പരിഭവം
--------------------
കണ്ണാ നിൻ കണ്ണിണയൊന്നു തുറക്കാതെ
കണ്ണും ചിമ്മിയിരിക്കയാണോ ?
കണ്ണീർകണങ്ങളാൽ കാലു നനച്ചിട്ടും
കണ്ണനു കൂസലില്ല്യെന്തത്ഭുതം !
കണ്ണുനിറഞ്ഞു വഴിഞ്ഞോഴുകുമ്പോഴും
കല്ലായ് തന്നെയിരുന്നാലോ കണ്ണാ !
കല്ലുമലിയുന്ന ദുഃഖങ്ങൾ കാണുമ്പോൾ
കണ്ടില്ല്യെന്നു നടിക്കാമോ കണ്ണാ?
കാരുണ്യം വാരി വിതറുവാനങ്ങക്കും
കാലം നോക്കീട്ടു വേണമെന്നോ!
കാരുണ്യവാരിധിയാണെന്നു കേൾക്കുന്നു
കാരുണ്യമെന്നെന്നിൽ വർഷിച്ചീടും?
കല്ലായിത്തീർന്നോരഹല്യയെ രാമനായ്
കല്യാണരാമനായ് രക്ഷിച്ചില്ല്യേ?
പാണ്ഡവന്മാരേയും കാത്തു രക്ഷിച്ചില്ല്യേ
പാണ്ഡ്യരാജാവാം ഗജേന്ദ്രനേയും ?
കരുണാകരൻ കൃഷ്ണൻ ഭക്തപ്രിയനത്രെ
കാരുണ്യം കഥകളിൽ മാത്രമെന്നോ?
കാലമാം കാളിയദംശനമേൽക്കുമ്പോൾ
കാണാത്ത ഭാവത്തിൽ നിന്നിടാമോ ?
നാഗാരിവാഹനനെങ്ങുപോയീയെൻ
കാലചക്രാധീശൻ എങ്ങുപോയി?
കണ്ണിൽ പൊടിയുവാൻ ചോരമാത്രമിനി
കണ്ണാ പോരേ പരീക്ഷണങ്ങൾ?
കാലാതീതനാം കണ്ണനെയോർത്തോർത്തു
കാലമാനവധി കാത്തിരുന്നു
കൃഷ്ണകടാക്ഷത്തിന്നർഹയല്ലെങ്കി ലോ
കാർവർണ്ണാ കഷ്ടമായ് ഞാൻ വലഞ്ഞു.
കാലയവനിക വീഴുമ്പോളങ്ങതൻ
കാലിണ മാത്രം സ്മരിച്ചീടാനായ്
കാരുണ്യവാരിധേ മനമിതിൽ തെളിയേണം
കാർവർണൻ ലീലകളാടീടേണം
കൃഷ്‌ണൈകശരണയാമെന്നുടെയിംഗിതം
കൃഷ്ണപാദങ്ങളിലർപ്പിക്കട്ടെ
കാലന്റെ കാലനെ കണ്ടുകൊണ്ടങ്ങനെ
കാലയവനിക താഴ്ന്നിടട്ടെ
Comments
Post a Comment