സദാ പുഞ്ചിരിതൂകിക്കൊണ്ടു നിൽക്കുന്ന കണ്ണനോട് ഒരുദിവസം ഞാൻ ചോദിച്ചു:
"കൃഷ്ണാ, എതുഭാവം കൈക്കൊള്ളുമ്പോഴും ഭഗവാൻറെ മുഖത്ത് പുഞ്ചിരിയാണല്ലോ? സ്വന്തം അമ്മയെ ബാലലീലകളാൽ പമ്പരം തിരിപ്പിക്കുമ്പോൽ കുസൃതി നിറഞ്ഞ പുഞ്ചിരി; പൂതന, ശകടാസുരൻ, തൃണാവർത്തൻ തുടങ്ങി കംസൻ വരെയുള്ള അസുരരോടെതിർക്കുമ്പോൾ ധൈര്യവും നിശ്ചയദ്ദർഢ്യവുമുള്ള പുഞ്ചിരി; ഗോപികമാരോട് മനം മയക്കുന്ന മദനമോഹനന്റെ പുഞ്ചിരി; ഗോപന്മാരോട് സ്നേഹമൂറുന്ന പുഞ്ചിരി; അർജുനൻ താപഗ്രസ്തനായി, ഇതികർത്തവ്യതാമൂഢനായി തേരിൽ തേങ്ങുമ്പോൾ അർഥഗർഭമായ മറ്റൊരു തരം പുഞ്ചിരി; പൌണ്ട്രകവാസുദേവനോട് പരിഹാസം നിറഞ്ഞ പുഞ്ചിരി; കുചേലനോട് അനുകമ്പയും അതിസ്നേഹവും നിറഞ്ഞ പുഞ്ചിരി; രാധയോടും രുക്മിണിയോടും കലവറയില്ല്യാത്ത പുഞ്ചിരി; സ്വധാമത്തിലേക്ക് പോകാൻ തയ്യാറായി പേരിന് വേടന്റെ അമ്പേൽക്കുമ്പോൽ അവനെ നോക്കി ഹൃദ്യമായൊരു പുഞ്ചിരി.
പിന്നെയോ? ഞാൻ സന്തോഷങ്ങൾ അറിയിക്കുമ്പോൾ പകുതി കണ്ണടച്ചു കൊണ്ടൊരു പുഞ്ചിരി; ദുഖിതയായി ഞാനരികിൽ എത്തുമ്പോൾ എനിക്കർഥം മനസ്സിലാകാത്ത വേറെ ഒരു പുഞ്ചിരി! ഞാൻ തോറ്റു കൃഷ്ണാ. ഈ അസ്തമിക്കാത്ത പുഞ്ചിരിയുടെ പൊരുൾ ഒന്ന് പറഞ്ഞു തരൂ."
കൃഷ്ണൻ പതുക്കെ എൻറെ കാതിൽ മന്ത്രിച്ചു:
" എല്ലാ ചിരിയിൽക്കൂടിയും ഞാൻ ഞാൻ ഒരേ സന്ദേശം തന്നെ നിനക്കും മറ്റെല്ലാവർക്കും നല്കുന്നു.ആപത്തിലും സമ്പത്തിലും സുഖത്തിലും ദുഖത്തിലും സ്വസ്ഥതയിലും വേദനയിലും പുഞ്ചിരിയണിയൂ. കരഞ്ഞിട്ടു പ്രയോജനമില്ല്യ. വരുന്നതൊക്കെ ധൈര്യമായി സഹിക്കണം. കണ്ണീർ ദൌർബല്യമാണ് . പുഞ്ചിരി ദൌര്‍ബല്യം അകറ്റുന്നു. "ക്ഷുദ്രം ഹൃദയദൗർബല്യം" എന്ന് ഞാൻ ഗീതയിൽ പറഞ്ഞതാണ് എന്റെ പുഞ്ചിരിയുടെ പൊരുൾ. പുഞ്ചിരി ധൈര്യത്തിന്റെയും ശുഭാപ്തിവിശ്വാസത്തിന്റെയും പ്രതീകമാണ്. പുഞ്ചിരിച്ചുകൊണ്ട് ഏതവസ്ഥയേയും സമീപിക്കൂ. പുഞ്ചിരി തമോവികാരങ്ങളെ ആട്ടിയോടിക്കുന്നു. അതിനാൽ മുൻപോട്ടു പോകാൻ പ്രയാസമുണ്ടാവില്ല്യ.എന്റെ അനുസ്യൂതമായ പുഞ്ചിരി സർവദാ സ്മരിക്കൂ. ആ സ്മരണ നിന്റെ ചുണ്ടുകളിൽ അനുസ്യൂതമായ പുഞ്ചിരി വിടർത്തട്ടെ ".
ഞാൻ കണ്ണീരിൽ കുതിർന്ന പുഞ്ചിരിയോടെ കണ്ണനെ നോക്കി. കണ്ണന്റെ കണ്ണിലും കണ്ണീരിൽ കുതിർന്ന പുഞ്ചിരി തന്നെ ഞാൻ കണ്ടുവോ? ശൌരി കണ്ണുനീർ അണിയുമോ? ആവോ.
Comments
Post a Comment