ബാല്യത്തിൻറെ നിഷ്ക്കളങ്കത
"മുത്തശ്ശ്യമ്മേ , ഉണ്ണികൃഷ്ണൻ കൊന്ന അസുരന്മാരുടെ കഥകളൊക്കെ ഞങ്ങളോടു ഒന്നു പറയുമോ?"
മൂന്നു പേരക്കുട്ടികളും എന്റെ മടിയിലും മേലും കേറിയിരുന്നു പറഞ്ഞു. പൂതന എന്ന അസുരസ്ത്രീയുടെയും, ശകടാസുരൻ, തൃണാവർത്തൻ, ബകാസുരൻ, അഘാസുരൻ, വത്സാസുരൻ, ധേനുകാസുരൻ. പ്രലംബാസുരൻ, അരിഷ്ടാസുരൻ, കേശി, വ്യോമാസുരൻ എന്നീ പത്ത് അസുരന്മാരുടെയും കഥകൾ ഒന്നൊന്നായി ഞാൻ പറഞ്ഞു. എത്രയോ തവണ പറഞ്ഞതായതിനാൽ എനിക്ക് അയത്നമായി പറയാനും അവർക്ക് വലിയ സംശയങ്ങളില്ല്യാതെ ശ്രവിക്കാനും ഞെരുക്കമുണ്ടായില്യ. അപ്പോൾ അഞ്ചു വയസ്സുകാരി മീനാക്ഷി ചോദിച്ചു :
"മുത്തശ്ശ്യമ്മേ, കൃഷ്ണൻ എല്ലാ അസുരന്മാരേയും കൊന്നില്യേ? ഇനിയോ ? "
ഒന്നര വർഷം അധികം ജീവിച്ച പക്വതയോടെ ഏഴുവയസ്സുകാരി പാർവതി പറഞ്ഞു:
" മീനെ, ഇനി കൃഷ്ണൻ കംസനെയും കൂടി കൊന്നാൽ എല്ലാ ദുഷ്ടന്മാരും കഴിഞ്ഞു. മുത്തശ്ശ്യമ്മേ, അതും കൂടി പറയുമോ? എന്നാൽ സമാധാനമായി അല്ലെ മീനേ ?"
എല്ലാവരും തലകുലുക്കി. ഞാൻ കംസവധം കൂടി പറഞ്ഞു. അതിനുശേഷം ഇനി മധുരയിലും വൃന്ദാവനത്തിലും നല്ലവർ മാത്രമേയുള്ളൂ എന്നു പറഞ്ഞു നിർത്തി.
ഉടനെ മീനാക്ഷി പറഞ്ഞു:
" മുത്തശ്ശ്യമ്മേ, എനിക്കൊരു കാര്യം പറയാനുണ്ട്. എനിക്കച്ഛനെ കല്യാണം കഴിക്കാൻ പറ്റില്യ, കാരണം അച്ഛൻ കല്യാണം കഴിച്ചു കഴിഞ്ഞു. അതിനാൽ ഞാൻ കൃഷ്ണനെ കല്യാണം കഴിച്ച് നല്ല ആൾക്കാർ മാത്രമുള്ള വൃന്ദാവനത്തിൽ താമസിക്കാൻ പോകയാണ്. അതാണെൻറെ മോഹം,"
പാർവതിയുടെ ചുണ്ടുകളിൽ ചിരി വിടർന്നു. മൂന്നു വയസ്സുകാരൻ ശ്രീധർ മൗനം പാലിച്ചു.
"അതു മതി എന്റെ പൊന്നു തങ്കം " എന്നു പറഞ്ഞു ഞാൻ മൂവരെയും മാറോടടുക്കി പിടിച്ചു. എൻറെ കണ്ണുകൾ നിറഞ്ഞൊഴുകി. അവരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഉണ്ണിക്കണ്ണൻറെ കണ്ണിലും രണ്ടിറ്റു കണ്ണീർ ഞാൻ കണ്ടു. അസുരന്മാരില്ല്യാത്ത ലോകത്തിൽ ആശ്വാസത്തോടെ കളിക്കാൻ അവർ ഓടി പോയപ്പോൾ ഞാൻ പ്രാർത്ഥിച്ചു:
"ഭഗവാനേ, കൃപാസാഗരമേ, സ്നേഹം വര്ഷിച്ചുകൊണ്ട്, നേർവഴി കാട്ടി ഈ പിഞ്ചുകുഞ്ഞുങ്ങളെയെന്നപോലെ സർവ ജീവജാലങ്ങളേയും കാത്തു രക്ഷിക്കണേ! "
Comments
Post a Comment