സർവദേവനമസ്കാരം കേശവം പ്രതിഗച്ഛതി
ഈ ദൃശ്യപ്രപഞ്ചം തന്നെ മനസിൻറെ സങ്കൽപ്പമാണെന്നാണല്ലോ അറിവുള്ളവർ പറയുന്നത്? അപ്പോൾ ആമഹാസങ്കല്പത്തിന്റെ ഉള്ളിൽ പല പല സങ്കല്പങ്ങൾ ഉണ്ടാവുന്നതിൽ അത്ഭുതപ്പെടാനില്ല്യല്ലോ?
അപ്രകാരം എൻ്റെ മനസ്സിൽ പൊങ്ങി വരുന്ന ഒരു സങ്കൽപ്പരംഗത്തിൻറെ തിരശ്ശീല മാറ്റിയാലോ?
ഞാനെന്നും രാവിലെ മനസാ ഗുരുവായൂരമ്പലത്തിൽ തൊഴുക പതിവുണ്ട്. നെന്മിനി ബിൽഡിങിസിൻറെ മുന്നിൽ നിന്ന് രാവിലെ ക്യൂവിൽ നിന്ന് പതുക്കെ കൊടിമരം കടന്ന് അമ്പലത്തിനുള്ളിലെത്തി. എന്റെ സങ്കൽപ്പത്തിൽ പ്രദക്ഷിണവീഥിക്കു മുകളിൽ കൂടി ഇന്നു കാണുന്ന കോണിയില്ല്യ. നേരെ അയ്യപ്പഭഗവാൻ്റെ സന്നിധാനത്തിൽ എത്തി. മന്ത്രം ചൊല്ലി തൊഴുതു. അയ്യപ്പഭഗവാനെ ധ്യാനിച്ച് കണ്ണടച്ചു. അതാ, എൻറെ മനക്കണ്ണിൽ ശ്യാമസുന്ദരനായ വേണുഗോപാലമൂർത്തി മാത്രം തെളിയുന്നു. അയ്യപ്പസ്വാമിയുടെ രൂപം എത്ര ഓർക്കാൻ ശ്രമിച്ചിട്ടും വരുന്നില്യ. കണ്ണുതുറന്നു ശ്രീകോവിലിൻറെ ഉള്ളിലേക്ക് വീണ്ടും നോക്കി. അയ്യപ്പസ്വാമിയെ കൺകുളിർക്കെ ഒന്നുകൂടി കണ്ടു . പാദാരവിന്ദങ്ങൾ തൊടുകയാണെന്നു സങ്കൽപ്പിച്ചു നമസ്കരിച്ചു. മനസ്സിൽ വീണ്ടും കണ്ണന്റെ കാലടികൾ തെളിയുന്നു. സാരമില്ല്യ അയ്യപ്പഭഗവാന് സന്തോഷമേ കാണൂ, അമ്മയായ മോഹിനി ഭഗവാനല്ലാതെ മറ്റാരുമല്ലല്ലോ?
പ്രദക്ഷിണം വെച്ച് പടിഞ്ഞാറേ നടയിലെത്തി. താഴികക്കുടവും കൊടിമരവും കൂടി കണ്ട് തൊഴുതു. വടക്കേ നടയിൽക്കൂടി നടന്ന് കിഴക്കേ നടയിൽത്തന്നെ എത്തി. കുന്നിക്കുരു വാരി, നാലമ്പലത്തിലേക്ക് കടക്കാൻ കാത്തു നിന്നു . പതുക്കെ വാതില്മാടത്തിൽ കയറി. ശ്രീ മേല്പത്തൂരിൻറെ ഓർമക്കായി കൊളുത്തിവെച്ച വിളക്കിനെ വന്ദിച്ച് മുൻപോട്ടു നടന്നു. അങ്ങനെ നാലമ്പലത്തിൽ കാലുകുത്താൻ ഭാഗ്യമുണ്ടായി. പതുക്കെ ഭഗവാൻറെ തിരുനടയിൽ എത്തി. ഹരയേ നമഃ എന്ന് നാലുപ്രാവശ്യം ചൊല്ലുമ്പോഴേക്കും തിരുനടയിൽനിന്നുംമാറാനുള്ള സമയമായി. പിന്നെ ആ തിരുമുറ്റത്ത് ഭഗവാൻറെ പാദങ്ങളെമനസ്സിൽ സങ്കൽപ്പിച്ച് വീണ്ടും വീണ്ടും നമസ്കരിച്ചു. നാലുനിമിഷം കാണാൻ സാധിച്ച ആ വേണുഗോപാലമൂർത്തിയുടെ രൂപം ഒരിക്കലും മനസ്സിൽനിന്നും മായരുതേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഏഴുന്നേറ്റു ഗണപതി ഭഗവാൻറെ നടയിലെത്തി.
