കൃഷ്ണന്റെ കുസൃതി 3
ശ്രീക്രിഷ്ണാർപ്പണമസ്തു
സാധാരണ പതിവുള്ളപോലെ കുറച്ചൊരായാസത്തിനുവേണ്ടി നടക്കാൻ പോകാമെന്നു കരുതി. ബ്രഹ്മശ്രീ നൊച്ചൂർജിയുടെ ആദ്ധ്യാത്മിക പ്രഭാഷണങ്ങൾ കേട്ടുകൊണ്ട് നടക്കുന്നത് ഒരാനന്ദം തന്നെയാണ് . അങ്ങനെ ഞാൻ പലതവണ കേട്ട ഭഗവദ് ഗീതയിലെ ഭക്തിയോഗത്തിനെ പറ്റിയുള്ള പ്രഭാഷണപരമ്പരയിലെ ആറാം ഭാഗവും കേട്ടു നടക്കാൻ തുടങ്ങി. കേൾക്കാൻ വളരെ ഇഷ്ടമാണെങ്കിലും, എത്ര മാത്രം എനിക്ക് ഉൾക്കൊള്ളാൻ കഴിയുന്നുണ്ട് എന്നൊന്നും എനിക്കറിയില്ല്യ. അതിനെപ്പറ്റി വേവലാതിപ്പെടാറുമില്ല്യ. മനസ്സിന്നതീതമായ കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചിട്ടു കാര്യമില്ലെന്ന് അദ്ദേഹം തന്നെ പല തവണ പറഞ്ഞിട്ടുണ്ട് . യോഗവാസിഷ്ഠപ്രഭാഷണത്തിന്റെ ആദ്യം അദ്ദേഹം അതെടുത്തു പറയുന്നുണ്ട്-- "ദയവുചെയ്ത് മനസ്സിലാക്കാൻ ശ്രമിക്കരുതേ. ഈ ശ്രവണം നിങ്ങളിൽ ഉണ്ടാക്കുന്ന തരംഗങ്ങളുടെ ശക്തി സ്വയം പ്രവർത്തിച്ചു ഫലം തരട്ടെ." അതെവിടേയോ ഉണർത്തുന്ന, ഉലർത്തുന്ന അദൃശ്യമായ ശക്തിയിൽ വിശ്വസിച്ച് ഞാൻ വെറുതെ കേൾക്കുന്നു . മനസ്സിലായില്ലെങ്കിലും എന്തോ ഒരു സുഖാനുഭൂതി അത് നമ്മളിൽ ചൊരിയുന്നു. ഗീതാപ്രവചനങ്ങളിൽ കൃഷ്ണസാന്നിദ്ധ്യം നിറഞ്ഞു നിൽക്കയാണല്ലോ? അതിനാൽ മറ്റെന്തെങ്കിലും ചിന്തിക്കാൻ ഒട്ടും തോന്നിയില്ല്യ. നടക്കുന്നതിനിടയിൽ ചിന്തക്ക് വക നൽകുന്ന ഒരു കാര്യമുണ്ടായി. എതിരേ വരുന്ന ഒരു സ്ത്രീ കുശലം ചോദിച്ചു. ഇയർ ഫോണ്‍ മാറ്റി രണ്ടുമൂന്നു വാക്കുകളിൽ അങ്ങോട്ടും ഇങ്ങോട്ടും വര്ത്തമാനം പറഞ്ഞു. ആ സ്ത്രീ നടന്നകന്നു. ഇയർ ഫോണ്‍ ചെവിയിൽ വെക്കുന്നതിനു മുൻപ് നടപ്പാതയിൽ എന്റെ മുൻപിലായി ഒരു കുഞ്ഞുപക്ഷി ഇരിക്കുന്നത് ഞാൻ കണ്ടു. പറക്കാൻ വിഷമമുള്ളപോലെ തോന്നി. ഞാൻ കുറച്ചു മാറി നിന്നു. അപ്പോഴേക്കും ഒരു വലിയ പക്ഷി അവിടെയെത്തി. അതിന്റെ ചിറകുകൊണ്ടു തള്ളിത്തള്ളി ഒരു മരത്തിന്റെ തണലിലാക്കി. അതിന്റെ അരികിൽ ഏതാണ്ട് അഞ്ചു മിനിട്ടോളം ഇരുന്നു. രണ്ടും കൂടി പറന്ന് തൊട്ട മരത്തിൽ പോയി ഇരുന്നു. എനിക്കാശ്വാസമായി. അതോടൊപ്പം എന്റെ ചിന്ത ആ തള്ളപ്പക്ഷിയുടെ മാതൃസ്നേഹത്തിലേക്ക് വഴുതി വീണു. ലോകത്തിന്റെ മുഴുവൻ അമ്മയായ, കൃഷ്ണഭഗിനിയായ, മഹാത്രിപുരസുന്ദരിയേയും, എല്ലാ അമ്മമാരെയും, എന്റെ അമ്മയേയും, അമ്മയായ എന്നേയും ഓർത്തു. കൃഷ്ണനോടു പരിഭവിച്ചു: കൃഷ്ണ! കൃഷ്ണന്റെ ഈ നേരമ്പോക്കുണ്ടല്ലോ, ഈ മാതൃസ്നേഹം കുത്തിവെക്കുന്ന നേരമ്പോക്ക് , അതാണീ ജീവജാലങ്ങളെയെല്ലാം