അറിയപ്പെടാത്ത ചോരൻ
------------------------------ ----------------
ചോരന്മാർ അഥവാ കള്ളന്മാരെല്ലാം അറിയപ്പെടാൻ ആഗ്രഹിക്കാത്തവരാണല്ലോ? പിടിക്കപ്പെട്ടു കഴിഞ്ഞാൽ ചോരൻ അല്ല, അയാൾ കുറ്റവാളിയായി മാറി. പിന്നെ ശിക്ഷയായി, കള്ളത്തരത്തിനു വിരാമമിട്ടുകൊണ്ട് കാരാഗൃഹത്തിൽ പോകയും വേണം.. പറ്റുന്നത്ര പിടികൊടുക്കാതെ നോക്കുന്നു കള്ളന്മാർ. അങ്ങനെ കള്ളന്മാർ ആയിത്തന്നെ കുറേ കാലമൊക്കെ കഴിയാം. പക്ഷെ കളവു തുടർന്നാൽ എപ്പോഴെങ്കിലും പിടിക്കപ്പെടുകതന്നെ ചെയ്യും.
എന്നാൽ മറ്റൊരു സമർത്ഥനായ ചോരൻ ഉണ്ട്. പിടിക്കപ്പെടുകയേ ഇല്ല്യ. കൊച്ചുനാളുകളിൽ വെണ്ണയും തൈരും പാലും കട്ടുതിന്നതിന് പലതവണ പിടിക്കപ്പെട്ടിട്ടുണ്ട് എന്നത് ശരി. പക്ഷെ അതൊക്കെ പിഞ്ചുകുഞ്ഞുങ്ങളുടെ കുസൃതിയായി മറന്നു. ആ കൊച്ചു കള്ളൻ വലുതായപ്പോൾ അടവ് പാടേ മാറ്റി. തൊണ്ടി സഹിതം പിടിക്കാൻ അവസരം നൽകാതെ ഫലപ്രദമായ രീതിയിൽ കളവു തുടർന്നു. ഇപ്പോഴും തുടരുന്നു. അതെങ്ങനെയെന്നല്ലേ? പറയാം.
നവനീതചോരൻ ഇളംപ്രായത്തു തന്നെ പാലുൽപ്പന്നങ്ങൾ അപഹരിക്കുന്നത്തിനോടൊപ്പം അവിടെയുള്ളവരുടെയെല്ലാം മനസ്സും കവർന്നിരുന്നു. പാലും വെണ്ണയും തൈരും കവർന്നിരുന്നത് കുറെയൊക്കെ അവർ അറിഞ്ഞിരുന്നു, പക്ഷെ അവരാരും ആ ചോരൻ അവരുടെ മനസ്സും തട്ടിയെടുത്തിരുന്നുവെ ന്നറിഞ്ഞില്ല്യ. അത് മനസ്സിലാക്കാൻ മനസ്സ് ഉണ്ടായിട്ടു വേണ്ടേ ?
നവനീതചോരൻ വളർന്നു. ഗൗരവം നടിച്ച് പാൽ, വെണ്ണ, തൈർ, കളവുകൾ തീരെ നിർത്തി. ഒരിക്കൽ കുറച്ചു നേരത്തേക്ക് ചില സ്ത്രീകളുടെ കുറെ തുണികൾ ഒളിപ്പിച്ചു വെച്ചു, അധികം താമസിയാതെ അവർക്കു തന്നെ അത് തിരിച്ചു കൊടുക്കുകയും ചെയ്തു. പക്ഷെ അവരുടെ കവർന്ന മനസ്സ് ഒരിക്കലും തിരിച്ചു നല്കിയില്യ, അതവർ അറിഞ്ഞതുമില്ല്യ. പാവം അവരുടെ മനസ്സ് സദാ ആ നവനീതചോരനെ തിരഞ്ഞു നടന്നു,
അങ്ങനെ സ്നേഹിക്കുന്നവരുടെ എല്ലാം മനസ്സുകൾ കവർന്ന് , സ്വമേധയാ അവ ഒരിക്കലും തിരിച്ചു കൊടുക്കുകയോ, സ്വയം തൊണ്ടിസഹിതം പിടിക്കപ്പെടാൻ അനുവദിക്കുകയോ ചെയ്യാത്ത ഒരു അനശ്വര മോഷ്ടാവാണ് നമ്മുടെ കണ്ണിലുണ്ണിയായ കണ്ണൻ. സൂക്ഷ്‌മരൂപത്തിലുള്ള മനസ്സും വിചാരങ്ങളും ഒക്കെ വെണ്ണയും പാലും പോലെയാണോ? കണ്ണൻ അവയും എടുത്ത് ഓടിമറയുന്നത് അറിയാനോ, കാണാനോ ഒന്നും നമുക്കൊട്ടു പറ്റുകയുമില്ല്യ. പിന്നെ തൊണ്ടിസഹിതം കള്ളനെ പിടിക്കേണ്ട കാര്യം പറയേണ്ടതില്ല്യല്ലോ?
