിക്കലും കേൾക്കാത്ത അവർ, ഭഗവാൻ തടാകത്തിൽ തലകുത്തി വീണെന്ന് കരുതി ചാടിയിറങ്ങി തടാകതീരത്തെത്തി. മാറിലടിച്ച് കരഞ്ഞു കൊണ്ട് അവർ "കൃഷ്ണ...