മഹാബലിയുടെ അഭ്യർഥന
എല്ലാവർക്കും ഓണാശംസകൾ നേർന്നുകൊണ്ട് ഈ ഓണത്തിനും ഞാൻ എന്ന മഹാബലി നിങ്ങളുടെ മുൻപിലെത്തുന്നു. സ്വാഗതത്തിനു വളരെ വളരെ നന്ദി. രണ്ടു വാക്ക് പറയാൻ അവസരം തന്നതിനും നന്ദി.
കൂട്ടുകാരേ, ഓണമായല്ലോ? ഈ ഓണത്തിന് എനിക്ക് കുറച്ചു പ്രധാനപ്പെട്ട കാര്യങ്ങൾ പറയാനുണ്ട് . ശ്രദ്ധിച്ചു കേൾക്കുമല്ലോ? ഞാൽ പറയുന്നതിൽ എന്ത് സംശയം ഉണ്ടെങ്കിലും ചോദിച്ചുകൊള്ളൂ.അറിയുന്ന പോലെ മറുപടി പറയാം.
ആദ്യമായി ഒരു കാര്യം പറയട്ടെ. എന്നെ ഒരു കോമാളിയായി കാണരുതേ. പട്ടക്കുടയും കൈയ്യിലേന്തി തിന്നു കൊഴുത്തു തടിച്ച ഒരു ശാപ്പാട്ടുരാമനായി ചിത്രീകരി ക്കരുതേ. എന്നെ വാമനമൂർത്തി നിർദ്ദയം ചവിട്ടി താഴ്ത്തി പാതാളമെന്ന നരകത്തിലേക്ക് അയച്ചെന്ന് ധരിക്കരുതേ. എന്റെ കഥ വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട ഒരുകഥയാണ്.
പലരും എന്റെ കഥയേയും എന്നെ വിഷ്ണു ഭാഗവാൻ അനുഗ്രഹിച്ച കഥയേയും ശരിയായ രീതിയിൽ മനസ്സിലാക്കാത്തതു പോലെ തോന്നാറുണ്ട്. ശരിയായി മനസ്സിലാക്കീട്ടുള്ളവർ എൻറെ ഈ വിശദീകരണത്തിന് മാപ്പ് തരൂ. എൻറെ കാര്യം പോകട്ടെ, കരുണാമയിയായ ഭഗാവാന്റെ കഥകൾ ശരിയല്ലാതെ കേൾക്കുമ്പോൾ പറഞ്ഞു പോകുകയാണ്. . ഈ ഓണത്തിന് ആ തെറ്റിദ്ധാരണ മാറ്റണമെന്നാണ് എൻറെ ആഗ്രഹം.
ജന്മനാൽ ഞാൻ, ഒരു അസുരനാണ്, സമ്മതിച്ചു. പക്ഷെ വിഷ്ണുവൈരിയല്ല, എന്ന് മാത്രമല്ല, വലിയ വിഷ്ണു ഭക്തനുമാണ്. ഹിരണ്യകശിപുവിൻറെ മകൻ ഭക്ത-പ്രഹ്ലാദൻ ഉണ്ടല്ലോ ? ആ പ്രഹ്ലാദ മഹാരാജാവിൻറെ പുത്രൻ വിരോചനമഹാരാജാവിൻറെ മകനാണ് ഞാൻ.അതായത് ഏറ്റവും വലിയ വിഷ്ണുഭക്തനായ പ്രഹ്ലാദൻ എന്റെ മുത്തച്ഛനാണ്. ഇനി ഞാൻ എന്റെ വാസ്തവകഥ ഭാഗവതത്തിൽ വ്യാസമുനി പറഞ്ഞ അതേ പോലെ പറയാം.
സുകൃതിയായ മുത്തച്ഛ്ൻറെ വംശത്തിൽ ജനിച്ചതു കൊണ്ടുതന്നെയാകാം ബാല്യം മുതൽ ഞാൻ വിഷ്ണുഭക്തനായിരുന്നു. ശുക്രാചാര്യരായിരുന്നു എന്നും എൻറെ ഗുരു. അദ്ദേഹം വിഷ്ണു ഭക്തി പാടില്ല്യെന്നൊന്നും പഠിപ്പിച്ചിരുന്നില്ല്യ.