വലക്കുന്നത്. തിരിച്ചൊന്നും പ്രതീക്ഷിക്കാത്ത സ്നേഹമാണെങ്കിലും അത് മൂലം വല്ലാത്ത സംഗം. മക്കൾ സുഖമായിരിക്കയാണെന്നറിഞ്ഞാൽ മാത്രം മതി എന്ന് പറഞ്ഞു സംഗമില്ല്യെന്നു നടിക്കാം. പക്ഷെ അവർ ദുഖിക്കുന്നത് കണ്ടാൽ നാട്യങ്ങൾ പമ്പകടന്നു അവരോടൊപ്പമോ അതിലധികമോ ദുഖിക്കുന്നു. അവരെ രക്ഷിക്കേണ്ട പൂർണ ചുമതല തനിക്കാണെന്നു വിശ്വസിച്ചു ഒരുങ്ങി പുറപ്പെടുകയും ചെയ്യുന്നു. സ്വന്തം മാതാപിതാകളെ കൃഷ്ണൻ കരയിച്ചു , യശോദാമമയെയും കരയിച്ചു, അദിതിയേയും, കുന്തിയേയും ദ്രൗപദിയേയും, എന്തിനേറെ ഭൂമീദേവിയേയും ഈ മാതൃസ്നേഹത്താൽ കരയിച്ചു. ഇതിന്റെ പൊരുൾ എന്താ കൃഷ്ണ? ഈ വേണുഗാനവും പുഞ്ചിരിയും ഒന്ന് നിർത്തി എല്ലാമാതാക്കൾക്കും വേണ്ടി കാര്യം പറഞ്ഞു തരൂ. പെട്ടെന്ന് കെ എം മുൻഷിയുടെകൃഷ്ണാവതാര എന്നാ പുസ്തകത്തിലെ ചില വരികൾ എന്റെ ഓർമയിൽ വന്നു. അതിൽ കാമുകിയെപ്പറ്റിയാണു കൃഷ്ണൻ പറഞ്ഞിരിക്കുന്നത്. എങ്കിലും കുറച്ചു മാറ്റി അതിനെ ഇവിടേയും ഉചിതമാകാമെന്നു എന്നെ കൃഷ്ണൻ തന്നെ തോന്നിപ്പിച്ചതാണെന്ന് വിശ്വാസത്തിൽ ഞാൻ ഉദ്ധരിക്കുന്നു:
Build an altar of devotion around them (children); offer them the most precious thing you can offer; then they will give you the warmth and strength of the sacrificial fire. The sacrificial fire gives blessings only to the one who offers all, not to the one who demands all".
സ്വന്തം കുട്ടികളിൽ ഈശ്വരനെ കണ്ടു സ്നേഹിക്കുക, മാത്രമല്ല്, ആശകളും പ്രതീക്ഷകളും ഇല്ല്യാതെ നിരുപാധികമായി സ്നേഹിക്കുക. അവർ തന്നെ ഈശ്വരസ്വരൂപന്മാരായി നമ്മളെ അനുഗ്രഹിക്കും, അഥവാ, അനുഗ്രഹിക്കുന്നതായി അനുഭവപ്പെടും. അങ്ങനെ ശ്രമിക്കാം എന്ന് കരുതി പ്രഭാഷണശ്രവണവും തുടർന്നു വീട്ടിൽ തിരിച്ചെത്തി .
കർക്കിടകമാാസമാായതിനാൽ രാമായണം വായിക്കാറുണ്ട് . കാലും മുഖവും കഴുകി വായിക്കാനിരുന്നു. കിഷ്ക്കിന്ധാകാണ്ഡത്തിന്റെ അവസാനത്തെ ഭാഗമായി. അത് കഴിഞ്ഞ് സുന്ദരകാണ്ഡം തുടങ്ങിയപ്പോൾ അതിലും രസം. ലങ്കാലക്ഷ്മീമോക്ഷത്തോടെ നിർത്തി . പിന്നെ ഹനുമാനെപ്പറ്റിയായി എന്റെ ചിന്ത. രാമൈകശരണനായ ഹനുമാനെപ് പറ്റി ഓർത്തപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു. ആ ഭക്തദാസനെ നമസ്കരിച്ചുകൊണ്ട് തത്കാലം വിരമിക്കട്ടെ.
യത്ര യത്ര രഘുനാഥകീർത്തനം
തത്ര തത്ര കൃത മസ്തകാഞ്ജലിം
ബാഷ്പവാരിപരിപൂർണലോചനം
മാരുതിം നമത രാക്ഷസാന്തകം
Comments
Post a Comment