കൃഷ്ണന്റെ കുസൃതി 8
ചിലർ കൃഷ്ണന്റെ കുസൃതികളെപ്പറ്റി ഇനിയും എഴുതൂ എന്ന് പറയുകയുണ്ടായി. ഒരു രഹസ്യം പറയട്ടെ? കൃഷ്ണന്റെ കുസൃതികൾ കാരണം തന്നെയാണ് ട്ടോ എനിക്കെഴുതാൻ പറ്റാത്തതും. എഴുതാനൊക്കെ റെഡിയായതായിരുന്നു. ഇനി കുസൃതി പറയാം.
ഒരു ദിവസം ഞാൻ പതിവ് പോലെ നടക്കാൻ പോയതായിരുന്നു. നടത്തം കഴിഞ്ഞു വീട്ടിൽ തിരിച്ചെത്താറായി. വെറുതെ കാൽ ഇടറി വീഴാൻ ഭാവിച്ചു. ഉടനെ ഞാൻ വലത്തെ കൈ കുത്തിയതിനാൽ നടു ഇടിച്ച് വീീണില്ല്യ. ഒന്നിരുന്നു. എങ്കിലും അത്ര ബുദ്ധിമുട്ടാതെ എഴുന്നേറ്റു. കൈ നല്ല വേദന. സാരമില്ല്യ എന്നോർത്തു വീട്ടിലെത്തി. കൈ വേദന കൂടുന്നു. പക്ഷെ നീരൊന്നും കാണാനില്ല്യ. എല്ല് പൊട്ടിയിരിക്കാൻ വഴിയില്ല്യ. വേദന അടക്കി ചുമരിലേക്ക് നോക്കി. അതാ, കൃഷ്ണൻ വലിയ കള്ളച്ചിരിയുമായി എന്നെ നോക്കുന്നു. എനിക്ക് സങ്കടവും ദേഷ്യവും തോന്നി. വേദന കുറച്ചു തന്നില്ല്യെങ്കിലും ചിരിക്കാതിരിക്കയെങ്കിലും ചെയ്യരുതേ? പരിഭവത്തോടെ ഞാൻ കൈയ്യുമുഴിഞ്ഞ് കൃഷ്ണന്റെ മുൻപിൽ ഇരുന്നു.
താമസമുണ്ടായില്ല്യ, കൃഷ്ണൻ എന്റെ ചെവിയിൽ മന്ത്രിക്കാൻ തുടങ്ങി:
"കളിയാക്കി ചിരിച്ചതല്ല ട്ടോ. ആ കൈ കുത്താൻ ഞാൻ ഒർമിപ്പിച്ചില്ല്യെങ്കിലത്തെ കഥയെന്താ? ശക്തിയോടെ ഇരുന്നിരുന്നെങ്കിൽ അരയിലെ എല്ലോ തുടയിലെ എല്ലോ പൊട്ടിയേനെ. പിന്നെ ഓപ്പറേഷൻ ആയി, കമ്പിയോ ആണിയോ ഇടലായി. പിന്നെ നടക്കാറാകാണമെങ്കിൽ എത്ര കാലം കഴിയണം? ഇതിപ്പോൾ കുറച്ചു ആഴ്ച്ചകൾക്കു ഒരസൌകര്യം. അത്രയേ വരൂ. വലിയ ആപത്തു വരാതെ കഴിഞ്ഞല്ലോ എന്ന സന്തോഷത്തിൽ ചിരിച്ചതാണ്." പിന്നെ ഒന്ന് കൂടി പറഞ്ഞു:
"എല്ലാറ്റിനും കാരണമുണ്ട് കുട്ടീ".
എന്ത്? കുട്ടീന്നൊ? കൃഷ്ണാ ഈ ശരീരത്തിൽ ഞാൻ 65 വർഷങ്ങൾ പിന്നിട്ടു. എന്നിട്ടും ഇങ്ങനെ സംബോധന ചെയ്തതിൽ അത്ഭുതം.
ഉടനെ കൃഷ്ണൻ മന്ത്രിച്ചു:
"ഞാൻ അജനല്ലേ? അവ്യയനല്ലേ? അനശ്വരനല്ലേ? അതിനാൽ നീ ഞാനായി താദാത്മ്യം പ്രാപിക്കുന്നതുവരെ നിന്നെ ഞാൻ ഒരുകുട്ടിയായി തന്നെ കാണുന്നു. നിന്നെ മാത്രമല്ല, സകല ചരാചരങ്ങളേയും. "
ആവൂ, ഇത്ര വലിയ തത്വങ്ങളൊക്കെ ഗ്രഹിക്കാനും ദഹിക്കാനും എനിക്കാകുമോ? അതൊന്നും എനിക്കറിയേണ്ട കാര്യമില്ല്യ. കൃഷ്ണൻ പറഞ്ഞപ്പോൾ എന്റെ പരിഭവവും എന്തിനേറെ എന്റെ വേദനയും കുറെ കുറഞ്ഞു. എത്ര ശരിയാണ് കൃഷ്ണൻ പറഞ്ഞത്? വെട്ടു തല്ലാക്കി തരികയല്ലേ കൃഷ്ണൻ ചെയ്തത്? ഞാൻ പരിഭവിക്കാമോ? ഇപ്പോഴും കൃഷ്ണന്റെ കുസൃതികളെക്കുറിച്ചെഴുതുമ്പോഴും കൈ നോവുന്നുണ്ട്. പക്ഷെ കൃഷ്ണന്റെ വിശദീകരണങ്ങളിൽ എന്നെ വീഴ്ത്തിയതിനാൽ എന്റെ മറ്റേ വീഴ്ച്ചയെപ്പറ്റി പറയാൻ നാവു പൊന്തുന്നില്ല്യ. ഇത് തന്നെയാണ് എല്ലാ കുസൃതികളുടേയും രഹസ്യവും. കൃഷ്ണാ, കുസൃതി തുടരൂ. ആ കുസൃതികളിൽ കുടുങ്ങി മായയുടെ കുസൃതികളിൽനിന്നും മോചനം നേടാൻ അനുഗ്രഹിക്കൂ.
Comments
Post a Comment