ഭഗവതിയുടെ ആഗമനം
------------------------------ ----
പണ്ട് പണ്ട് ഞങ്ങളുടെ ഇല്ലത്ത് വളരെ ഭക്തനായ ഒരു മുത്തഫൻ ഉണ്ടായിരുന്നു. അദ്ദേഹം എന്നും തിരുമാന്ധാംകുന്നത്തു ഭഗവതിയെ തൊഴുതു വരുമായിരുന്നു. കാൽനടയായി വേണ്ടിയിരുന്നു യാത്ര എന്നതിനാൽ അതെത്ര ശ്രമകരമായിരുന്നിരിക്കണം എന്ന് നമുക്കൂഹിക്കാമല്ലോ? ഭക്തിയുടെ നിറവിൽ അതൊന്നും അദ്ദേഹത്തിന് ഒരു പ്രയാസമായി തോന്നിയിരുന്നില്ല്യ. അങ്ങനെ അദ്ദേഹം കുറെ കാലം തൊഴുതു പോന്നു. പതുക്കെ എല്ലാവരുമെന്നപോലെ അദ്ദേഹവും വാര്ദ്ധക്യത്തിന്റെ ആക്രമണത്തിന് കുറേശെ ഇരയാവാൻ തുടങ്ങി. കുറെ നാൾ വ്യാധികളെയൊക്കെ ചെറുത്ത് അദ്ദേഹം തന്റെ ഭജനം തുടര്ന്നു. പിന്നെ പിന്നെ ക്ഷീണം കൂടിവന്നപ്പോൾ ഒരു ദിവസം അദ്ദേഹം നിറകണ്ണുകളോടെ ഭഗവതിയോട് പറഞ്ഞു :
"തിരുമാന്ധാംകുന്നിലമ്മ തിരുവടീ, അമ്മേ , ഞാൻ അവശനായി തീർന്നിരിക്കുന്നു . ദിവസവും ഇത്ര ദൂരം താണ്ടി അമ്മയെ കാണാൻ വരാൻ ഇവന് ത്രാണിയില്ല്യാതെ ആയിത്തീർന്നിരിക്കുന്നു. അതിനാ ൽ ഞാനിനി ഇല്ലത്തിരുന്നു പ്രാർഥിക്കുകയേ ഉണ്ടാവൂ. ഭഗവതിയുടെ സാന്നിധ്യം എന്റെ മനാസ്സിലും ഇല്ലത്തും സദാ ഉണ്ടാകാൻ അനുഗ്രഹിക്കണേ" .
ഇത്രയും പ്രാർഥിച്ച് അമ്മയുടെ പാദങ്ങളിൽ സാഷ്ടാംഗം നമസ്കരിച്ച് മുത്തഫൻ ഇല്ലത്തേക്ക് തിരിച്ചു നടക്കാൻ തുടങ്ങി. കുറച്ചു ദൂരം പിന്നിട്ടപ്പോൾ പിന്നിൽ അധികം ദൂരെയല്ലാതെ ഒരു ആത്തേമ്മാരും തുണക്കാരത്തിയും നടന്നു വരുന്നത് അദ്ദേഹം കാണുകയുണ്ടായി. ഭഗവതിയെ പിരിഞ്ഞ ദുഖത്തിൽ അതാരാണ്, എങ്ങോട്ടയിരിക്കും അവർ എന്നുള്ള ചിന്തയൊന്നും അദ്ദേഹത്തിന്റെ മനസ്സിൽ പൊങ്ങിയതേയില്ല്യ. താമസിയാതെ ഇല്ലത്തെ പടിക്കലെത്തി. തിരിഞ്ഞു നോക്കിയപ്പോൾ ആ ആത്തേമ്മാരും തുണയും പിന്നിൽ തന്നെയുള്ളതായി കണ്ടു. വല്ല വഴിപോക്കരുമാകുമെന്ന് കരുതി മുത്തഫൻ പടി കടന്നു തെക്കോട്ടും ആത്തേമ്മാർ വടക്കോട്ടും പോയി.
മുത്തഫൻ കുളിക്കാൻ പോയി. ആത്തേമ്മാരോ? എത്ര വഴിനടന്നാലും ഒരിക്കലും ശുദ്ധം മാറാത്ത ആ ആത്തേമ്മാർ വടക്കിനിയുടെ വടക്കെ വാതിലിൽ കൂടി കയറുന്നത് ആരോ കണ്ടു. വാതിൽ താനേ അടഞ്ഞു. ആത്തേമ്മാർ അപ്രത്യക്ഷമായി, മാത്രമല്ല, അവിടെ സ്വയംഭൂവായ ഭഗവതിയായി, ശ്രീചക്രത്തിന്റെ രൂപത്തിൽ പ്രത്യക്ഷയായി. തുണയായി വന്ന സത്രീ തൂവപ്പറ്റ എന്ന പേരിലുള്ള പടിഞ്ഞാറെ പടിക്കലെ ഒരു വീട്ടിൽ താമസവും ആയി. മുത്തഫൻ കുളിച്ചുവന്നപ്പോൾ ആത്തേമ്മാർ അകത്തു പ്രവേശിച്ചതും തത്ക്ഷണം അപ്രത്യക്ഷമായതും വാതിൽ താനേ അടഞ്ഞു പോയതും എല്ലാം അത് കണ്ടു നിന്നയാൾ പറഞ്ഞു.
മുത്തഫനു കാര്യമെല്ലാം മനസ്സിലായി. അദ്ദേഹത്തിനുണ്ടായ സന്തോഷത്തിനതിരില്ല്യ. ഭഗവതിയുടെ പാദാരവിന്ദങ്ങളിൽ അദ്ദേഹം വീണു നമസ്കരിച്ചു. ആ പാദങ്ങൾ കണ്ണീരാൽ കഴുകി. ഭഗവതി എത്ര കാരുണ്യമാണ് തന്നിൽ ചൊരിഞ്ഞിരിക്കുന്നത്? തനിക്കു മാത്രമല്ല, വരും തലമുറയിലെ എല്ലാവർക്കും ഇവിട എപ്പോഴും ആ പുണ്യസാന്നിദ്ധ്യം അനുഭവിക്കാ മല്ലോ! ശ്രീചക്രത്തിന്റെ രൂപത്തിലാണ് ഭഗവതി സ്വയംഭൂവായി ഇല്ലത്തെ വടക്കിനിയിൽ അവതരിച്ചതെങ്കിലും മഹാത്രിപുരസുന്ദരിയായി, മഹാഭദ്രകാളിയായി, സൗമ്യദുർഗയായി,ശ്രീ പാർവതിയായി, സ്വയംവരപാർവതിയായി, ചണ്ഡികയായി, മഹിഷാസുരമർദിനിയായി, സർവസ്വരൂപിയായി, സർവേശ്വരിയായി, ദേവി പ്രത്യക്ഷമായി ഇല്ലത്തെ വടക്കിനിയിലും പരോക്ഷയായി സർവചരാരങ്ങളിലും വാഴുന്നു.
ആ ഭഗവതി നമ്മെയെല്ലാം സർവദാ കാത്തുരക്ഷിക്കട്ടെ!
കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ
കുലം ച കുലധർമം ച മാം ച പാലയ പാലയ
തിരുമാന്ധാംകുന്നിലമ്മ തിരുവടീ ശരണം
തിരുമാന്ധാംകുന്നിലമ്മ തിരുവടീ ശരണം
തിരുമാന്ധാംകുന്നിലമ്മ തിരുവടീ ശരണം
Comments
Post a Comment