കൃഷ്ണന്റെ കുസൃതി 1
കൃഷ്ണന്റെ ഏറ്റവും വലിയ കുസൃതിയെന്താ? ഈ ഈ മായാവലയം സൃഷ്ടിച്ച് നമ്മെ എല്ലാം അതിലിട്ട് വലക്കുക. ആ കുസൃതിയെപ്പറ്റി ഞാനെന്തു പറയാൻ? ആ വലയത്തിൽ പൂർണമായും കുടുങ്ങിക്കിടക്കുന്ന എനിക്കതിനെപ്പറ്റിയൊന്നും പറയാനുള്ള കഴിവോ അർഹതയോ ഇല്ല്യാത്തതിനാൽ അതിനു മുതിരുന്നില്ല്യ. എന്നോടു നിത്യവും നിരന്തരവുമായി കാണിക്കുന്ന ചില കൊച്ചു കുസൃ തികളെപ്പറ്റി പറയാമെന്നു കരുതി. ഇതൊക്കെ എല്ലാവരോടും കാണിക്കുന്ന കുസൃതികൾ ആയിരിക്കുമെന്നുറപ്പുണ്ട്. എന്നാലും പറയുമ്പോൾ വീണ്ടും ഓർക്കുന്നത് ആനന്ദപ്രദമായി തോന്നുന്നു.
ബ്രാഹ്മമുഹൂർത്തത്തിൽ തുടങ്ങുകയായി കൃഷ്ണന്റെ എന്നോടുള്ള കുസൃതികൾ. മനസ്സുണർന്നാൽ ആ നിമിഷം കൃഷ്ണൻ മനസ്സിന്റെ ഭൂമുഖത്ത് പ്രത്യക്ഷപ്പെടും. ഭാഗവതത്തിലെ ധ്രുവസ്തുതിയിലെ ആദ്യത്തെ ശ്ലോകം ചൊല്ലികൃഷ്ണനെ പ്രാർഥിച്ച് കൃഷ്ണഭഗിനിയായ ദേവിയേയും ധ്യാനിച്ച്, കരതലങ്ങളിൽ ലക്ഷ്മീദേവിയേയും സരസ്വതീദേവിയേയും ഭഗവാനേയും ധ്യാനിച്ച്, പാദസ്പർശത്തിനു ഭൂമീദേവിയോടു ക്ഷമ യാചിച്ച് കട്ടിലിൽ നിന്നിറങ്ങുന്നതുവരെ കൃഷ്ണൻ മര്യാദക്കാരനായി നിന്നു. കുറച്ച് ക്ഷീണം തോന്നിയതിനാൽ ഞാൻ കൃഷ്ണനോടു പറഞ്ഞു :
" കൃഷ്ണ, കുറച്ചു കാപ്പികുടിച്ചിട്ടേ ഞാനിന്നു കുളിക്കുന്നുള്ളു." ഒരാക്ഷേപവുമില്ല്യാതെ കൃഷ്ണൻ തഥാസ്തു പറഞ്ഞു . ഞാൻ കാപ്പിയുണ്ടാക്കി കുടിക്കാനിരുന്ന നിമിഷം കൃഷ്ണൻ പതുക്കെ കാതിൽ പറഞ്ഞു : "ഇന്ന് മുപ്പട്ടു വ്യാഴാഴ്ച്ചയാണ്, കുളി കഴിഞ്ഞു പോരെ കാപ്പി? പറഞ്ഞെന്നേയുള്ളൂ. ഇഷ്ടം പോലെയാകാം. " കഴിഞ്ഞില്ല്യേ കാപ്പികുടിയുടെ രസം? കാപ്പിയടച്ചുവെച്ചു ഞാൻ കുളിക്കാൻ പോയി. എന്തൊക്കെയോ ആലോചിച്ചും ഭാവിയെപ്പറ്റി പരിഭ്രമിച്ചും ഉദ്വിഗ്നയായി കുളിക്കാൻ തുടങ്ങി. അപ്പോഴും കൃഷ്ണൻ വിളിച്ചു പറഞ്ഞു : ഗൗളി ഉത്തരം താങ്ങുന്ന കഥ ഓർമയുണ്ടല്ലോ? മനപ്പാഠമാക്കിയ ശ്ലോകങ്ങൾ വല്ലതും അർഥമാലോചിച്ചു ചൊല്ലിക്കോളൂ." ശരിയാണ് . എത്ര പ്രാവശ്യമായി കൃഷ്ണനിതോർമിപ്പിക്കുന്നു? ഓർമ വെച്ചനാൾ മുതൽ പറയുന്നതാണ്. ഇന്നുവരെ സംഭവിച്ചകാര്യങ്ങൾ ഞാൻ നടത്തിയതാണോ? ഞാൻ എന്നും ആ കൈകളിലെ പാവ മാത്രം. ആലോചന നിർത്തി ഞാൻ ശ്രീകൃഷ്ണകർണാമൃതത്തിലേയും മുകുന്ദമാലയിലേയും ഭാഗവതത്തിലേയും ഒക്കെ ശ്ലോകങ്ങൾ ചൊല്ലാൻ തുടങ്ങി. കുളി കഴിഞ്ഞു വിളക്കു കൊളുത്തി. നമ്മുടെയെല്ലാം സന്തതസഹചാരിയായ കണ്ണന്റെ കഥ ഇനിയും തുടരാം. തത്ക്കാലം നിർത്താനാണ് കൃഷ്ണൻ ഉത്തരവിടുന്നത്.
Comments
Post a Comment