വളർന്നു വലുതായി ഞാൻ രാജ്യഭാരം കൈയേറ്റു. നാട്ടുകാരുടെ നന്മയായിരുന്നു എന്നും എൻറെ ലക്ഷ്യം . സമാധാനം കെടുത്താൻ വന്ന ദേവന്മാരെ ഞാൻ നിഷ്പ്രയാസം തുരത്തി. അവരുടെ അധികാരത്തിലുള്ള സാമ്രാജ്യം, അഥവാ സ്വർഗ്ഗവും എനിക്കധീനമായി. അതിൽ എനിക്കു് അതിരുകവിഞ്ഞ അഭിമാനം തോന്നിയില്ലെന്നു പറയാനാവില്ല്യ. കുറച്ചൊരു ദംഭോടെയാണെങ്കിലും ഞാൻ എന്റെ എല്ലാ പ്രജകളെയും നല്ലവണ്ണം നോക്കി രക്ഷിച്ചു. ഭൂമിയിലെ, ഭാരതത്തിലെ, ദൈവരാജ്യം തന്നെഎന്ന് പറയുന്ന കേരളത്തിലെ പ്രജകളും സന്തോഷമായി ജീവിച്ചു. അവർ ഇങ്ങനെ പാടുകപോലും ചെയ്തു:
മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
കള്ളവുമില്ല്യ ചതിയുമില്ല്യ
എള്ളോളമില്ല്യ പൊളിവചനം
രാജ്യം നഷ്ടപ്പെട്ടതിൽ സ്വാഭാവികമായും ദുഖിതരായ ദേവന്മാർ വിഷ്ണുഭഗവാനെ സമീപിച്ചു സങ്കടം ഉണർത്തിച്ചു. ഞങ്ങളുടെ നല്ലകാലം കഴിയുന്നതുവരെ ഭഗാവാൻ കാത്തു. എതിരില്ല്യാത്ത ഭാഗ്യവും അതിരില്ല്യാത്ത ദൌർഭാഗ്യവും രണ്ടും സ്ഥിരമല്ലല്ലോ? ദേവന്മാരുടെ നല്ലകാലം കഴിഞ്ഞപ്പോഴാണ് ഞങ്ങൾ അസുരന്മാര്ക്ക്, അവരെ തോൽപ്പിക്കാൻ കഴിഞ്ഞത്.
അതിനാൽ ഒരേ സമയം തന്നെ കശ്യപമഹർഷിയുടേയും അദിതി ദേവിയുടേയും, "ഭഗവാൻ തന്നെ പുത്രനായി ജനിക്കണ"മെന്ന അഭിലാഷം നിറവേറ്റാനും എന്നെ വി നയാന്വിതനാക്കാനും ഭഗവാൻ നിശ്ചയിച്ചു.അങ്ങനെ അവരുടെ പുത്രനായി, വാമനമൂർത്തിയായി ഭഗവാൻ അവതരിച്ചു.
എന്നിലുള്ള അതിയായ സ്നേഹം നിമിത്തം, എൻറെ അഹങ്കാരം ഭഗവത് പ്രാപ്തിക്ക് തടസ്സമാകുമെന്ന് കരുതി, കൂട്ടത്തിൽ ദേവന്മാരുടെ സാങ്കടം തീർക്കുകയും ആവാമെന്ന് കരുതി വാമനരൂപം പൂണ്ട ഭഗവാൻ ശുക്രാചാര്യരുടെ നേതൃത്വത്തിൽ ഞാൻ യജ്ഞം നടത്തിയിരുന്ന യാഗശാലയിലേക്ക് വന്നു.
ഉദിച്ചുയരുന്ന ബാലസൂര്യനെപ്പോലെ വാമനമൂർത്തി യാഗശാലയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ, വിഷ്ണു ഭഗവാൻറെ അവതാരമാണെന്ന് അറിഞ്ഞില്ല്യെങ്കിലും, ഞാൻ എഴുന്നേറ്റു ചെന്ന് സ്വാഗതം പറഞ്ഞു, കൂട്ടിക്കൊണ്ടുവന്നു. ആദരപൂർവം ആസനം നൽകി. ഏത് ഇംഗിതവും നിറവേറ്റാൻ കെൽപ്പുള്ള ആളാണെന്നും ആവശ്യം ഉന്നയിക്കാൻ മടി വേണ്ടെന്നും തികഞ്ഞ അഹംകാാരത്തോടെ പറഞ്ഞു.
