കൃഷ്ണന്റെ കുസൃതി 5
ശ്രീകൃഷ്ണാർപ്പണമസ്തു
ഭാഗവതത്തിലെ വിരാട്സ്വരൂപവർണനം ഓരോ പ്രാവശ്യം വായിക്കുമ്പോഴും അത്ഭുതവും അതിലേറെ സന്തോഷവും തോന്നാറുണ്ട്. സാധാരണ നമ്മുടെ വിചാരം ഈശ്വരനെ നമ്മുടെ ബാഹ്യനേത്രങ്ങൾ കൊണ്ട് കാണാനും കൈകൾകൊണ്ട് തൊടാനും പറ്റില്ല്യെന്നാണല്ലൊ? പക്ഷെ വിരാട്പുരുഷന്റെ വർണന വായിക്കുമ്പോഴൊക്കെ എന്റെ ആ ചിന്ത കുറച്ചുനേരത്തേക്കെങ്കിലും മാറും. കാരണം നമ്മൾ വിരാട്പുരുഷന്റെ ഭാഗം തന്നെയാണ്. നാം മാത്രമല്ല നാം കാണുന്നതും തൊടുന്നതും മനസ്സിലൂടെ അനുഭവിക്കുന്നതും ഒക്കെ ഭഗവാന്റെ സ്ഥൂലരൂപം ആണെന്ന് ഭാഗവതം വ്യക്തമായും പറയുന്നു. ആദ്യം ശ്വസിക്കുന്ന വായു എടുക്കാം. ഭഗവാന്റെ നിശ്വാസം ആണ് നമ്മൾ ശ്വസിക്കുന്നത്. മലകളും പുഴകളും നമുക്ക് തൊടാൻ കഴിയുമല്ലോ? അവ ഭഗവാന്റെ എല്ലുകളും രക്തധമനികളുമാണ്. ആമാശയമായ സമുദ്രവും നമുക്ക് തൊടാം. മരങ്ങളും വള്ളികളും ഭഗവാന്റെ ശരീരത്തിലെ രോമങ്ങൾ. മേഘം മുടി, സന്ധ്യകൾ വസ്ത്രങ്ങൾ . അതൊക്കെ നാം കാണുന്നു. അങ്ങനെ വിരാട്പുരുഷന്റെ ഭാഗമായ നാം സദാ ആ ദിവ്യപുരുഷനെ കാണുകയും തൊടുകയും മനസ്സിനാൽ ആ സാന്നിദ്ധ്യം അനുഭവിക്കയും ചെയ്യുന്നു. സകല ചരാചരങ്ങളും ഭഗവാന്റെ സ്ഥൂലരൂപത്തിന്റെ ഭാഗമാണ്. മായാവലയം നമ്മുടെ സ്വസ്വരൂപത്തെ അറിയാൻ സമ്മതിക്കാതെ നമ്മെ കൊണ്ടുനടക്കുന്നു. ചുരുക്കം ചില നിമിഷങ്ങളിൽ മായാവലയം നീക്കി ഭഗവാൻ തന്നെ നമ്മളെ കാണിക്കുന്നു. പിന്നേയും നാം വലയത്തിലാകുന്നു.
