സർവഭൂതാന്തര്യാമി
-----------------------------
മാനസികാവസ്ഥ അനുസരിച്ചാണല്ലോ നമ്മുടെ ഏവരുടേയും എല്ലാറ്റിനോടുമുള്ള പ്രതികരണം? ഒരു സമയത്ത് സുഖം പ്രദാനം ചെയ്ത അതേ വസ്തു മറ്റൊരു സമയത്ത് ദുഖവും പ്രദാനം ചെയ്യാം. ഉദാഹരണങ്ങൾ എത്ര വേണമെങ്കിലും പറയാം. ശ്രീ രാമനെ യുവരാജാവായി അഭിഷേകം ചെയ്യാൻ നിശ്ചയിക്കുന്നതു വരെ കൈകേയി ദശരഥന്റെ മനസ്സിനെ ആനന്ദമഗ്നമാക്കുന്ന പ്രിയപത്നി ആയിരുന്നു. പക്ഷെ ആ നിശ്ചയത്തോടെ കൈകേയി ദശരഥന്റെ മനസ്സിനെ തപിപ്പിക്കുന്ന അഗ്നിയായി മാറി. ചെറുപ്പത്തിൽ അത്യാസക്തിയോടെ മോടികൂട്ടിയും അലംകരിച്ചും ശരീരത്തിന്റെ ആകാരസൗഷ്ഠവത്തിൽ ആനന്ദവും അഹംകാരവും കൊണ്ട അതേ മനസ്സു തന്നെ പ്രായമാകുമ്പോൾ ശരീരം വ്യാധികൾ കൊണ്ടും ജരാനരകൾ കൊണ്ടും തളരുകയും പ്രാകൃതമാകുകയും ചെയ്യുമ്പോൾ പലപ്പോഴും അതുപേക്ഷിക്കാൻ വെമ്പൽ കൊള്ളുന്നതും കാണാം. മനസ്സ് തകർന്നിരിക്കുമ്പോൾ കരിങ്കാറു മൂടിയ ആകാശവും വാർന്നൊലിക്കുന്ന മഴയും നമ്മെ പൂർവാധികം ദുഖിപ്പിക്കാം.മനസ്സ് ആനന്ദഭരിതമാണെങ്കിൽ അതേ നീരദജലദവും തകർത്തു പെയ്യുന്ന മഴയും നമ്മെ പൂർവാധികം ഉല്ലാസഭരിതമാക്കുന്നു. ഇതാണ് മനുഷ്യമനസ്സ്. ഇനി നമുക്ക് കൃഷ്ണനെ കാണുകയോ , ഓർക്കുകയോ , ചിന്തിക്കുകയോ ചെയ്യുന്ന നമ്മുടെ തന്നെ പല മാനസികാവസ്ഥകളെ പരിഗണിക്കാം. ഏതവസ്ഥയിലുള്ള മനസ്സിന്റേയും, കൃഷ്ണചിന്തയോടുള്ള പ്രതികരണം എനിക്ക് മുൻപറഞ്ഞതിൽ നിന്ന് വ്യത്യസ്തമായി തോന്നുന്നു. ആ അനുഭവം വായനക്കാരുമായി ഞാൻ പങ്കിടാൻ ആഗ്രഹിക്കുന്നു. അനുഭവം പങ്കു വെക്കുന്നതിലുമുപരി ഇതിൽ ആരുടെ അനുഭവം തെറ്റ് അല്ലെങ്കിൽ ശരി എന്ന് ഞാൻ മനസ്സിൽ വിചാരിക്കുകയോ പറയുകയോ ചെയ്യുന്നില്ല്യ. അതിനാൽ തെറ്റായി തോന്നുന്നതെല്ലാം സദയം ക്ഷമിക്കുക.
