അറിയപ്പെടാത്ത അഥിതി
------------------------------ ---------------
അതിഥിയെ അറിയാൻ ശ്രമിക്കുന്നതിനു മുൻപ് അതിഥി എന്ന പദത്തിൻറെ അർത്ഥത്തിലേക്ക് ഒന്നെത്തിനോക്കാം. എല്ലാ ചാന്ദ്രമാസത്തിലും ഒരു അമാവാസിയും ഒരു പൗർണ്ണമിയും വരുമല്ലോ? അമാവാസി അഥവാ കറുത്ത വാവ് കഴിഞ്ഞു പിറ്റേ ദിവസം ഒന്നാമത്തെ തിഥിയെ കുറിക്കുന്ന പ്രഥമ. രണ്ടാമത്തെ ദിവസം ദ്വിതീയ. അങ്ങനെ പതിന്നാലാം ദിവസം ചതുർഥിയും പതിനഞ്ചിന് പൗർണ്ണമിയും . പിന്നെയും പ്രഥമ എന്ന തിഥിയിൽ തുടങ്ങി പതിനഞ്ചാം ദിവസം വീണ്ടും അമാവാസി വരുന്നു. അമാവാസി കഴിഞ്ഞു വരുന്ന പക്ഷത്തെ അഥവാ പതിന്നാലു ദിവസങ്ങളെ, ശുക്ലപക്ഷം എന്നും പൗർണമി കഴിഞ്ഞു വരുന്ന പക്ഷത്തിനെ കൃഷ്ണപക്ഷം എന്നും നാം പറയുന്നു. ചാന്ദ്രമാസത്തിൽ തിയ്യതികൾക്കു പകരം തിഥികൾ ആണെന്ന് നാം കണ്ടുവല്ലോ?
ഏതാണ്ട് മുപ്പതു നാൽപ്പതു കൊല്ലങ്ങൾക്കുമുമ്പ് വിരുന്നു പോകുന്നതിന് വലിയ ഒരുക്കങ്ങൾ അതിഥിക്കോ ആതിഥേയനോ ആവശ്യമുണ്ടായിരുന്നില്യ. ഇന്ന ദിവസം അഥവാ ഇന്ന തിഥിക്ക് വന്നാൽ സൗകര്യമാകുമോ, ആതിഥേയൻ സ്ഥലത് തുണ്ടാകുമോ എന്നൊന്നും ചോദിക്കാറില്ല്യ. മറ്റൊരു തരത്തിൽ പറഞ്ഞാൽ, തിഥിയൊന്നും നോക്കാതെ എപ്പോൾ വേണമെങ്കിലും മുന്നറിയിപ്പു കൂടാതെ ബന്ധുക്കളെയോ മിത്രങ്ങളെയോ സന്ദർശിക്കാം. അതായിരുന്നു നാട്ടുനടപ്പ്. അങ്ങനെ തിഥി നോക്കാതെ സന്ദർശിക്കുന്ന ആളാണ് വാസ്തവത്തിൽ "അ തിഥി".
എന്നാൽ ഇന്നത്തെ ലോകത്തിൽ നമുക്ക് "അ തിഥി"കൾ ഇല്ല്യേ ഇല്ല്യ. എല്ലാവരും തിഥി നോക്കി സൗകര്യം അന്വേഷിച്ചു സന്ദർശനം നടത്തുന്ന "തിഥി" കൾ മാത്രം.
അത് കൊണ്ടു തന്നെ "അതിഥി ദേവോ ഭവ" എന്ന ഉദാത്തമായ സങ്കൽപ്പവും പോയ് മറഞ്ഞു.
എന്നാൽ ഭൂതകാലത്തിലും, വർത്തമാനകാലത്തിലും ഭാവികാലത്തിലും എല്ലാം ജഗത്തിലെ സർവ്വചരാചരങ്ങളുടെയും അതിഥിയായി, തിഥി നോക്കാതെ വരികയും താമസിക്കയും, തിഥി നോക്കാതെ ചരാചരങ്ങളെ വിട്ടുപിരികയും ചെയ്യുന്ന ഒരേ ഒരു അതിഥിയുണ്ട് - അതാണ് നമ്മുടെ സർവാന്തര്യാമിയായ ഈശ്വരൻ.
മാതൃഗർഭത്തിൽ അറിയപ്പെടാത്ത അതിഥിയായി വന്ന് ജീവൻ നൽകുന്ന ആ അജ്ഞാതപുരുഷൻ നമ്മുടെ ഓരോരുത്തരുടേയും അതിഥിയായി കുറേനാൾ താമസിച്ച് വിവിധ സമയങ്ങളിൽ ദേഹാഭിമാനികളായ നമ്മുടെ ദേഹങ്ങളെ വെറും ജഡമാക്കി അപ്രത്യക്ഷമാകുന്നു. ആ സന്തതസഹചാരിയായ അതിഥിയെ അറിയാതെയും , "അതിഥി ദേവോ ഭവ" എന്ന സങ്കല്പം മറന്ന്, ആ ദിവ്യാഥിതിയെ ആദരിക്കുകയോ, സ്മരിക്കുകയോ പോലും ചെയ്യാതെ, നിശ്ശേഷം അവഗണിച്ച് നാളുകൾ നീക്കുന്നു. ആ അതിഥി ആരാണെന്നോ, എത്ര മഹാനാണെന്നോ, ഹൃദയകുഹരത്തിൽ വസിക്കുന്ന ആ അതിഥിയാണ് തൻറെ ഉണ്മക്ക് കാരണമെന്നോ അറിയാതെ ജീവിക്കുന്നു. "ഞാൻ" എന്ന് സദാ അഭിമാനിക്കുന്ന ആ "ഞാൻ' ആരാണെന്ന് അറിയാതെയിരിക്കുമ്പോഴും ആ അതിഥി നമ്മെ വിട്ടുപിരിയാതെ പിന്തുടരുന്നു. അവസാനം, ജന്മജന്മാന്തരങ്ങൾ വേണ്ടിവന്നാലും, "ഞാൻ" ആ അതിഥിയായി താദാത്മ്യം പ്രാപിക്കുന്നതുവരേയും ആ അറിയപ്പെടാത്ത അതിഥി ദേഹാദേഹാന്തരങ്ങളിലും നമ്മെ സചേതനമാക്കി, തന്നെ അറിയാനുള്ള അവസരം ഉണ്ടാക്കി, അനുഗ്രഹിച്ചുകൊണ്ടിരിക്കുന്നു.
ആ അജ്ഞാത അതിഥിയെ, ശ്രീപതിയെ, വാസുദേവനെ, നന്ദനന്ദനനെ, മുകുന്ദനെ, രാമചന്ദ്രപ്രഭുവിനെ, ദീനനാഥനെ, മുരളീധരനെ. പാർത്ഥസാരഥിയെ, ഗോപികാവദനചന്ദ്രചകോരത്തെ, എൻറെ കാർവർണനായ കൃഷ്ണനെ വീണ്ടും വീണ്ടും നമസ്കരിക്കുന്നു!
നമോസ്തുതേ മഹായോഗിൻ പ്രപന്നമനുശാധിമാം
യഥാ ത്വച് രണാംഭോജേ രതിസ്യാദനപായിനീം
Comments
Post a Comment