കൃഷ്ണന്റെ കുസൃതി 6
ശ്രീകൃഷ്ണാര്‍പ്പണമസ്തു
ആകാശം കറുത്തിരുണ്ടിരിക്കുന്നു. എപ്പോള്‍ വേണമെങ്കിലും മഴ പെയ്യാം. ആ മഴക്കാര്‍ കണ്ടപ്പോള്‍ കൃഷ്ണനേയും കൃഷ്ണന്റെ തലമുടിയും ഒക്കെ ഓര്‍മ വന്നു. വില്വമംഗലം ശ്രീകൃഷ്ണകര്‍ണാമൃതത്തിലെ ഒരു ശ്ലോകത്തില്‍ കൃഷ്ണനെഅങ്ങകലെ കണ്ട് മയിലുകള്‍ മഴക്കാറ് ആണെന്ന് കരുതി സന്തോഷപൂര്‍വം നൃത്തം ചെയ്യാന്‍ തുടങ്ങി എന്ന് പറയുന്നുണ്ട്. അത് കവിഭാവനയാകാം. എങ്കിലും തെളിഞ്ഞ നീലാകാശം കാണുമ്പോള്‍ ഉണ്ടാകുന്ന അതേ സന്തോഷം തന്നെ അളക്കാന്‍ കഴിയാത്തത്ര ശുദ്ധജലവും ഏന്തി നില്‍ക്കുന്ന മേഘാവൃതമായ ആകാശം കാണുമ്പോഴും എനിക്ക് തോന്നുക പതിവാണ്. എന്തുകൊണ്ടാണ് കൃഷ്ണനെ കാര്‍മേഘവര്‍ണന്‍ എന്ന് വിളിക്കുന്നതെന്ന് ഞാന്‍ എപ്പോഴും ആലോചിക്കും. നിറം കൊണ്ടു മാത്രമല്ല എന്നാണ് എന്റെ നിഗമനം. ശുദ്ധജലം മേഘങ്ങളില്‍ സംഭരിച്ചു വെച്ചിരിക്കുന്നതുപോലെയാണ് നിസ്സീമകാരുണ്യം ഭഗവാനില്‍ നിറച്ചു വെച്ചിരിക്കുന്നത്. മഴ വര്‍ഷിച്ചു മേഘങ്ങള്‍ വരണ്ടുണങ്ങിയ ഭൂമിക്കു കുളിര്‍മയും ആശ്വാസവും നല്കുന്നപോലെ സംസാരതാപത്തില്‍ വെന്തെരിയുന്നവരില്‍ കൃഷ്ണന്റെ കുസൃതി നിറഞ്ഞ കാരുണ്യം തളിച്ച് കുളിര്‍മയേകുന്നതുകൊണ്ടല്ലേ ഈ പേര്‍ വന്നത്? അറിയില്ല്യ. കൃഷ്ണനെ പറ്റി എന്ത് വിചാരിക്കാനും പറയാനും എല്ലാവര്ക്കും അവകാശമുണ്ടല്ലോ?
ചിലപ്പോൾ എനിക്ക് കൃഷ്ണനോട് പരിഭവം തോന്നും. തുടർച്ചയായി പന്ത്രണ്ട് ഏകാദശി ന്നോൽക്കാൻ പുറപ്പെട്ട എന്റെ ആഗ്രഹം ഇടക്കു വെച്ചു ഒരേകാശി മറന്നു പോയതിനാൽ വെള്ളത്തിലായി. അത് ഉച്ചക്ക് ഊണ് കഴിഞ്ഞപ്പോൾ ആണ് ഓർമ വന്നത്. സങ്കടമായി. കൃഷ്ണനോട് ഞാൻ പരിഭവിച്ചു പറഞ്ഞു: "എല്ലാ കാര്യങ്ങളും പതുക്കെ പറഞ്ഞു തരുന്ന ആൾ എന്തേ എന്നെ ഓർമിപ്പിക്കാഞ്ഞത്? അതൊരു വല്ലാത്ത ചതിയായി "എന്നൊക്കെ. എന്റെ ജൽപ്പനങ്ങൾ അല്ല ഞാൻ പറയാൻ ഉദ്ദേശിക്കുന്നത്, മറിച്ച് കൃഷ്ണന്റെ മറുപടി വിസ്തരിക്കട്ടെ. കൃഷ്ണൻ പതുക്കെ പറഞ്ഞു : "ദേഷ്യപ്പെട്ടോളൂ , എത്രവേണമെങ്കിലും ദേഷ്യപ്പെട്ടോളൂ. അതും എനിക്കിഷ്ടമാണെന്ന് ഭാഗവതം വായിച്ചിട്ടും മനസ്സിലായില്ല്യേ?" പിന്നെ കൃഷ്ണൻ ഒന്നും മിണ്ടിയില്ല്യ. പെട്ടെന്ന് എന്റെ ദേഷ്യം പമ്പ കടന്നു. ശരിയാണ്. കഷ്ടം! ഭാഗവതത്തിൽ വിദ്വേഷഭക്തിയെപ്പറ്റി എത്ര വ്യക്തമായി പറഞ്ഞിരിക്കുന്നു? ഇതിനു പുറമെ
ശ്രവണം കീർത്തനം വിഷ്ണോ: സ്മരണം പാദസേവനം
അർച്ചനം വന്ദനം ദാസ്യം സഖ്യം ആത്മനിവേദനം
എന്നീ നവവിധ ഭക്തികളെപ്പറ്റിയും നമുക്ക് പറഞ്ഞുതരുന്നു. ഇതൊന്നും വയ്യാത്ത ശുണ്ഠിക്കാർക്കും വഴക്കാളികൾക്കും വേണ്ടി , അവരെയും രക്ഷിക്കാൻ വേണ്ടി, വിദ്വേഷഭക്തിയും ഭഗവാൻ അംഗീകരിക്കാൻ തയ്യാറായി.
വൈകുണ്ഠത്തിലെ കാവൽക്കാരായ ജയവിജയന്മാരെ സനകാദി മഹർഷികൾ അസുരന്മാരാകാൻ ശപിച്ചുവല്ലോ? മൂന്ന് ജന്മങ്ങൾ വിദ്വേഷഭക്തിയോടെ ഭഗവാനെ നിരന്തരം സ്മരിച്ചാൽ വീണ്ടും വൈകുണ്ഠവാസികളാകും എന്ന് ശാപമോക്ഷവും കൊടുത്തുവല്ലോ? ഹിരണ്യാക്ഷനും ഹിരണ്യകശിപുവും പിന്നത്തെ ജന്മത്തിൽ രാവണനും കുംഭകർണനുമായി, അവസാനത്തെ ജന്മത്തിൽ ശിശുപാലനും ദന്തവക്ത്രനും ആയി സദാ ഭാഗവാനെ ദ്വേഷിച്ച് ഭഗവാനിൽ ലയിച്ചു. കൊല്ലാൻ വന്ന പൂതനക്കും തന്റെ ആറു മൂത്ത സഹോദരന്മാരെ കൊന്ന, സ്വന്തം മാതാപിതാക്കളെ തുറുങ്കിലിട്ട കംസനും മോക്ഷം കൊടുത്തു. അതിനാൽ സ്നേഹം മാത്രമല്ല, ദ്വേഷവും ഏറ്റുവാങ്ങാൻ ഭഗവാൻ തയ്യാറാണെന്ന് ഭഗവാൻ എത്ര തവണ കാണിച്ചു തന്നു? ഇവരുടെയൊക്കെ ദ്വേഷത്തെ കൈകാര്യം ചെയ്ത ഭഗവാന് നമ്മുടെ പരിഭവങ്ങളൊക്കെ ഒരു രസമാണത്രെ! ഭഗവാൻ പറയുന്നു ദേഷ്യം വന്നാലാണത്രെ സ്മരണയുടെ തീവ്രത കൂടുക. അതിനാൽ നമ്മുടെ ദേഷ്യം കൊണ്ടൊന്നും ഭഗവാനെ ദേഷ്യം പിടിപ്പിക്കാൻ നോക്കണ്ട. ഭഗവാനെ സ്മരിക്കുന്നുണ്ടോ? എങ്കിൽ ഒരു സൂത്രവും ഭഗവാനോട് നടക്കില്ല്യ.
