രുഗ്മിണീദേവിയുടെ മനോഭാവം.
ഭാഗവതം ദശമസ്കന്ധം അൻപത്തിരണ്ടാം അദ്ധ്യായത്തിൽ രുഗ്മിണീദേവിയുടെ സന്ദേശവാഹകനായ ബ്രാഹ്മണൻ ഭഗവാനെ സന്ദേശം കേൾപ്പിക്കുന്ന ഭാഗമുണ്ട്. അത് വായിച്ചപ്പോൾ എന്റെ മനസ്സിനെ ആ സന്ദേശം എങ്ങനെ ഉണർത്തി , ഉത്തേജിതമാക്കി എന്ന് ഞാൻ സമാനമനസ്കരുമായി പങ്കിടാൻ ആഗ്രഹിക്കുന്നു. കാരുണ്യത്തോടെ ഭഗവാനെന്നപോലെ വായിക്കുന്നവരെല്ലാം എന്റെ കല്ലും മണ്ണും കലർന്ന ഈ അവിൽപ്പൊതി ഉണ്ടാക്കാനിടയുള്ള അലോസരത്തിന് മാപ്പ് തരുവാൻ പ്രാർഥിക്കുന്നു .
തസ്യാംഘ്രിപങ്കജരുജ: സപനം മഹാന്തോ
വാഞ്ഞ്ച്ഛന്ത്യുമാപതിരിവാത്മതമോ പഹത്യൈ
യാഹ്യംബുജാക്ഷ ന ലഭേയ ഭവത് പ്രസാദം
ജഹ്യാമസ്മൻ വ്രതകൃശാൻ ശതജന്മഭി: സ്യാത്
ഹേ അംബുജാക്ഷ!യാതൊരു ദേവന്റെ തൃപ്പദകമലങ്ങളിലെ ധൂളിയിൽ കുളിക്കുകയെന്നതു തങ്ങൾക്കുള്ള അജ്ഞാനത്തെ അകറ്റുന്നതിന് പരമശിവൻ പോലെയുള്ള മഹാന്മാർ പോലും ആഗ്രഹിച്ചുകൊണ്ടിരിക്കുന്നുവോ അങ്ങനെയുള്ള അങ്ങയുടെ പ്രസാദത്തെ ലഭിക്കാതെ വരുന്ന പക്ഷം വ്രതങ്ങൾ കൊണ്ട് കൃശമായിത്തീർന്ന പ്രാണനെ ഞാൻ വെടിഞ്ഞേക്കും അങ്ങനെ അനേക ജന്മങ്ങളാൽ ആ പ്രസാദം ഉണ്ടാകും.
ഇതാണ് ശ്ലോകത്തിന്റെ സാരം. ഇതിനെ, ആഗ്രഹസാഫല്യമുണ്ടായില്ല്യെങ്കിൽ ഇതാ എന്റെ ആത്മഹത്യാഭീഷണി കേട്ടോളൂ എന്നെടുക്കാതെ ഈ ശ്ലോകം നമ്മുടെ മനസ്സിനെ എങ്ങനെ ഭഗവദ് ഭക്തിയാലും ശുഭാപ്തിവിശ്വാസത്താലും നിറക്കുന്നു എന്ന് നോക്കാം.
ആദ്യം രുഗ്മിണിയുടെ മാനസികാവസ്ഥയിലേക്ക് എത്തിനോക്കാം. ഭക്തിയാലും സ്നേഹപാരവശ്യത്താലും അലിഞ്ഞ മനസ്സിൽ ഭഗവാനെ പ്രതിഷ്ഠിച്ചു കഴിഞ്ഞിരുന്നു രുഗ്മിണി. ഭഗവാന്റെ നിരന്തരസാന്നിദ്ധ്യം മനസ്സില് ഉണർത്തുന്ന ആനന്ദം മാത്രമേ ശാശ്വതമായുള്ളു എന്ന് രുഗ്മിണി ഉറച്ച് വിശ്വസിച്ചിരുന്നു. ആ ഭഗവാനെ പ്രാപിക്കുക എന്നാ ഒറ്റ ലക്ഷ്യമേ ആ മനസ്സിൽ ഉണ്ടായിരുന്നുള്ളു. അതിനു വേണ്ടി സഹിക്കുന്ന എന്തു ത്യാഗവും ത്യാഗമായി തോന്നിയിരുന്നതുമില്ല്യ. ലക്‌ഷ്യം ഉറപ്പായിരുന്നതിനാൽ ചിത്തത്തിനിളക്കമില്ല്യായിരുന് നു.ഇത് സാധ്യജന്മം തന്നെയാണെന്നു വിചാരിച്ച് എല്ലാ വ്രതങ്ങളും അനുഷ്ഠിച്ചിരുന്ന രുഗ്മിണിയുടെ മനസ്സിൽ നിരാശക്കോ, മടുപ്പിനോ, ദേഷ്യത്തിനോ സ്ഥാനമുണ്ടായിരുന്നില്ല്യ. സുകൃതം കൊണ്ടു ലഭിച്ച, രുഗ്മിണി എന്ന പേരിനാൽ അറിയപ്പെട്ടിരുന്ന ആ ശരീരം കൊണ്ടു തന്നെ, ആ ജന്മത്തിൽ തന്നെ ഭഗവാനെ പ്രാപിച്ചാൽ സന്തോഷം. സുകൃതം പോരാത്തതിനാൽ അത് സാധിച്ചില്ല്യെങ്കിലോ, ആ ശരീരം വിട്ട് മറ്റൊരു ശരീരം സ്വീകരിക്കുമ്പോഴും താൻ ലക്ഷ്യത്തിലുറച്ചു നിൽക്കുമെന്നും ലക്ഷ്യത്തിലെത്തുന്നതുവരെ എത്ര ശരീരങ്ങൾ എടുക്കുന്നതിനും വിരോധമില്ല്യെന്നും ആയിരുന്നു രുഗ്മിണിയുടെ മനോഭാവം. എത്ര നല്ല മനോഭാവം! നിരാശക്കിടംകൊടുക്കാത്ത ശക്തിയേറിയ മനസ്സ്. ഇത്തരം യഥാർഥ ഭക്തർ നമുക്ക് ഉത്തേജനം നൽകുന്നു. ലക്ഷ്യത്തിലെത്താൻ സഹായിക്കുന്നു. ഭഗവദ്പ്രസാദമാണ് ലക്ഷ്യമെങ്കിൽ മറ്റൊന്നും ഓർക്കണ്ട. നിരന്തരഭഗവദ്സ്മരണം ചെയ്യുക. സുകൃതം തികയുമ്പോൾ നാം അർഹിക്കുന്നത് നമുക്ക് ലഭിക്കും. അതുവരെ ഭഗവാനെ സ്മരിക്കാനുള്ള സുകൃതം ഉണ്ടാകട്ടെ എന്ന് പ്രാർഥിച്ചു മുന്നോട്ടു പോകുക. രുഗ്മിണീദേവിയുടെ മനോഭാവം എല്ലാ മനസ്സുകളേയും ഉത്തേജിപ്പിക്കട് ടെ എന്ന് പ്രാർഥിക്കുന്നു. ഭഗവദ് പാദങ്ങളിൽ വീണ്ടും വീണ്ടും നമസ്കാരം!!
Comments
Post a Comment