കൃഷ്ണജന്മാഷ്ടമി
കൃഷ്ണജന്മാഷ്ടമി. നല്ല ദിവസം.ഭഗവാനെപ്പറ്റി ചിന്തിക്കാൻ ഏറ്റവും നല്ല പുണ്യദിവസം.അങ്ങനെ ഞാൻ കൃഷ്ണനെ പറ്റിയുള്ള , കൃഷ്ണൻറെ ഞാനുമായുള്ള ഒളിച്ചുകളികളെ പറ്റി ചിന്തിക്കാൻ തുടങ്ങി.ചിന്തക്ക് വിരാമാമിടാൻ ഒരുസംഭവവും മുതിരാത്തതിനാൽ ഞാൻ കൃഷ്ണചിന്തയിലാണ്ടു.
സുഖാനുഭവമുള്ളപ്പോഴൊക്കെ കൃഷ്ണൻ എൻറെ കൂടെത്തന്നെ ഉണ്ടെന്ന് തോന്നും.കൃഷ്ണന്റെ പ്രസാദാത്മകസാന്നിദ്ധ്യം തന്നെയാണ് എൻറെ മനപ്രസാദത്തിന്റെ ഒരൊറ്റ ഹേതുവെന്ന് നിസ്സംശയം മനസ്സ് പറയും.
ദുഖാനുഭവം വരുമ്പോൾ കൃഷ്ണൻ എന്നിൽ നിന്നും ഒളിച്ച് കളഞ്ഞു എന്ന് തോന്നിയിരുന്നു.അപ്പോൾ ഞാൻ കരയും. "കൃഷ്ണാ, നീ എവിടെ" എന്ന് കേഴും.കൃഷ്ണസാന്നിദ്ധ്യമില്ല്യാ
പിന്നേയും സുഖാനുഭവം വരുമ്പോൾ കൃഷ്ണൻ പ്രത്യക്ഷപ്പെട്ടതായി തോന്നും.അങ്ങനെ പാത്തും പതുങ്ങിയും ഏതാണ്ട് ആറു ദശാബ്ദമെങ്കിലും കഴിഞ്ഞപ്പോഴേക്കും കൃഷ്ണൻ ദുഖാനുഭവത്തിലുള്ള ഒളിച്ചുകളി നിർത്തി. ദുഖാനുഭവത്തിലും സുഖാനുഭവത്തിലെപ്പോലെ ആ ദിവ്യസാന്നിദ്ധ്യം അനുഭവപ്പെട്ടു തുടങ്ങി.
ഇന്ന് കൃഷ്ണാഷ്ടമിയായി ഞാൻ കിടക്കാൻ പോകുന്നതിന് മുൻപ് കൃഷ്ണനോട് ചോദിച്ചു:
"എന്തിനിത്രകാലം ഒളിച്ചുകളി നടത്തി? തീക്ഷ്ണ ദുഖാതുരയാകുമ്പോൾ എന്നിൽ നിന്ന് അകന്നു മാറിനിന്നിരുന്നത് ശരിയായിരുന്നില്ല്യ കൃഷ്ണാ."
കൃഷ്ണൻ പുഞ്ചിരിതൂകിക്കൊണ്ട് എൻറെ പഴകിയ ഹൃദയത്തിൻറെ വാതിൽ തുറന്നു മന്ത്രിച്ചു:
"ഞാനെന്നും എല്ലാനേരത്തും നിൻറെ കൂടെത്തന്നെയുണ്ടായിരുന്നു. ദുഃഖം വരുമ്പോൾ നീ ഈ വാതിൽ കൊട്ടിയടച്ച് എന്നെ കാണാനില്ല്യെന്നു പറഞ്ഞു മുറവിളി കൂട്ടും. മറ്റെല്ലാ ദിക്കുകളിലും നീ തിരയും. കാണാതെ കുറെ കഴിഞ്ഞ് ഞാൻ വർഷിച്ച ശാന്തിയാണെന്നറിയാതെ സുഖാനുഭവത്തിൽ ശാന്തയായി വാതിൽ തുറന്ന് എന്നെ കണ്ട് സമാധാനിക്കും." കൃഷ്ണൻ തുടർന്നു :
"കുട്ടീ, (കുട്ടിയോ? ഞാൻ ഞെട്ടി. മാതാപിതാകളുടെ മരണശേഷം ഈ സംബോധന ഞാൻ കേട്ടിട്ടുണ്ടോ?) നിൻറെ സുഖവും ദുഖവും എനിക്ക് വ്യത്യാസമില്ല്യ. കാരണം അതൊക്കെ നിൻറെ മനസ്സിലാണ്. ഞാൻ മനസ്സിലല്ല, ഹൃദയത്തിലാണ് വാസം. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഞാൻ മനസ്സിനപ്പുറമുള്ള നീ തന്നെയാണ് .ഇതൊരു പാഴ്വാക്കല്ല. നിന്നെത്തന്നെ തേടിപ്പോയാൽ നീ എന്നിലെത്തും. ഒട്ടും സംശയിക്കേണ്ട. നമ്മൾ ഒന്നാണ് . ദ്വൈതാനുഭാവത്തിൽ അത് മനസ്സിലാക്കാൻ പറ്റില്ല്യ. അതിനാൽ ഓർത്തോളൂ, ഞാൻ സർവദാ നിന്റെ കൂടെയുണ്ട്. അദ്വൈതാനുഭവത്തിൽ നമ്മളൊന്നും."
ദ്വൈതാനുഭവത്തിൽ മാത്രം സ്ഥിതി ചെയ്യാൻ അറിയുന്ന എൻറെ പഴംകണ്ണുകൾ നിറഞ്ഞൊഴുകിയപ്പോൾ ആ അദ്വൈതശിശു കണ്ണീർ തുടച്ച് പിഞ്ചു കൈകൾ കൊണ്ട് എന്നെ തലോടി. ഞാനങ്ങനെ ജന്മാഷ്ടമിയായി സുഖമായുറങ്ങി.
Comments
Post a Comment