സത്യത്തിൽ അതോർത്തപ്പോൾ എനിക്കെന്നോടു തന്നെ നീരസവും അളവില്ലാത്ത ലജ്ജയും തോന്നി. ചെറിയ കാര്യങ്ങൾ പോലും ഉൾക്കൊണ്ട് ജീവിതത്തിൽ പകർത്താൻ കഴിഞ്ഞില്ലെങ്കിൽ ഞാൻ എന്തിനിനി ഭാഗവതം വായിക്കണം? ചിന്ത കാടു കയറാൻ തുടങ്ങിയപ്പോൾ ഭഗവാൻ പുഞ്ചിരീ എന്ന ആയുധം എന്റെ നേരെ പ്രയോഗിച്ചു. ഉടനെ ഫലമുണ്ടായി. ഞാൻ ശാന്തയായി. ഞാൻ ആലോചിച്ചു: "എനിക്ക് ഭഗവാനോട് ദേഷ്യപ്പെടാനും പരിഭവപ്പെടാനും കയർക്കാനും മിണ്ടാതിരിക്കാനും ഭഗവാനെ സ്നേഹിക്കാനും വെറുക്കാനും ഒക്കെ പൂർണസ്വാതന്ത്ര്യമുണ്ടല്ലോ? മാത്രമല്ല, വേറെ ആരോടും അരുതാത്ത കാമക്രോധലോഭമോഹമദമാത് സര്യാദികളൊക്കെ ഭഗവാനോടാകാം. ഒരേ ഒരു കാര്യം മാത്രമേ ഭഗവാന് നിർബ്ബന്ധമുള്ളു. ഭഗവാനെ മറക്കാൻ പാടില്ല്യ. എങ്ങനെയെങ്കിലും സദാ സ്മരണ വേണം. ഉടനെ എനിക്ക് പറ്റിയ അമളി മനസ്സിലായി. ഏകാദശി നോൽക്കൽ ഞാൻ വെറും ഒരു രസമായി, നിത്യതക്ക് ഒരു വ്യത്യാസമായി , വേണ്ടത്ര ഗൌരവമില്ല്യാതെ എടുത്തു. സത്യത്തിൽ എനിക്ക് ഈ ഏകാദശി നോൽപിൽ വേണ്ടത്ര ആദരവുണ്ടായിരുന്നില്ല് യ എന്ന് ആദ്യമേ തോന്നിയിരുന്നു. എങ്കിലും ആത്മാർഥതയില്ല്യാത്ത ഒരു വാശിപോലെ ഞാൻ എന്നെത്തന്നെ പ്രീതിപ്പെടുത്താൻ ചെയ്തതായിരുന്നു എന്നതിൽ സംശയമില്ല്യ. അതുതന്നെയാണ് ഭഗവാൻ ഓർമിപ്പിക്കാത്തതെന്നു എനിക്ക് ബോദ്ധ്യമായി. ഇതൊക്കെ ഭഗവാന്റെ, ഉള്ളിലിരുന്നുകൊണ്ടുള്ള കുസൃതിയാണെന്നു ഇപ്പോഴേ മനസ്സിലായുള്ളു. ഭഗവാൻ സന്തത സഹചാരിയാണെന്ന കാര്യം മറന്ന് ഒരു സൂത്രവും ഒപ്പിക്കാൻ നോക്കേണ്ടെന്നു വീണ്ടും ബോധ്യപ്പെടുത്തിയതിന് ഭക്തവത്സലനായ ഭഗവാനോട് എത്ര നന്ദി പറഞ്ഞാലാണ് മതിയാവുക? ഇനി ആത്മാർഥമായി തോന്നിയിട്ടേ ഏകാദശി നോൽക്കുന്നുള്ളു. നമ്മുടെ നാട്യങ്ങളൊന്നും ഏറ്റവും വലിയ നടനായ ഭഗവാന് പ്രീതികരമല്ല.. എത്ര എളുപ്പമാണ്! ഒന്നും നടിക്കേണ്ടല്ലോ? മനസ്സിൽ തോന്നുന്ന വികാരങ്ങളൊക്കെ കലവറയില്ല്യാതെ, തെറ്റിദ്ധരിക്കുമോ എന്ന ഭയമില്ല്യാതെ, പറയാൻ എല്ലാവർക്കും ഒരാളുണ്ടല്ലൊ? കുറച്ചു കുസൃതിയാണെങ്കിലെന്താ ? ആകുസൃതിയും ഭഗവാന് ഒരു ഭൂഷണം തന്നെ. നമുക്കോ ഭവഭയഭേഷജവും !
ശ്രീകൃഷ്ണാര്‍പ്പണമസ്തു
Comments
Post a Comment