പഴകിയ മനസ്സിലെ ചിന്ത
കണ്ണാ, പഴകിയ മനസ്സിൽ പൊന്തി വന്ന ഒരു ചിന്ത .
നമ്മെ സ്നേഹിക്കുന്നവരെ കാണുമ്പോഴല്ലേ കണ്ണ് നിറയുക?
കണ്ണൻ എന്നെ കലവറയില്ല്യാതെ സ്നേഹിക്കുന്നു. അത് കൊണ്ടുതന്നെയാണ് കണ്ണനെ കാണുമ്പോൾ എൻറെ കണ്ണുകൾ നിറഞ്ഞൊഴുകുന്നതും.
കണ്ണൻറെ കണ്ണുകൾ എന്നെ കാണുമ്പോൾ നിറയുന്നില്ല്യ. ഒരേ ഒരു കാരണം. എൻറെ കണ്ണനോടുള്ള സ്നേഹം അപൂർണം.
കുചേലനെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു എന്ന് രാമവാരിയർ പറഞ്ഞത് കണ്ണനോർമയില്ല്യേ? തപസ്സാൽ ജീർണിച്ച കർദ്ദമ പ്രജാപതിയെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞില്ല്യെ? അവരുടെ കണ്ണനോടുള്ള സ്നേഹം പരിപൂർണമായിരുന്നു എന്ന് ഞാൻ മനസ്സിലാക്കുന്നു. നരസിംഹത്തിന്റെ കണ്ണിലും പ്രഹ്ലാദൻ കരുണയുടെ തീർഥം കണ്ടു.
സ്നേഹപ്രവാഹത്തിൻറെ ദിശ മായയുടെ മതില്ക്കെട്ടിനകത്തേക്കു മാറുന്നത് അറിയാതെ ഞാൻ കണ്ണൻറെ സ്നേഹക്കണ്ണീരിനു വേണ്ടി വൃഥാ കാത്തിരിക്കുന്നു.
സർവസ്നേഹവും മായയുടെ മതിൽക്കെട്ടിലെ മായാ സുഷിരങ്ങളി ൽക്കൂടി തന്നെ കണ്ണനിലേക്കു പ്രവഹിക്കാൻ എന്നെ അനുഗ്രഹിക്കൂ.
മായ കണ്ണൻറെ പ്രിയ തോഴിയല്ലേ? പറഞ്ഞുനോക്കൂ എന്റെ മായാവലയത്തിൽ കുറെ ചെറിയ സുഷിരങ്ങൾ ഇടാൻ.
ഞാൻ കണ്ണൻറെ സഹായമില്ല്യാതെ തോറ്റിരിക്കയാണ്. ഇരുട്ടിലാണ്.
അല്ലെങ്കിൽ കണ്ണൻ തന്നെ നാല് സുഷിരങ്ങൾ ഇടൂ. എന്നേയും എൻറ്റേതെന്നു ഞാൻ വൃഥാ കരുതുന്ന എല്ലാവരെയും അവരോടുള്ള സ്നേഹത്തെയും ഞാൻ ആ പാദങ്ങളിൽ സമർപ്പിക്കട്ടെ.
കരുണയുടെ തീർഥം ഞാൻ ആ കണ്ണിൽ കാണുമാറാകട്ടെ !!
ശ്രീ കൃഷ്ണാർപ്പണമാസ്തു
Comments
Post a Comment