കൃഷ്ണന്റെ കുസൃതി 7
ശ്രീകൃഷ്ണാർപ്പണമസ്തു
മഴ നല്ലവണ്ണം പെയ്തു തോർന്നു. സൂര്യനും ഉത്സാഹമായി, സദാ തനിക്കു ചുറ്റും പ്രയാണം ചെയ്യുന്ന ഭൂമീദേവിയെ നോക്കി പുഞ്ചിരിച്ചു. അപ്പോഴാണ് മനുഷ്യരൊഴിച്ചുള്ള പ്രകൃതിയിലെ സകല ചരാചരങ്ങളുടേയും പ്രകൃത്യാ ഉള്ള കർത്തവ്യബോധത്തെയും സമയനിഷ്ഠയേയും പറ്റി ഞാൻ ഓർത്തത് .
താക്കോൽ കൊടുക്കാതരുണോദയത്തിൽ
താനേ മുഴങ്ങും വലിയോരലാറം
താനേ മുഴങ്ങും വലിയോരലാറം
ഞാൻ കുട്ടിക്കാലത്ത് നാട്ടിൻപുറങ്ങളിൽ ഇത് സത്യമായിരുന്നു. അന്നൊന്നും പൂവൻ കോഴിയുടെ കൂവൽ കേട്ടുണരാത്ത നാട്ടിൻപുറങ്ങൾ ഉണ്ടായിരുന്നില്ല്യ. ഇന്നറിയില്ല്യ. അതെന്തെങ്കിലുമാകട്ടെ. സൂര്യോദയവും അസ്തമനവും മുറ പോലെ നടക്കുന്നു. നമ്മെപ്പോലെ നിഷ്ഠയില്ല്യായ്മ ഒരിക്കലും അവരിൽ കണ്ടിട്ടില്ല്യ. പക്ഷികളും ,എവിടെയാണെങ്കിലും നേരത്തെ ഉണർന്ന് കലപില കൂടി ഭക്ഷണമന്വേഷിച്ച് പറന്നു പോകുന്നു. സായം സന്ധ്യക്ക് ചേക്കേറുന്നു. മനുഷ്യരൊഴിച്ചു മറ്റെല്ലാ ചരങ്ങളും വിശപ്പുണ്ടെങ്കിൽ മാത്രം ഭക്ഷിക്കുന്നു. വിശേഷബുദ്ധിയുണ്ടെന്നു പറയപ്പെടുന്ന, ഞാനടക്കമുള്ള സാധാരണ മനുഷ്യർ എന്തേ ഇങ്ങനെ അലങ്കോലപ്പെട്ട ശീലങ്ങളിൽ മുഴുകാൻ? ഞാൻ ഭഗവാനോടു ചോദിച്ചു : "അങ്ങ് വിശേഷബുദ്ധി തന്ന് അനുഗ്രഹിച്ച മനുഷ്യൻ എന്തുകൊണ്ട് അവിവേകിയായും, സ്വാർഥിയായും, വിവേചന ശക്തി ഉപയോഗിക്കാതേയും ജീവിതം നയിക്കുന്നു? " ഭഗവാൻ പറഞ്ഞു: " പൂർവജന്മവാസനകളുമായി പിറക്കുന്ന മനുഷ്യൻ മായാവലയത്തിൽ പെടുമ്പോൾ വിവേചന ശക്തി നഷ്ടപ്പെടുന്നു. മൃഗീയവാസനകളും മാനുഷിക വാസനകളും ഇടകലർന്ന് അവൻ മൃഗീയമനുഷ്യനായും മനുഷ്യമൃഗമായും വിലസുന്നു. വിനയവും സർവഭൂതദയയും വർദ്ധിക്കുമ്പോൾ വിവേകവും വിവേചനശക്തിയും തനിയെ പ്രകാശിച്ചു തുടങ്ങുന്നു."
ഭഗവാൻ നല്ല വാക്കുകളിലേ പറയൂ. വിനയം വേണമെങ്കിൽ ശരണാഗതിയടയാൻ മനസ്സ് വേണം. സർവഭൂതദയയും സ്നേഹവും വേണമെങ്കിൽ എല്ലാവരിലും എല്ലാറ്റിലും ഈശ്വരസാന്നിദ്ധ്യം കാണാൻ കഴിയണം.അതേ വേണ്ടൂ.
മഴതോർന്നപ്പോൾ കുട്ടികൾ കെട്ടിനിൽക്കുന്ന വെള്ളത്തിൽ കളിക്കുന്നത് നോക്കി ഞാൻ കുറേ നേരം നിന്നു. അകത്തെത്രയേറെ കളിപ്പാട്ടങ്ങളുണ്ടെങ്കിലും അവർക്കതൊന്നും വേണ്ട. കുട്ടികൾ സന്തോഷത്തിന് മറ്റൊന്നിനേയൊ മറ്റാരെങ്കിലേയുമോ ആശ്രയിക്കുന്നില്ല്യ. കാരണം അവരുടെ മനസ്സിൽ അവരറിയാതെയാണെങ്കിലും ആ സച്ചിദാനന്ദസ്വരൂപന്റെ സാന്നിദ്ധ്യമാണ് നിറഞ്ഞു നിൽക്കുന്നത് . മായാവലയത്തിൽ പതുക്കെ പ്രവേശിക്കും. അതുവരെ അവർ ഭഗവാന്മാർ തന്നെ. ദ്വാപരയുഗത്തിൽ തന്നെ വൃന്ദാവനത്തിൽ ജന്മമെടുക്കണമെന്നില്ല്യ ഭഗവാന്റെ ലീലകൾ കാണാനും ആാസ്വദിക്കാനും എന്ന് ഭഗവാൻ ഭംഗ്യന്തരേണ എല്ലാ കുട്ടികളിലൂടേയും നമുക്ക് കാണിച്ചുതരികയാണ്. മറ്റൊരുതരത്തിൽ പറഞ്ഞാൽ വലിയവരിലും ഭഗവത് ചൈതന്യം കുടികൊള്ളുന്നുണ്ടെങ്കിലും, മായവലയത്തിനപ്പുറത്തുള്ള കുട്ടികളിലെങ്കിലും ഈശ്വരനെ കാണാൻ പരിശീലിക്കൂ എന്ന് ഭഗവാൻ പറയുകയാണെന്ന് എനിക്കെപ്പോഴും തോന്നാറുണ്ട്. ആ പരിശീലനക്കളരിയിൽക്കൂടി നമ്മുടെ ഭൂതദയ വിസ്തൃതമാകട്ടെ! ഈ നിമിഷം ജഗദ്ഗുരു ശങ്കരാചാര്യരുടെ ഷഡ്പദീസ്തോത്രത്തിലെ ആദ്യത്തെ പദം ഓർമവരുന്നു :
അവിനയമപനയ വിഷ്ണോ
ദമയ മന: ശമയ വിഷയമൃഗതൃഷ്ണാം
ഭൂതദയാം വിസ്താരയ
താരയ സംസാരസാഗരത:
ദമയ മന: ശമയ വിഷയമൃഗതൃഷ്ണാം
ഭൂതദയാം വിസ്താരയ
താരയ സംസാരസാഗരത:
(ഏകദേശ അർത്ഥം.)
വിഷ്ണുഭഗവാനേ! എന്റെ അഹംകാരത്തെ അഥവാ വിനയമില്ല്യായ്മയെ ദൂരീകരിക്കണേ! ഇളകിമറയുന്ന മനസ്സിനെ ശാന്തമാക്കണേ! വെറും മരീചികപോലെയുള്ള ലൗകികസുഖങ്ങളോടുള്ള ആസക്തിയെ ശമിപ്പിക്കണേ! എന്റെ ഭൂതദയയെ വിസ്തൃതമാക്കണേ! (അഥവാ എന്നോടു കാണിക്കുന്ന ഭൂതദയ വിസ്തൃതമാക്കണേ! എന്നുമാകാം ) ഈ സംസാര സാഗരം തരണം ചെയ്യാൻ അനുഗ്രഹിക്കണേ!
