കൃഷ്ണന്റെ കുസൃതി 2
കൃഷ്ണന്റെ കുസൃതി തുടർന്നു . വിളക്കു കൊളുത്തി പ്രഭാതത്തിൽ നിത്യമായി ചൊല്ലാറുള്ള മന്ത്രങ്ങളും സ്തോത്രങ്ങളും ചൊല്ലി കാപ്പികുടിക്കാൻ തയാറായി. കാപ്പി തണുത്തിരിക്കുന്നു. മൈക്രോവേവിൽ 30 സെക്കന്റുകൾ ചൂടാക്കി പാലും പഞ്ചസാരയും ചേർത്തു കഴിക്കാൻ തുടങ്ങി. ചൂടു പോര, സാരമില്ല്യ, അത്ര നന്നായാൽ മതി ഇന്നെന്നു കരുതി രണ്ടു വായ കുടിച്ചു. അതാ കൃഷ്ണൻ പറയുന്നു: "എന്തിനിങ്ങനെ നന്നല്ലെന്നു മനസ്സിൽ തോന്നി കഴിക്കുന്നു? ഒന്നോർക്കണേ, ഞാനാണ് നിന്റെ ഉള്ളിൽ വൈശ്വാനരനായി എല്ലാം ഭക്ഷിക്കുന്നത്. ഇതും എനിക്ക് നൽകുന്ന നൈവേദ്യമാണെന്നു കൂട്ടിക്കോളൂ. അങ്ങനെ കരുതിയാൽ പിന്നെ നല്ലതെന്ന് തോന്നുന്നതേ കഴിക്കൂ. ഞാൻ പറഞ്ഞെന്നേയുള്ളൂ. ഉചിതം പോലെ ചെയ്യൂ."
ശരിയല്ലേ? എന്റെ മണ്മറഞ്ഞ വന്ദ്യമാതാവ് പറഞ്ഞതോർമ്മവന്നു. "ഒരു കപ്പു കാപ്പിയാണെങ്കിലും ഭഗവാനു നൽകാനുള്ളതാണെന്നു വിചാരിച്ചുണ്ടാക്കണം. എന്നാൽ നമ്മൾ നമ്മുടെ പരമാവധി കഴിവുപയോഗിച്ചു ചെയ്യുമല്ലോ? എല്ലാം ഭഗവാനർപ്പിക്കാൻ സാധിച്ചാൽ മറ്റെന്തു വേണം? " അത് തന്നെയല്ലേ കൃഷ്ണൻ ഇപ്പോൾ പറഞ്ഞതും? ഒരു കാര്യം മാത്രം . കൃഷ്ണൻ എല്ലാം പറയും, എന്നിട്ട് ഉചിതം പോലെ ചെയ്തോളൂ എന്നും പറഞ്ഞ് ചിരിക്കും. അത്ഭുതപ്പെടാനെന്തിരിക്കുന്നു? ഉപനിഷത്തുക്കളെ ആറ്റിക്കുറുക്കി ഗീതാമൃതമാക്കി പാർഥനുപദേശിച്ചതിനു ശേഷവും കൃഷ്ണൻ ഇതുതന്നെ പറഞ്ഞു : "അർജുനാ , ഞാൻ എല്ലാം നിനക്ക് പറഞ്ഞുതന്നു. ഇനി നിന്റെ ഇഷ്ടം പോലെ ചെയ്യുക." ഇതാണ് കൃഷ്ണന്റെ വിരുത് . ഉള്ളിലിരുന്നു പറയും. പിന്നെ സാക്ഷിമാത്രമായി നിൽക്കും. മാത്രമല്ല, പലപ്പോഴും മന്ത്രിക്കയേ ഉള്ളു. പ്രത്യേകിച്ചും സ്വന്തം തീരുമാനങ്ങളിൽ അഭിമാനിച്ചും ബഹുമാന്യരെന്ന് വിചാരിക്കുന്ന മറ്റുപലരുറ്റടേയും അഭിപ്രായം, കൃഷ്ണനോടു ഒന്ന് സൂചിപ്പിക്കുകപോലും ചെയ്യാതെ, സർവാത്മനാ അംഗീകരിക്കുകയും ചെയ്യുമ്പോൾ കൃഷ്ണൻ സ്വരം നന്നേ താഴ്ത്തും. എങ്കിലും ഒരിക്കലും നമ്മെ ഓർമിപ്പിക്കാതിരിക്കില്ല്യ . നമ്മുടെ മനസ്സിലെ ബഹളത്തിൽ അതിനെ അവഗണിക്കുന്നത് നമ്മുടെ മാത്രം കുറ്റമല്ലേ? അങ്ങനെ ഞാൻ എത്ര എത്ര പ്രാവശ്യം ആ ദിവ്യസ്വരത്തെ മനപ്പൂർവവും അല്ലാതെയും അവഗണിച്ചു? ഇപ്പോഴും അവഗണിക്കുന്നുണ്ടാകണം. കാരണം അത് കേട്ട് ചിന്തകളെ കൃഷ്ണനിലേക്ക് കൊണ്ടുവരാനും കൃഷ്ണാനുഗ്രഹം തന്നെ വേണം. അനുഗ്രഹത്തിൽ നിന്ന് തുടങ്ങി അനുഗ്രഹത്തിൽ തന്നെ സ്ഥിതി ചെയ്ത് , അനുഗ്രഹത്തിൽ തന്നെ അവസാനിക്കുന്ന ഒരു അസാമാന്യ പ്രതിഭാസമാണ് ഈ കുസൃതി കൃഷ്ണൻ. അല്ലാതെന്തു പറയാൻ?