വെറും മൂന്നടി മണ്ണു മാത്രം ആവശ്യപ്പെട്ടപ്പോൾ അദ്ഭുതപ്പെട്ട ഞാൻ എൻറെ അഹംകാരത്തിൻറെ പത്തി ഒന്നു കൂടി വിടർത്തി പറഞ്ഞു:
"ഈ ചോദിച്ചതെത്ര ബാലിശം? മൂന്നു ലോകങ്ങളുടേയും രാജാവായ എന്നോട് തുച്ഛമായ ഈ മൂന്നടി മണ്ണ് യാചിക്കുന്നത് മഠയത്തരമാണ്. ഒരു ഗ്രാമമല്ല, ഒരു രാജ്യം വേണമെങ്കിലും തരാം.എനിക്ക് മറ്റൊരു നിർബന്ധവുമുണ്ട്. എൻറെയടുത്തു വന്നു യാചിച്ച ആൾക്ക് ഇനി ഒരിക്കലും ഒരിടത്തും പോയി യാചിക്കേണ്ടി വരരരുത്. അതിനാൽ ആവശ്യമുള്ളതെല്ലാം ചോദിക്കൂ."
വാമനമൂർത്തി മൂന്നടി മണ്ണ് മാത്രം മതിയെന്നതിൽ ഉറച്ചു നിന്നു. എന്നാൽ അങ്ങനെയാകട്ടെ എന്ന് പറഞ്ഞ് ദാനം നല്കാൻ കൈയിൽ വെള്ളമെടുത്തപ്പോൽ ശുക്രാചാര്യർ തീർത്തും വിലക്കി :
"വേണ്ട, വേണ്ട, ദാനം നൽകണ്ട. ഇത് മറ്റാരുമല്ല. വാമനരൂപം പൂണ്ട ഹരിയാണ്.ഇത് നൽകുന്നതോടെ അങ്ങക്ക് എല്ലാം നഷ്ടപ്പെടും."
"പക്ഷെ ഞാൻ തരാമെന്നു വാഗ്ദാനം ചെയ്തു. ഇനി പിന്മാറാൻ കഴിയുകയില്ല്യെ"ന്നു പറഞ്ഞത് ശുക്രാചാര്യരെ ശുണ്ഠി പിടിപ്പിച്ചു. ശപിക്കയും ചെയ്തു. ഭഗവദ് കാരുണ്യം തന്നെയായിരിക്കണം, ഞാൻ പറഞ്ഞു :
"ഇത് ഹരിയാണെങ്കിൽ ഞാൻ കൃതാർഥനായി. വാഗ്ദാനം ചെയ്തതു ഞാൻ നിറവേറ്റുക തന്നെ ചെയ്യും. സത്യത്തിൽ നിന്ന് ഞാൻ വ്യതിചലിക്കില്ല്യ." ഇതു ഞാൻ പറഞ്ഞപ്പോൾ എൻറെ സഹധർമിണി ദാനം നൽകുന്നതിന്റെ മുന്നോടിയായി വെള്ളമൊഴിച്ചു, ഞാൻ ദാനം നൽകി മൂന്നടി അളന്നെടുത്തോളാൻ അർഥിച്ചു.
പെട്ടെന്ന് വാമനമൂർത്തി പർവതാകാാരനാായി വളർന്നു. രണ്ടേ രണ്ടടി കൊണ്ടു ഭൂമിയും മറ്റു ലോകങ്ങളും അളന്നെടുത്തു.മൂന്നാമത്തെ അടി വെക്കാൻ സ്ഥലം ആവശ്യപ്പെട്ടു. ആ പാദകമലങ്ങൾ വെക്കാൻ, ഒട്ടും കൂസലില്ല്യാതെ, ഞാൻ എൻറെ ശിരസ്സ് വിനയപൂർവ്വം കാണിച്ചു.
എൻറെ ആത്മനിവേദനത്തിൽ ഭഗവാൻ അതീവ സന്തുഷ്ടനായി. എൻറെ ദാനം സ്വീകരിക്കുന്നതോടെ എനിക്ക് വരദാനവും തന്നു. മാത്രമല്ല എൻറെ സത്കീർത്തിയെ രക്ഷിക്കുകയും എൻറെ അഹങ്കാരം തീർത്തു ഭഗവദ് പാദകമലങ്ങളിൽ ഭക്തി വർദ്ധിപ്പിക്കുകയും മാത്രമായിരുന്നു ഭഗവാൻറെ ഉദ്ദേശം എന്ന് എനിക്ക് മനസ്സിലാക്കിത്തരികയും ചെയ്തു.. അങ്ങനെ ഐശ്വര്യാപഹരണം അനുഗ്രഹമായി. അപ്പോഴേക്കും എൻറെ പിതാമഹനായ പ്രഹ്ലാദനും വന്നുചേർന്നു.