ഏത്തമിട്ടു തൊഴുതു. മന്ത്രം ചൊല്ലി കണ്ണടച്ചപ്പോൾ എൻറെ മനക്കണ്ണിൽ ശ്യാമസുന്ദരനായ വേണുഗോപാലമൂർത്തി മാത്രം തെളിയുന്നു! എന്തോ, നേരിൽ വ്യക്തമായിക്കണ്ട ഗണപതിഭഗവാനെ കുസൃതിയായ കണ്ണൻ മനസ്സിലേക്ക് വരാൻ സമ്മതിക്കുന്നില്ല്യ. സാരമില്ല്യ . ഭഗവാൻറെ മരുമകനാണല്ലോ ഗണപതി ഭഗവാൻ?
പ്രസാദം മേടിച്ച് പദ്‌മനാഭസ്വാമിയെ തൊഴുതു നമസ്കരിച്ച് ശ്രീകോവിലിന്റെ പിന്നിലെ നരസിംഹാവതാരചിത്രത്തേയും വണങ്ങി പ്രദക്ഷിണം തുടർന്ന്, ഹനുമാനെ തൊഴുതു, കുറൂരമ്മയുടെ കല്ലിൽ കൊത്തിയരൂപത്തെയും നമസ്കരിച്ച് പുറത്തു കടന്നു.
ഇടത്തരികത്തു കാവിലമ്മയെ, ഭഗവതിയെ, തൊഴാൻ അങ്ങോട്ട് നടന്നു. ഭഗവതിയുടെ മുന്നിൽ കൈകൂപ്പി കണ്ണടച്ചു. കണ്ണൻറെ കുസൃതിക്കതിരുണ്ടോ? കണ്മുന്നിൽ കണ്ട ലോകജനനിയായ ഭഗവതിയേയും കണ്ണൻ എൻറെ മനസ്സിൽ വരാൻ സമ്മതിക്കുന്നില്ല്യ. കണ്ണൻ ശ്യാമസുന്ദരനായി അങ്ങനെ നിറഞ്ഞു നിൽപ്പാണ്. മന്ത്രം ചൊല്ലിയത് ഭഗവതിയുടെ തന്നെയല്ലേ? സംശയിച്ച് ഒന്ന് കൂടി ചൊല്ലി കണ്ണടച്ചു. മനക്കണ്ണിൽ കണ്ണൻ മാത്രം. സാരമില്ല്യ, ഭഗവതി പദ്മനാഭസഹോദരിയാണല്ലോ?
പിന്നെ വീണ്ടും കിഴക്കേ നടയുടെ മുൻപിലെത്തി. ആൾക്കൂട്ടത്തിൻറെ വിടവിൽക്കൂടി ഭഗവാനെ ഒരുനോക്കു കണ്ടു. ആ പാദങ്ങളിൽ നമസ്കരിച്ചു. കണ്ണീർ ധാരധാരയായി ഒഴുകി. കണ്ണാ, സർവ്വദേവനമസ്കാരം കേശവം പ്രതിഗച്ഛതി എന്ന് എനിക്ക് കണ്ണൻ ബോദ്ധ്യപ്പെടുത്തി തരികയാണോ? മുപ്പത്തിമുക്കോടി ദേവന്മാരും സർവ്വചരാചരങ്ങളും ആ പാദങ്ങളിൽ തന്നെയല്ലേ നമിക്കുന്നത് ? മറ്റൊരു ദേവനില്ല്യ. എല്ലാവരുടെയും മനസ്സിൽ ഒരേ ഒരു ദേവൻ.
അപ്പോൾ ഞാൻ കണ്ണുമടച്ച് ഓടക്കുഴലൂതി നിൽക്കുന്ന കണ്ണനോട് ചോദിച്ചു:
"കണ്ണാ, ഇപ്പോൾ കണ്ണൻറെ മനക്കണ്ണിൽ ആരാണ്? കണ്ണൻ ആരെ ധ്യാനിക്കുന്നു?
കണ്ണൻ പതുക്കെ മൊഴിഞ്ഞു:
" എൻറെ മനസ്സിൽ എൻറെ ഭക്തന്മാരെ ഞാൻ ധ്യാനിക്കുന്നു."
ശ്യാമസുന്ദരാ, അങ്ങയുടെ മനസ്സിൽ ഞാനുണ്ടാകാൻ ഒരു വഴിയും കാണുന്നില്ല്യ. സാരമില്ല്യ, എൻറെ മനസ്സിൽ അങ്ങ്, അങ്ങ് മാത്രം നിറഞ്ഞു നിൽക്കണേ . ആ രൂപം സദാ എന്റെ മനസ്സിൽ തെളിയിക്കണേ !
എല്ലാ ദേവീദേവന്മാർക്കും സർവചാരാചരങ്ങൾക്കും ചെയ്യുന്ന നമസ്കാരങ്ങൾ എല്ലാം അങ്ങയിൽ എത്തിച്ചേരുന്നു എന്നതിൽ സംശയമില്ല്യ.
ശ്രീകൃഷ്ണാർപ്പണമസ്തു
Comments
Post a Comment