മനസ്സ് കവർന്നു കഴിഞ്ഞാൽ ഒന്ന് മാത്രമറിയാൻ പറ്റും . എന്തോ ഒരു ശക്തി, എന്തോ അപാരശാന്തി പ്രദാനം ചെയ്യുന്ന ശക്തി, നമ്മളെ കൃഷ്ണനിലേക്കു സദാ ആകർഷിച്ചുകൊണ്ടിരിക്കുന്നു. "കർഷതി ഇതി കൃഷ്ണ " എന്ന കൃഷ്‌ണനാമത്തിന്റെ അർത്ഥത്തെ പൂർണമായും അർത്ഥവത്താക്കിക്കൊ ണ്ട് .കൃഷ്ണൻ നമ്മെ സദാ ആകര്ഷിച്ചുകൊണ്ടിരിക്കുന്നു, അതോടൊപ്പം വിവിധ അനുഭവങ്ങൾ നൽകി നമ്മെ ഉഴുതു മറിക്കയും ചെയ്യുന്നു. മനസ്സ് കവർന്നെടുത്താൽ മാത്രമേ തന്നെ സ്നേഹിക്കുന്നവരെ കൂടെ കൊണ്ടുനടക്കാൻ പറ്റൂ എന്ന് ആ ചോരാഗ്രഗണ്യന് നല്ലവണ്ണം അറിയാം.
നാം പറയുന്നു കൃഷ്ണൻ നമ്മുടെ മനം കവരുന്നു എന്ന്. ഇനി കൃഷ്ണന് പറയാനുള്ളതെന്താണെന്നു നോക്കാം. എല്ലാറ്റിനും ഒരു മറുവശമുണ്ടല്ലോ? കൃഷ്ണൻ എന്താണെന്നോ കൃഷ്ണനെ സ്നേഹിക്കുന്നവരെപ്പറ്റി പറയുന്നത്? അത് മനസ്സിലാക്കാൻ കൃഷ്ണൻ ഒരിക്കൽ ദുർവാസസ് മഹര്ഷിയോട് പറഞ്ഞ വാക്കുകൾ സഹായിക്കും. ഇതാ കൃഷ്‌ണന്റെ സ്വന്തം വാചകങ്ങൾ:
അഹം ഭക്തപാരാധീനോ ഹ്യസ്വാതന്ത്ര ഇവ ദ്വിജ
സാധുഭിർഗ്രസ്തഹൃദയോ ഭക്ത്തൈർ ഭക്തജനപ്രിയ:
ഹേ ബ്രാഹ്മണ! ഭക്തന്മാരുടെ അടിമയായുള്ള ഞാൻ തികച്ചും അസ്വതന്ത്രനാണ്. സജ്ജനങ്ങളായ ഭക്തന്മാരാൽ ഗ്രസിക്കപ്പെട്ട ഹൃദയത്തോടുകൂടിയവനും ഭക്തജനപ്രിയനുമാകുന്നു.
അതും പോരാ, ഭഗവാൻ തുടർന്നു :
" എൻറെ ഭക്തന്മാരിലുമുപരി ഞാൻ എന്നെത്തന്നെയും എന്നും വിട്ടുപിരിയാത്ത ലക്ഷ്മിയെത്തന്നെയും ആഗ്രഹിക്കുന്നില്ല്യ.ഭക്തന്മാർ എൻറെ ഹൃദയമാകുന്നു, ഞാനാകട്ടെ, ഭക്തന്മാരുടെ ഹൃദയവും ആകുന്നു. അവർ എന്നിൽ നിന്നും അന്യമായതിനെ അറിയുന്നില്ല്യ, ഞാൻ അവരിൽ നിന്ന് അന്യമായിട്ടെന്തെങ്കിലും അറിയുന്നില്ല്യ."
അതിൻറെ അർത്ഥം എന്താണ്? ഭഗവാൻ ഭഗവാനെ സ്നേഹിക്കുന്നവരുടെ മനസ്സു കവരുന്നു. അവരോ ? ഭഗവാനെ മുഴുവനായും കവർന്ന് അവരുടെ മനസ്സിൽ സ്നേഹപാശം കൊണ്ട് കെട്ടിമുറുക്കുകയും ചെയ്യുന്നു.
ഇപ്പോൾ നാം ശരിയായ ചിന്താക്കുഴപ്പത്തിലായി! ഭഗവാനോ ഭക്തനോ യാഥർത്ഥ ചോരൻ? ആർക്കറിയാം? നമുക്ക് കണ്ണനോട് തന്നെ ചോദിക്കാം. കൃഷ്ണാ, കുറച്ചു നേരത്തേക്കെങ്കിലും ആ മനസ്സ് ഒന്ന് തിരിച്ചു തന്നാൽ
മനസ്സിലാക്കാൻ ശ്രമിക്കാം. ഒക്കെ മായാമയം, അവ്യക്തം. കണ്ണാ, മായവും മാറിമായവും ഒക്കെ ഒന്നു നിർത്തി ഞങ്ങളെ ഈ മായാവലയത്തിൽ നിന്നും മോചിപ്പിക്കൂ
വ്രജേ വസന്തം നവനീതചോരം
വ്രജാമ്‌ഗനാനാം ച ദുകൂലചോരം
അനേകജൻമാർജിതപാപചോരം
ചോരാഗ്രഗണ്യം തമഹം ഭജാമി.
നവനീതചോരനും വ്രജസ്ത്രീകളുടെ വസ്ത്രം കക്കുന്നവനും ജന്മജന്മാന്തരങ്ങളിൽ ആർജിച്ച പാപങ്ങളെ കട്ടെടുക്കുന്നവനും ആയ ചോരന്മാരിൽ അഗ്രഗണ്യനായ അങ്ങയെ ഞാൻ ഭജിക്കുന്നു!
ആ ചോരാഗ്രഗണ്യന് അനന്തകോടി നമസ്കാരം!
Comments
Post a Comment