കൃഷ്ണന്റെ കുസൃതി 4
ശ്രീകൃഷ്ണാർപ്പണമസ്തു
ശ്രീകൃഷ്ണാർപ്പണമസ്തു
നമ്മുടെ ജീവിതത്തിലെ എത്ര ചെറിയ കാര്യങ്ങളിലും കൃഷ്ണൻ ഇടപെടുമെന്നും നാം കൃഷ്ണന്റെ കൈയ്യിലെ വെറും ഉപകരണങ്ങൾ മാത്രമാണെന്നും തെളിയിക്കുന്ന ഒരു കൊച്ചു സംഭവവും ഞാൻ പാചകം ചെയ്യുന്നതിനിടയിൽ ഉണ്ടായി. കുറച്ചു മോരൊഴിച്ച കൂട്ടാനും കായകൊണ്ട് പെരട്ടിഉപ്പേരിയും (മെഴുക്കുപുരട്ടി, തോരൻ എന്നീ പദങ്ങൾ ഞാൻ വളരുന്ന പ്രായത്ത് വള്ളുവനാട്ടിൽ അത്ര സാധാരണയായിരുന്നില്ല്യ.) വെക്കാനായിരുന്നു എന്റെ പുറപ്പാട്. കായനുറുക്കി പ്രഷർ കുക്കറിൽ വെക്കാൻ റെഡിയായി. ഞാൻ ഇതിനിടയിൽ ബ്രഹ്മശ്രീ നൊചൂർജിയുടെ പ്രഭാഷണവും കേൾക്കുന്നുണ്ടായിരുന്നു . കുക്കറിന്റെ ഗാസ്കറ്റ് വെക്കാൻ ഭാവിക്കുമ്പോൾ നോചൂര്ജി പറയുന്നു, (അതേ നിമിഷത്തിൽ!!!)
"കണക്കിലുമുണ്ട് ഭഗവാനും മായയും ഒളിഞ്ഞു കിടക്കുന്നു. പൂജ്യം എന്ന അക്കം എടുക്കുക. പൂജ്യം പൂർണമാണ് , അതിനെ വലിക്കാനോ നീട്ടാനോ പറ്റില്ല്യ. പൂജ്യം ഭഗവാനാണ്. അതുകൊണ്ടുതന്നെയാണ് പൂജ്യം അഥവാ deserving respect എന്ന പേർ വന്നത്. കുക്കറിന്റെ ഗാസ്കറ്റ് പൂജ്യം പോലെ വട്ടത്തിലല്ലേ? അതിനെ മടക്കിയാൽ എട്ടാകും (8 എന്ന അക്കം). അതാണ് മായ. നടുക്കിൽ കുടുക്കിട്ട പൂജ്യം. (He used the word strangulated zero) "
മായ ഭഗവാന്റെ സൃഷ്ടിയാണല്ലോ ? 8 പൂർണമല്ലെങ്കിലും അപൂർണവുമല്ല . 8 എന്ന അക്കത്തേയും നീട്ടാനും വലിക്കാനും പറ്റില്ല്യ. എന്തിനാണ് ഭഗവാൻ ഇതിപ്പോൾ എന്നെ കേൾപ്പിച്ചത്? അപൂർണമായ ഈ ജഗത്ത് പൂർണമായ ഭഗവാൻ തന്നെയാണു എന്നു പറയാനാണോ? ആ ഗാസ്കെറ്റിലും പൂജ്യനായ ഭഗവാനെ കാണണം, അങ്ങനെ എല്ലാറ്റിലും ഭഗവത്സാന്നിദ്ധ്യം കാണണം എന്ന് പറയുകയാണോ? ഒന്നുറപ്പാണ് . ഇനി ഞാൻ കുക്കറിന്റെ ഗാസ്കെറ്റിനെ പൂർണതയെ കുറിക്കുന്ന ഒരു വസ്തുവും കൂടി ആയി കാണും. എന്റെ കഴിവിന്റെ പരിമിതി നല്ലവണ്ണം അറിയുന്ന ഭഗവാൻ ഓരോ കൊച്ചു കാര്യങ്ങളിൽക്കൂടി, നിത്യോപയോഗസാധനങ്ങളിൽക്കൂടി, ഭഗവത് സാനിദ്ധ്യം കാണിച്ചു തരുന്നു. കൃഷ്ണ, നന്ദി പറയാൻ വാകക്കുകളില്ല്യ.
