കൃഷ്ണന്റെ കുസൃതി 9
------------------------------ -
പുല്ലിലും തൂണിലും തുരുമ്പിലും എല്ലാം ഭഗവത് സാന്നിദ്ധ്യം ഉണ്ടെന്ന് നരസിംഹാവതാരം നമുക്ക് കാണിച്ചു തരുന്നുണ്ടല്ലോ? ആ സാന്നിദ്ധ്യം എല്ലാറ്റിലും കാണുകയും എല്ലായ്പ്പോഴും സ്വയം അനുഭവപ്പെടുകയും ചെയ്യാൻ എന്താണു വഴി? ഉണ്ടെന്നു വിശ്വസിക്കുന്നതും അനുഭവിക്കുന്നതും ഒരു പോലെയല്ലല്ലോ? അതിനെപ്പറ്റി ഞാൻ ആലോചിച്ചിരിക്കുമ്പോൾ പെട്ടെന്ന് എനിക്ക് വളരെ പ്രിയം നിറഞ്ഞ ഒരാൾ സമ്മാനിച്ച മരം കൊണ്ടുള്ള ഗുരുവായൂരപ്പന്റെ പ്രതിമയിലേക്ക് എന്റെ ദൃഷ്ടി പതിഞ്ഞു. ശംഖുചക്രഗദാപദ്മധാരിയായ മഹാവിഷ്ണുവിന്റെയാണ് പ്രതിമ. നല്ല ഭംഗിയുണ്ട് കാണാൻ. അതിലേക്കു നോക്കിയപ്പോൾ ഞാൻ ഓർത്തു :
ഒരു നല്ല മരക്കഷണത്തിൽ നിന്ന് ഭഗവാന്റെ രൂപം ഒഴിച്ചു മറ്റെല്ലാ ഭാഗവും ഏതോ അജ്ഞാതശിൽപ്പി ചെത്തിക്കളഞ്ഞപ് പോൾ അതിൽ അന്തർലീനമായിരുന്ന ഭഗവത് രൂപം, ശിൽപ്പിയുടെ ഭാവനയിൽ തെളിഞ്ഞിരുന്ന അതേ രൂപത്തിൽ പ്രത്യക്ഷമായി. ആ മരക്കഷണത്തിൽ പരോക്ഷമായി വർത്തിച്ച ഭഗവാനെ അനുഗൃഹീത ശില്പ്പി സ്വന്തം ഭാവനയുടെ രൂപത്തിൽ പ്രത്യക്ഷമാക്കി.
അതേപോലെ നമ്മുടെ മനസ്സിന്റെ അന്തര്യാമിയായി വർത്തിക്കുന്ന ഭഗവാനെ, മനസ്സിൽ നിന്ന് ഭഗവാനല്ലാത്തതെല്ലാം മാറ്റിയാൽ പ്രത്യക്ഷമാക്കാൻ പറ്റില്ല്യെ ? അതിനൊരു വൈദഗ്ദ്ധ്യമേറിയ ശിൽപ്പി വേണം. കൊത്താനുള്ള ആയുധവും വേണം. നമ്മുടെ മനസ്സിന്റെ ഉള്ളിൽ പൊകേണ്ടതുകൊണ്ട് ശിൽപ്പി നാം തന്നെയാകണം. ആയുധവും അന്വേഷിക്കണം. ചിന്താധീനയായി ഞാൻ ഇരുന്നപ്പോൾ പതിവ് പോലെ കുസൃതിക്കണ്ണൻ മന്ത്രിച്ചു:
"കഷ്ടം! സ്വയം ശിൽപ്പിയായി വേഗം ഒക്കെ ശരിയാക്കാമെന്നു തോന്നുന്നുണ്ടോ? എന്നിൽ ശരണാഗതിയടയൂ . ആ നിമിഷം എന്റെ പ്രഭാവം നിന്നിലേക്കു ഒഴുകും. അങ്ങനെ ശരണാഗതിയടയാനുള്ള ആയുധങ്ങളാണ് എന്റെ കഥകളും സ്തുതികളും നാമങ്ങളും. നീ വിഷ്ണരൂപത്തിൽ ധ്യാനിച്ചാൽ ഞാൻ വിഷ്ണുവായി വരും, ശിവരൂപത്തിലാണെങ്കിൽ ആ രൂപത്തിൽ, അല്ലാ ശക്തിയുടെ രൂപത്തിൽ ആണെങ്കിൽ അങ്ങനെ, ഇതൊന്നുമല്ല നിർഗുണബ്രഹ്മമായിട്ടാണെങ്കിൽ അങ്ങനെ നിന്നിൽ ഞാൻ കുടികൊള്ളും. വാസ്തവത്തിൽ ഞാനും നിന്റെ ഞാനെന്ന ഭാവവും മാത്രമേ അവിടെയുള്ളു. അപ്പോൾ ഞാനെന്ന ഭാവത്തിനെ മാറ്റുകയേ വേണ്ടൂ. ഞാൻ തെളിഞ്ഞു വരും. ആ ഞാൻ തന്നെയാണ് നീയും. "
കണ്ണുമടച്ച് ഞാനിതു കേട്ടുകൊണ്ടിരിക്കുമ്പോൾ എന്റെ മനസ്സ് ഗുരുവായൂരിലെത്തിയിരുന്നു. ശ്രീകോവിൽ അടച്ചിരിക്കുന്നു. അധികം താമസിയാതെ നട തുറന്നു. പക്ഷെ കണ്ണനെ കുറേശെ കാണാനുണ്ടെങ്കിലും വ്യക്തമല്ല. എന്തോ കണ്ണനെ മറച്ചിരിക്കുന്നു. അവിടെയുണ്ടെന്നു മനസ്സിലാകും, പക്ഷെ എനിക്ക് ആ സുന്ദര രൂപം കണ്‍കുളിർക്കെ കാണാൻ കഴിയുന്നില്ല്യ. ഞാൻ കണ്ണീർ തൂകി യാചിച്ചു:
"കണ്ണാ, ഒന്നാ മറ മാറ്റൂ. ഞാനൊരു നോക്കു കാണട്ടെ! "
കണ്ണൻ മന്ത്രിച്ചു:
"എന്തിനിങ്ങനെ അകലെ നിൽക്കുന്നു ? എന്നോടു ചേർന്നു നിൽക്കൂ. മായയുടെ മറക്കുമിപ്പുറം."
ഞാൻ സൂക്ഷിച്ചു നോക്കിയപ്പോളാണ് മനസ്സിലായത്, എനിക്കിനിയും ഒരുപാടു ദൂരം നടക്കാനുണ്ടെന്ന്. ഞാൻ നിശ്ച്ഛയദാർഢ്യത്തോടെ നടക്കാൻ തീരുമാനിച്ചു. എത്ര ജന്മങ്ങളെങ്കിലും എടുക്കട്ടെ. ഭഗവാൻ എന്റെ ലക്ഷ്യമെങ്കിലും എനിക്ക് വ്യക്തമാക്കിത്തന്നല്ലോ! വഴി തെറ്റിയാൽ ഭഗവാൻ തന്നെ നേർവഴിക്കു നടത്തട്ടെ.
ഞാൻ വിദഗ്ദ്ധ ശിൽപ്പിയൊന്നുമല്ല, ഭഗവാന്റെ വരവിനു വേണ്ടി മനസ്സ് സദാ വൃത്തിയാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു അടിച്ചുതളിക്കാരി മാത്രമാണെന് ന് ബോദ്ധ്യമായി. മനസ്സ് പരിശുദ്ധമാകുമ്പോൾ ഭഗവാൻ പ്രത്യക്ഷപ്പെടും . അതുവരെ നിർബാധം ഈ ജോലി തുടരാൻ എന്നെ അനുഗ്രഹിക്കണേ കണ്ണാ. മറഞ്ഞു നിന്ന് കുസൃതികൾ തുടരൂ. ആ കുസൃതികളിൽ കുടുങ്ങി ഞാൻ എന്റെ ജോലി നിർബാധം ജന്മജന്മാന്തരങ്ങളിലും തുടരട്ടെ !!
Comments
Post a Comment