ഭഗവാന്റെ ഇതേ വിരുതു നമുക്ക് മഹാഭാരതത്തിലും ഭാഗവതത്തിലും ഉടനീളം
കാണാം. രണ്ടു ചെറിയ ഉദാഹരണങ്ങൾ പറയാം. വ്യാസഭാഗവാൻ തെളിച്ചു പറയാതെ പറഞ്ഞ കഥകൾ ധിഷണാശാലികളായ വ്യാഖ്യാതാക്കൾ പറഞ്ഞിട്ടുണ്ട് . കൃഷ്ണമിത്രങ്ങളും കൃഷ്ണബന്ധുവുമായ ധർമപുത്രർ എന്തേ ചൂതിനു തോൽക്കാൻ കാരണം? ദൂര്യോധനൻ സാഹായത്തിനു അമ്മാമാനായ ശകുനിയെ വിളിച്ചപ്പോളെങ്കിലും ധർമപുത്രർക്ക് കൃഷ്ണനോടു സഹായം ചോദിക്കുക പോയിട്ട്, ഒന്ന് താൻ ചെന്നുവീണ മഹാഗർത്തത്തെപ്പറ്റി സൂചിപ്പിക്കുകയെങ്കിലും ചെയ്യാമായിരുന്നില്ല്യേ? കൃഷ്ണൻ ചെവിയിൽ സ്നേഹപൂർവ്വം മന്ത്രിച്ചതൊന്നും ചൂതുകളിയുടെ ആവേശത്തിമർപ്പിൽ കേൾക്കാൻ കഴിഞ്ഞില്ല്യ. അല്ലെങ്കിൽ ആ ദിവ്യവാണിയെ അവഗണിച്ചു. ഫലം നമുക്കറിയാമല്ലോ?
ഇനി ഉഗ്രസേനമാഹാരാജാവിന്റെ കാര്യം എടുക്കാം. ജാംബവതീസുതനായ സാംബനെ ഇരുമ്പുലക്ക പ്രസവിക്കട്ടെ എന്ന് മഹർഷിമാർ ശപിച്ചുവല്ലോ? വിവരമറിഞ്ഞ ഉഗ്രസേനൻ ആ പരിഭ്രമത്തിൽ കൃഷ്ണൻ അറിയാതെ അത് രാകിപ്പൊടിക്കാൻ ഏർപ്പാടു ചെയ്തു. പരമാത്മാവായ കൃഷ്ണൻ അറിയാതെ എന്തെങ്കിലും ചെയ്യാൻ കഴിയുമോ? ഒരു ജീവിതം മുഴുവൻ കൃഷ്ണനെ അറിഞ്ഞിട്ടും രാജാവിന് കൃഷ്ണനോടു അതിനെന്തു പ്രതിവിധി ചെയ്യണമെന്നു ചോദിക്കാൻ വൈമനസ്യം. ഇവിടേയും ആ ദിവ്യവാണിയെ, അവഗണിച്ചു. കൃഷ്ണൻ അറിഞ്ഞിരുന്നെങ്കിൽ സാംബനെ രക്ഷിക്കുമായിരുന്നോ? ആ കഥ നിൽക്കട്ടെ . രക്ഷിച്ച സന്ദർഭങ്ങളിലെല്ലാം ഒന്ന് നമുക്ക് കാണാം, ദ്രൗപദിയാണെങ്കിലും, അംബരീഷമഹാരാജാവാണെങ്കിലും, ഗജേന്ദ്രനാണെങ്കിലും, ഭഗവാനെ നിരുപാധികം ആശ്രയിച്ചു . "എന്നെ ആശ്രയിക്കൂ" എന്ന ശബ്ദം മറ്റെല്ലാ ശബ്ദങ്ങള്ക്കിടയിലും അവർ കേട്ടു, അനുസരിച്ചു.
പുതിയയതായി ഉണ്ടാക്കിയ കാപ്പികുടിച്ചു വായകഴുകിവന്നു ഞാൻ പ്രാർഥിച്ചു: "ഭഗവാനേ, മറ്റൊന്നും ചോദിക്കുന്നില്ല്യ. ഓരോനിമിഷത്തിലും അങ്ങ് തരുന്ന ദിവ്യനിർദ്ദേശങ്ങൾ ഞാൻ കേൽക്കുമാറാകണേ! അവയുടെ ഗുണദോഷങ്ങളെപ്പറ്റി വേവലാതിപ്പെടാതെ, അതെല്ലാം അങ്ങയിൽ അർപ്പിച്ച്, അങ്ങയുടെ ഹിതം എന്റെയും ഹിതമായി അംഗീകരിക്കാൻ അനുഗ്രഹിക്കണേ! "
അഹങ്കാരം വീണ്ടും തലപൊക്കുന്നതിനു മുൻപ് ഒരു നിമിഷാർദ്ധം എനിക്ക് ആനന്ദം അനുഭവപ്പെട്ടുവോ?
അതും അറിയില്ല്യ.
ശ്രീകൃഷ്ണാർപ്പണമസ്തു
Comments
Post a Comment