ഈ വിചാരധാരകളാൽ നിറഞ്ഞ മനസ്സുമായി ഞാൻ മെയിൽബോക്സിൽ എഴുത്തുണ്ടോ എന്ന് നോക്കാൻ പുറത്തേക്ക് നടന്നു. ഒന്ന് രണ്ടു ജങ്ക് മെയിൽ ഉള്ളതെടുത്ത് മടങ്ങി വരുമ്പോൾ ഒരു ചെറിയ തൂണിൽ മാറാല കെട്ടിയത് കണ്ടു. അതിൽ ഒരു ചെറിയ എട്ടുകാലിയും. മുണ്ഡകോപനിഷത്തിലെ "യഥോർണനാഭി : .... എന്ന് തുടങ്ങുന്ന ശ്ലോകം ഓർമ്മ വന്നു. അർത്ഥം ഇതാണ് ":എപ്രകാരമാണോ എട്ടുകാലി തന്നില്നിന്നു തന്നെ നൂലുണ്ടാക്കി വലകെട്ടുകയും ആവശ്യം കഴിഞ്ഞാൽ ആ നൂലുകളെ തന്നിലേക്കു തന്നെ വലിക്കുകയും ചെയ്യുന്നത് അതുപോലെ നാശമില്ല്യാത്ത ബ്രഹ്മത്തിൽനിന്നു ഈ ജഗത്തുണ്ടാവുകയും ലയിക്കുകയും ചെയ്യുന്നു " . പ്രകൃതിയിൽ നോക്കിയാൽ നമുക്ക് എല്ലാം ഗുരുക്കന്മാരാണ്. ഭാഗവതം പല പല കഥകളിൽ കൂടിയും, പല പല സ്തുതികളിൽ കൂടിയും പല പല ഉപദേശങ്ങളിൽ കൂടിയും ഇക്കാര്യം സദാ നമ്മെ ഓർമിപ്പിച്ചു കൊണ്ടിരിക്കുന്നു. രാവിലെ യദുമഹാരാജാവും അവധൂതനായ ദത്താത്രേയ ഗുരുവുമായുള്ള സംഭാഷണം വായിച്ചതിനാൽ ആയിരിക്കണം ഈ ഊർണനാഭിയെ അഥവാ എട്ടുകാലിയെ കണ്ടപ്പോൾ ഇതൊക്കെ ഓർമയിൽ വാരാൻ കാരണം. മനസ്സിന്നതീതമായ പരബ്രഹ്മത്തെ നമുക്ക് മനസ്സിലാക്കാൻ കഴിയില്ലെന്ന് അറിഞ്ഞാണല്ലോ കൃഷ്ണരൂപത്തിലും ശ്രീരാമരൂപത്തിലും ഒക്കെ ഭഗവാൻ അവതരിച്ചത്? അതിനാൾ കൃഷ്ണനിൽ നിന്നെല്ലാം ഉണ്ടാകുന്നു, കൃഷ്ണനിൽ സ്ഥിതി ചെയ്യുന്നു , കൃഷ്ണനിൽ ലയിക്കുകയും ചെയ്യുന്നു എന്ന് പറയുമ്പോൾ അതേ തത്വം സരളമായി തോന്നുന്നു. അതും കൃഷ്ണന്റെ കുസൃതിയിൽ പെടുന്നു.
തിരിച്ചു വീട്ടിനകത്ത് കയറിയപ്പോൾ അടുക്കളയിൽ അസാധാരണമായി കുറെ ഉറുമ്പുകൾ വരി വരിയായി പോകുന്നു. വേനൽക്കാലമായതിനാൽ തണുപ്പന്വേഷിച്ചു വന്നതായിരിക്കണം. ഏതായാലും അതിനെ കൊല്ലാൻ തോന്നിയില്ല്യ. പതുക്കെ ഒരു പേപ്പർ ടവൽ അതിന്റെ മാർഗത്തിൽ വെച്ച് എല്ലാ ഉറുമ്പുകളും അതിൽ കയറിയപ്പോൾ പതുക്കെ അതെടുത്ത് വരാന്തയുടെ അരികിൽ മുറ്റത്തോടു ചേര്ത്തു വെച്ചു വാതിലടച്ചു. അപ്പോഴാണ് മനുഷ്യജന്മം ലഭിച്ച എന്റെ സുകൃതത്തിനെപ്പറ്റി ഞാൻ ഒരു നിമിഷം ആലോചിച്ചത്. വൃക്ഷങളായും പുല്ലുകളായും ജലജന്തുക്കളായും പുഴുവായും പാറ്റയായും പക്ഷിയായും കാട്ടുമൃഗങ്ങളായും നാട്ടുമൃഗങ്ങളായും ഇഴജന്തുക്കളായും എത്ര എത്ര ജന്മങ്ങൾ കൃഷ്ണൻ എന്റെ കൂടെ ചിലവഴിച്ചതിനു ശേഷമാണ് ഉന്തി ഉന്തി എന്നെ മനുഷ്യജന്മത്തിലേക്കെത്തിച്ചത് ? പ്രകൃതിയുടെ പ്രേരണകൾക്കു പൂർണമായും വിധേയമായി, തീരെ വിവേചനശക്തിയില്ല്യാതെ എത്രയോ ജന്മങ്ങൾ ജനിച്ചും ജീവിച്ചും മരിച്ചും കഴിച്ചു കൂട്ടിയ എന്നെ കൈവിടാതെ മനുഷ്യജന്മത്തിലേക്കു കരകയറ്റിയ ആ ജഗത് പ്രഭുവിന്റെ സീമാതീതമായ കാരുണ്യത്തെ കുറിച്ചോർത്തപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. കപിലമഹർഷി അമ്മയായ ദേവഹൂതിക്കുള്ള ഉപദേശത്തിൽ പറഞ്ഞപോലെ ഞാനും എന്റെ അമ്മയുടെ ഉദരത്തിൽ കിടക്കുമ്പോൾ ഭഗവാനോട് പറഞ്ഞിരിക്കാം:"
ഭഗവാനേ, എനിക്കിനി ജന്മം വേണ്ട. ഞാൻ ഈ ഉദരത്തിൽ നിന്ന് പുറത്തു വന്നാൽ എപ്പോഴും ഭഗവത്സ്മരണയോടെ ജീവിച്ചു അങ്ങയെ പ്രാപിച്ചുകൊള്ളാം." ആ ചെയ്ത സത്യമൊക്കെ ഉദരത്തിൽ നിന്ന് പുറത്തേക്കുള്ള ആ ദുസ്സഹമായ പ്രയാണത്തിൽ മറ്റു പലരേയും പോലെ ഞാനും മറന്നു. അതിലുമില്ല്യ കൃഷ്ണന് പരിഭവം. കൃതഘ്നയായ എന്റെ കൂടെ നടന്ന് പല പല കുസൃതികൾ കാട്ടി ദുഖിപ്പിച്ചും സന്തോഷിപ്പിച്ചും കൃഷ്ണന്റെ നിരന്തര സാനിദ്ധ്യം അനുഭവപ്പെടുത്തുന്നു. ഇതിൽ പരം കാരുണ്യം ആർക്കുണ്ടാകും?
ഭക്തവത്സലനായ കൃഷ്ണന് ഭക്തന്മാരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നു നിശ്ച്ചയമില്ല്യാതിരിക്കുമോ? ഭക്തി വർദ്ധിക്കാൻ ദുഖമാണ് വേണ്ടതെങ്കിൽ ദുഃഖം നൽകും, സുഖമാണ് ഭക്തിവർദ്ധകമെങ്കിൽ അത് നൽകും. ദാരിദ്ര്യമാണെങ്കിൽ കുചേലനു നൽകിയപോലെ അതുനൽകും. ദാരിദ്ര്യം ഭക്തി വർദ്ധിക്കാൻ തടസ്സമാകുമെന്നു കണ്ടപ്പോൾ കുചേലന് സമ്പത്ത് നൽകി. ആ സമ്പത്ത് ഭക്തി കുറക്കുകയില്ലെന്നു ഉറപ്പായപ്പോഴാണു നൽകിയത് . മാത്രമല്ല, ദുഃഖം അനുഭവിക്കുമ്പോൾ ഭക്തന്റെ മനസ്സില് തോന്നിപ്പിക്കും: "പ്രാരബ്ധകർമാനുസൃതമായി ഞാൻ അനുഭവിക്കുന്ന ഈ ദുഃഖം ഭഗവാനോട് അടുക്കാനുള്ള ദിവ്യ സോപാനമാണ്. ഭഗവത് സാന്നിദ്ധ്യം എപ്പോഴും അനുഭവപ്പെടണേ !" അതേപോലെ ഭൌതികസുഖങ്ങൾ അനുഭവിക്കുമ്പോഴും ഭക്തന്റെ മനസ്സില് ഭഗവാൻ തോന്നിപ്പിക്കും: " ഇതൊന്നും ശാശ്വതമല്ല. അതിനാൽ എന്റെ മനസ്സിൽ സദാ ഈശ്വരസ്മരണയുണ്ടാകണേ! വിവേകവും വിനയവും സർവഭൂതദയയും മനസ്സിൽ നിറയണേ!" വെറും സാക്ഷിമാത്രമായി ഇത്ര സ്നേഹത്തോടെ നമ്മെ കൊണ്ടുനടക്കാൻ മറ്റാരുണ്ട്? ആ പതിഞ്ഞ സ്വരത്തിലുള്ള അശരീരികൾ എന്നും കേൽക്കുമാറാകണേ !
Comments
Post a Comment