കുറച്ചു വെള്ളരിക്കയും ചേമ്പും നുറുക്കി അത് വെന്തപ്പോൾ മോരിന്റെ പാത്രമെടുക്കാൻ ഫ്രിഡ്ജ് തുറന്നു. കുറച്ചു വലിയ പാത്രമായിരുന്നു. ഒരു കൈകൊണ്ട് ഫ്രിഡ്ജ് തുറന്നു പിടിച്ച് മറ്റേ കൈകൊണ്ട് എടുക്കാമെന്ന് കരുതി. ഉടനെ കൃഷ്ണൻ പറഞ്ഞു : "അത് ഘനം അധികമാണ്. സൂക്ഷിക്കണം.". അപ്പോഴേക്കും ഫോണ്‍ അടിച്ചു. Unknown name എന്ന് കണ്ടതിനാൽ എടുത്തില്ല്യ. ഫ്രിഡ്ജ് തുറന്ന് കൃഷ്ണൻ പറഞ്ഞതിനെ അവഗണിച്ച് ഒറ്റ കൈകൊണ്ടുതന്നെ പാത്രമെടുത്തു.. ഫ്രിഡ്ജ് അടക്കുന്നതിനു മുൻപ് തന്നെ പാത്രം താഴെ എന്റെ കാലിൽ തന്നെ വീണു. തൈര് പോയെന്നു മാത്രമല്ല്, കാലും മുറിഞ്ഞു. കൃഷ്ണൻ ചിരിച്ചിട്ടുണ്ടാവും . പാത്രം വീണ ശബ്ദത്തിൽ ഞാൻ ആ ചിരി കേട്ടില്ല്യ. കാലു കഴുകുമ്പോഴും, തൈര് തുടച്ചു വൃത്തിയാക്കുമ്പോഴും കൃഷ്ണൻ ഒന്നും പറഞ്ഞില്ല്യ. പാത്രത്തിൽ ബാക്കി വന്ന തൈരുപയോഗിച്ച് കൂട്ടാൻ പണി മുഴുവനാക്കിയപ്പോൾ കൃഷ്ണൻ പതുക്കെ പറഞ്ഞു : "നിന്റെ മനസ്സിന്റെ സാക്ഷിയായി ഞാൻ നിന്റെ കൂടെ എപ്പോഴുമുണ്ട്. എന്റെ നിർദ്ദേശങ്ങൾ ചിലപ്പോൾ ശ്രദ്ധിക്കാതിരിക്കുന്നത് മനുഷ്യസഹജമാണ്. അതിൽ വിഷ്മിക്കണ്ട. ഒരിക്കലും വിട്ടുപോകാത്ത സന്തത സഹചാരിയാണ് ഞാൻ. എന്നെ അറിയാൻ ആവുന്നത്ര ശ്രമിക്കൂ. എന്റെ നിർദ്ദേശങ്ങൾ ആവുന്നത്ര ശ്രദ്ധിക്കൂ. അതിന് ആത്മാർഥതയോടെ പ്രയത്നിക്കൂ. "
ഭഗവാന്റെ സ്നേഹത്തിനു മുന്നിലൽ എന്റെ കണ്ണു നിറഞ്ഞൊഴുകി. ഞാൻ ഭഗവാന്റെ വാക്കിനെ കേൾക്കാതെ തോന്നിവാസം കാണിച്ച് വിഷമത്തിലായപ്പോഴും എന്നോട് ഒരു നീരസവും കാണിക്കാതെ ഒരിക്കലും വിട്ടുപോകാത്ത സന്തത സഹചാരിയാണ് ഞാൻ എന്ന് പറയുന്നു! ഇങ്ങനെ മറ്റാരു പറയും? ഞാൻ ഭാഗവതത്തിലെ പുരഞ്ജനന്റെ കഥ ഓർത്തു. പുരഞ്ജനൻ എത്ര അവഗണിച്ചിട്ടും ആ 'അജ്ഞാതനാമ" എന്ന സുഹൃത്ത് ജന്മാവസാനം വരേയും പിന്നത്തെ ജന്മത്തിലും, കൂടെ നിന്ന് നേർവഴി കാട്ടി. കരുണാസാഗരനാണ് ഭഗവാൻ. എത്ര എത്ര ജന്മങ്ങൾ ആയി സന്തത സഹചാരിയായി എന്നെ പതുക്കെ പതുക്കെ ഭാഗവാനിലേക്ക് നയിക്കുന്നു ? ക്ഷമയോടും സ്നേഹത്തോടും ഇനിയും എത്രകോടി ജന്മങ്ങൾ എന്നെ കൈപിടിച്ചുയർത്തണം? എന്നെപ്പോലെ അജ്ഞതയുടെ അഗാധഗർത്തത്തിൽ കിടക്കുന്നവരേയും വലിയ വലിയ ജ്ഞാനികളേയും ഭഗവാൻ ഒരുപോലെ കാണുന്നു. സമയോചിതവും സന്ദർഭോചിതവൂം ആയ നിർദ്ദേശങ്ങൾ നല്കുന്നു. കഴമ്പൊന്നാണെങ്കിലും അർജുനനനും ഉദ്ധവനും ഉപദേശങ്ങൾ നൽകിയതൊരുപോലെയല്ലല്ലോ? ഭഗവാന്റെ ഈ സ്നേഹവും വാത്സല്യവും തന്നെയാണെന്റെ ശക്തി, ഏകശക്തി എന്നോർക്കുമ്പോൾ സകല ഭവഭയവും ഭയന്നോടുന്നു. കാരണം ഭയവും ഭയപ്പെടുന്നവനാണ് ഭഗവാ ൻ എന്ന് ഭാഗവതം തന്നെ പറയുന്നുണ്ടല്ലോ? ഒരിക്കലും വിട്ടുപോകില്ല്യെന്നു ഉറപ്പു തരാൻ മറ്റാരുണ്ട് ? എന്റെ പരിമിതികളെ നല്ലവണ്ണം മനസ്സിലാക്കി എന്നെ നയിക്കാൻ സർവദാ എന്റെ കൂടെയുണ്ടെന്നതിൽ കവിഞ്ഞ് ഇനി എന്തൊരനുഗ്രഹമാണു എനിക്ക് വേണ്ടത് ? എന്റെ എല്ലാ ആഗ്രഹങ്ങളും ആ അനുഗ്രഹത്തിൽ ലയിക്കട്ടെ!! ആഗ്രഹം അനുഗ്രഹമാകുന്നത് ലൗകികകാര്യങ്ങളെ ഗ്രഹിക്കുന്നത് അഥവാ അവയുടെ പിന്നാലെ ഓടുന്നത് നിർത്തി , ഭഗവദ് പാദങ്ങളെ ഗ്രഹിക്കാൻ പ്രേരിപ്പിച്ചുകൊണ്ട് , ഭഗവാൻ കാരുണ്യം ചൊരിയുമ്പോഴാണത്രെ! അതെല്ലാവർക്കും ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു.
Comments
Post a Comment