ദുഖനിമഗ്നമായ ഒരു മനസ്സ് നീലക്കാർവർണന്റെ രൂപത്തെ സ്മരിക്കുമ്പോൾ ആ പാദാംബുജങ്ങളിൽ അശ്രു ചൊരിഞ്ഞ്, എല്ലാം കൃഷ്ണനുമായി പങ്കു വെച്ച് ആശ്വാസം തേടുന്നു. സന്തോഷഭരിതമായ മനസ്സോ ? നീലക്കാർവർണന്റെ കൂടെ ഓടി നടന്ന്,കൃഷ്ണാനുഗ്രഹം അറിഞ്ഞ് ,കൃതജ്ഞതയോടെ ശാന്തമായി ഭവിക്കുന്നു. അസൂയയും ദ്വേഷവും അഹംകാരവും നിറഞ്ഞ മനസ്സ് കാർമുകിൽവർണനെ ഒര്ക്കാൻ തുടങ്ങുന്ന നിമിഷം അലിഞ്ഞു തുടങ്ങുന്നു. അസൂയയുടേയും ദ്വേഷത്തിന്റേയും അഹംകാരത്തിന്റേയും കറുപ്പു നിറം കാർവർണ നീലിമയിൽ അലിഞ്ഞു ചേരുന്നു. മനസ്സ് ശാന്തമാകയും ചെയ്യുന്നു. പരിഭവപൂർണമായ മനസ്സാകട്ടെ, ആവലാതികളെ കണ്ണീരൊഴിച്ചു കുറു ക്കി ഭഗവാന് സമർപ്പിക്കുന്നു. അതോടെ കാറൊഴിഞ്ഞ ആകാശം പോലെ മനസ്സ് തെളിയുന്നു. ഇതാണ് വ്യത്യാസം. ബാക്കി സംഭവങ്ങളും വസ്തുക്കളും നമ്മുടെ മനസ്ഥിതി അനുസരിച്ച് സുഖവും ദുഖവും പ്രദാനം ചെയ്യുന്നു. എന്നാൽ ഏതു മാനസികാവസ്ഥയിലും കൃഷ്ണന്റെ നാമമോ രൂപമോ ലീലകളോ സ്മരിച്ചു നോക്കൂ. മനസ്സു തെളിയും, ശാന്തമാകും. മനോരഥം സഫലമാകുമോ ഇല്ല്യയോ എന്നൊന്നും ചോദ്യമില്ല്യ. ആഗ്രഹസാഫല്യം ഉണ്ടായാലും ആഗ്രഹങ്ങൾ കത്തിയെരിഞ്ഞ് ചാമ്പലായാലും കൃഷ്ണസ്മരണം തീർച്ചയായും ശാന്തി നൽകും. സന്തോഷത്തിൽ നിന്നുദിക്കുന്ന അശാന്തിയായാലും ദുഖത്തിൽ നിന്നുദിക്കുന്ന അശാന്തിയായാലും അതിനെ നിർവീര്യമാക്കുന്നു ആ ദിവ്യശക്തി.
ഇനി ഇതിന്റെ കാരണവും പറയാൻ ശ്രമിക്കാം.മറ്റൊന്നുമല്ല. നാം മനസ്സിന്നതീതമായ കൃഷ്ണനിൽ സദാ നിലകൊള്ളുന്നു. അതിനാൽ നാം മനസ്സിന്റെ വികല്പങ്ങളിൽ മുഴുകിയാലും കൃഷ്ണസ്മരണ ഉണ്ടായാൽ ഉടനെ മനസ്സ് കൃഷ്ണസാന്നിദ്ധ്യം അറിയുന്നു. ആ നിമിഷം മനസ്സ് ശാന്തമാകാൻ തുടങ്ങുന്നു.
സർവഭൂതജാലങ്ങളുടേയും അന്തര്യാമിയായ, എന്റേയും ഇത് വായിക്കുന്ന ആളുടേയും അന്തര്യാമിയായ, ആ ശാന്തമൂർത്തിക്ക് അനേകകോടി നമസ്കാരം
Comments
Post a Comment