ദയയുടെ ഉറവിടം സ്നേഹം തന്നെയാണല്ലോ? സ്നേഹം സ്വന്തം കുടുംബാംഗങ്ങളിൽ നിന്നും പുറത്തുപോകുമ്പോൾ, അതിന്റെ പരിമിതി വിസ്തൃതമായി ലോകം മുഴുവൻ നിറയുമ്പോൾ, അത് ദയയായി മാറുന്നു. ആ ദയയേയും സ്നേഹത്തിനേയും തന്നെയല്ലേ ഭഗവദ് സ്നേഹം അഥവാ ഭക്തി എന്ന് പറയുന്നത്? ആ കലവറയില്ല്യാത്ത സ്നേഹം നമുക്കേവർക്കും എല്ലാവരോടും ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കാം.
സാമ്പാറിന് കുറച്ചു പരിപ്പ് വെച്ച് അതിൽ കുറച്ചു ഉരുളക്കിഴങ്ങും രണ്ടു കാരറ്റും മൂന്ന് നാല് വഴുതിനങ്ങ കഷ്ണവും ഇട്ടു ഒന്ന് മെയിൽ നോക്കാൻ കമ്പ്യൂട്ടറിന്റെ മുൻപിൽ ഇരുന്നു. അപ്പോഴേക്കും കഷ്ണം തിളച്ചു മറിയാൻ തുടങ്ങി. വല്ലാതെ തിളക്കുന്നു. ഗ്യാസ് കുറച്ചു. ഉടനെ എല്ലാ കഷ്ണങ്ങളും താഴെ പാത്രത്തിന്നടിയിൽ വന്നു നിന്നു . അത് കണ്ടപ്പോൾ പണ്ടെങ്ങോ വായിച്ച ഒരു കഥയും അതിനെ മനുഷ്യന്റെ അഹംകാരവുമായി താരതമ്യം ചെയ്തതും ഓര്‍മ്മ വന്നു. വെട്ടിത്തിളക്കുമ്പോൾ ഉരുളക്കിഴങ്ങും വഴുതിനങ്ങയും അവയ്ക്ക് ജീവനും ശക്തിയും ഉണ്ടെന്ന് വിചാരിച്ചു അഭിമാനിക്കും, തമ്മിൽ അവനവന്റെ കേമത്തത്തെപ്പറ്റി പറയുകയും ചെയ്യുമത്രേ. എന്നാൽ അവ സ്വയം ചാടുന്നതാണോ? പാത്രത്തിനടിയിലെ ഗ്യാസ് നിർത്തിയാൽ അവയുടെ ചാട്ടവും നിൽക്കും. അത് പോലെയല്ലേ നമ്മളും? ഞാനാണ് കര്ത്താവ്, ഞാനാണ് ഭോക്താവ് എന്നൊക്കെ നമ്മൾ സദാ ചിന്തിക്കുന്നു. തന്റെ കഴിവുകൊണ്ടാണ് എല്ലാം നേടിയെടുത്തതെന്ന് വൃഥാ അഭിമാനിക്കുന്നു. തോൽവിയിൽ പഴി മറ്റുള്ളവരിൽ സൌകര്യപൂർവം ചാരുന്നു. കഷ്ടം! ഈശ്വരന്റെ ശക്തി ഒന്ന് കൊണ്ടു മാത്രം നാമെല്ലാം ശക്തിമാന്മാരാകുന്നു എന്നല്ലേ ഭഗവാൻ ഇപ്പോൾ എനിക്ക് പിന്നേയും കാണിച്ചു തന്നത്? താഴെ കത്തുന്ന ഊർജ്ജം മാറ്റിയപ്പോൾ എല്ലാം ചലനമറ്റതായി. ഭഗവാനേ ഞാനെങ്ങനെ നന്ദി പറയും ? നിത്യജീവിതത്തിൽ , അങ്ങ് നിരന്തരം കൂടെ നടന്ന് ഞങ്ങളെ അങ്ങയുടെ സാനിദ്ധ്യം അനുഭവപ്പെടുത്തിക്കൊണ്ടിരിക്കു ന്നു. അത് എന്നെങ്കിലും ഉൾക്കൊള്ളാൻ ഞങ്ങൾക്ക് കഴിയുമോ? അതൊന്നും അറിയാതെ ആ പാദാരവിന്ദങ്ങളിൽ ഭൂയോ ഭൂയോ നമാമ്യഹം.
ശ്രീകൃഷ്ണാർപ്പണമസ്തു
Comments
Post a Comment