അപ്പോൾ ഭഗവാൻ പറഞ്ഞ അമൃതവാണികൾ ഞാൻ നിങ്ങളോട് പറയാം. എല്ലാവരും എല്ലായ്പ്പോഴും ഓർമിക്കേണ്ട വചനങ്ങൾ ആകയാൽ ഞാൻ ആ അനുഗ്രഹവചനങ്ങളെ വിനയപൂർവം സ്മരിക്കട്ടെ!
"ഞാൻ ആരെ അനുഗ്രഹിക്കാൻ വിചാരിക്കുന്നുവോ, ആദ്യം അവൻറെ ഐശ്വര്യം അപഹരിക്കും. മറ്റൊന്നിനുമല്ല. അഹംകാരം അടങ്ങാൻ. അതിനാൽ അർഥാപഹരണം ആനുഗ്രഹമാണെന്നറിയുക. ഞാൻ സർവസ്വവും അപാഹരിച്ച്ചിട്ടും നിനക്ക് എല്ലാം പോയ്പ്പോയല്ലോ എന്ന ഖേദമില്ല്യ. നീ മായയെ ജയിച്ചീരിക്കുന്നു.സത്യത്തെ ഒരിക്കലും ഉപേക്ഷിക്കാത്ത നീ സാവർണികമന്വന്തരം വരെ .വിശ്വകർമാവു നിർമിച്ച സുതലത്തിൽ വസിക്കു. ആവിടെ ആരും നിന്നെ ധിക്കരിക്കുകയില്ല്യ. എൻറെ സുദർശനചക്രം നിനക്ക് കാവലായി എപ്പോഴും കൂടെയുണ്ടാാകും. സാവർണികമന്വന്തരത്തിൽ അങ്ങ് ദേവേന്ദ്രനാകുകയും ചെയ്യും. എൻറെ സർവാനുഗ്രഹവും നിനക്കുണ്ടാകട്ടെ."
ഇത്ര സ്നേഹപൂർവ്വം അനുഗ്രഹിച്ച ഭഗവാൻ എന്നെ ശിക്ഷിച്ചു എന്ന് പറയുന്നത് ശരിയാണോ? പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി എന്നൊന്നും നിങ്ങൾ വിശ്വസിക്കരുതേ. ഞാൻ ഭഗവാനാൽ സംരക്ഷിക്കപ്പെട്ടുകൊണ്ടു സുതലത്തിൽ സസുഖം വാഴുന്നു. എല്ലാ കൊല്ലവും നിങ്ങളെ കാണാൻ സന്തോഷപൂർവം ഭാഗവാനോടോത്ത് വരുന്നു. അതിനാൽ എന്നെ വണങ്ങുന്നതിനു മുന്പ് വാമാനമൂർത്തിയെ വണങ്ങൂ. അഹംകാരം കളഞ്ഞു കൈകൂപ്പു. ഭഗവാൻറെ നിരന്തര സാന്നിധ്യം നിങ്ങളെ അനുഗ്രഹിക്കും, സംശയമില്ല്യ.
എന്നോടു കാണിക്കുന്ന സ്നേഹത്തിനു നന്ദി. കള്ളുകുടിച്ചും അനാവശ്യ ആഘോഷങ്ങൾ നടത്തിയും എന്നെ സ്വാഗതം ചെയ്യുന്നതിന് പകരം, പരസ്പര സ്നേഹത്തോടേയും സന്മനസ്സോടേയും ഓണം ദിവസം മാത്രമല്ല എല്ലാം ദിവസവും ഓണമായി ആാഘോഷിക്കൂ. നന്മ വരട്ടെ!
ശരിയാണ്. മഹാബലിയുടെ കഥ പലരും തെറ്റി ധരിച്ചിട്ടുണ്ട്.
ReplyDeleteഒരു സംശയം. ജനകൻ പരമ ഭക്തനല്ലെ? അദ്ദേഹത്തിന്റെ ഐശ്വര്യം ഭഗവാൻ അപഹരിയ്ക്കാതിരിയ്ക്കാൻ കാരണമെന്ത്?
This comment has been removed by the author.
ReplyDelete