ഒരു ആദ്ധ്യാത്മിക തോണിയാത്ര അഥവാ A spiritual river-cruise.
വിശ്വഭാഗവതപ്രയാഗിലൂടെ ഒരു ആദ്ധ്യാത്മിക തോണിയാത്ര! പരിശുദ്ധ നദിയാണ് വിശ്വഭാഗവതനദി. ഈ തോണിയാത്രക്ക് ക്ഷണം കിട്ടിയപ്പോൾ ആദ്യം ഭഗവാനോട് നന്ദി പറഞ്ഞു. അർഹതയില്ല്യാത്തവരേയും ക്ഷണിപ്പിക്കുകയോ ? അർഹതയുണ്ടാവാൻ ശ്രമിക്കുകയെങ്കിലും ചെയ്യട്ടെ എന്ന് കരുതിയായിരിക്കും ഭഗവാൻ അത് ചെയ്തത്. ലോകത്തിലെ പലസ്ഥലങ്ങളിൽ നിന്നും പലതോണികളിലായി കൃഷ്ണപ്രേമികൾ ഈ യാത്രയിൽ പങ്കെടുക്കുന്നു. ഏഴ് പകലുകളും ആറ് രാത്രികളുമാണ് യാത്രയുടെ നീളം. ഒരു ചെറിയതും, പഴയതുമായ ജീവിതനൗകയുമെടുത്ത് എൻറെ ജീവിതസഖിയും ഞാനും യാത്രക്കൊരുങ്ങി. രണ്ടുപേർ മാത്രം തുഴഞ്ഞു 335 നാഴികകൾ പിന്നിട്ട് യാത്ര പൂർത്തിയാക്കാൻ കഴിയുമോ? ആശങ്കയും ആശയും പലതവണ പൊരുതി. അവസാനം ഭഗവദ് പാദങ്ങൾ മനസ്സിൽ ധ്യാനിച്ച് ആശങ്കയെ പുറത്താക്കി, ഞങ്ങൾ ഭാഗവതനദിയിലേക്ക് തോണിയിറക്കാൻ തീർച്ചയാക്കി.
നദിയുടെ 335 നാഴിക നീളത്തെ 12 ഭാഗങ്ങൾ അഥവാ ഖണ്ഡങ്ങൾ ആയി തിരിച്ചിരിക്കുന്നു. എല്ലാ ഭാഗങ്ങളുടേയും നീളം ഒരുപോലെയല്ല. ചിലതു ചെറുത്, ചിലത് വലുത്, അങ്ങനെ പലവിധത്തിൽ. ഈ നദിയുടെ പ്രത്യേകത, എവിടെ നിന്നു കേറിയാലും ആ ഭാഗത്തെ ആദ്യത്തെ ഭാഗമായി കണക്കാക്കി മുൻപോട്ടുപോകാം എന്നതാണ്. എല്ലാവരും അവസാനം എത്തുന്നത് പന്ത്രണ്ടാമത്തെ ഭാഗത്തിൻറെ അന്ത്യത്തിൽ തന്നെ!
തലേദിവസം ഭാഗവതനദിയുടെ മാഹാത്മ്യത്തെപ്പറ്റി വായിച്ചു. എത്ര വായിച്ചതാണെങ്കിലും അതൊന്നു കൂടി വായിച്ചപ്പോൾ, വല്ലആശങ്കയും ബാക്കിയുണ്ടായിരുന്നു എങ്കിൽ അത് പറപറന്നു. യാത്രക്ക് തികച്ചും ഒരുങ്ങി.
പിറ്റേ ദിവസം ഭഗവാൻ വാസുദേവനെ നല്ലവണ്ണം പ്രാർത്ഥിച്ചു ഞങ്ങൾ തോണിയിലേറി. പതുക്കെ നല്ലവണ്ണം മനസ്സിരുത്തി തുഴയാൻ തുടങ്ങി. ഞങ്ങൾ മാറിമാറി തുഴഞ്ഞു കൊണ്ടിരുന്നു. ആദ്യത്തെ ഭാഗത്തിൽ തന്നെ കഥാകാരനായ ഉഗ്രശ്രവസ്സെന്ന സൂതനെ കണ്ടു . അദ്ദേഹം പന്ത്രണ്ടാമത്തെ ഭാഗാന്ത്യം എത്തുന്നതുവരെ ഭഗവദ് കഥകൾ പറയാമെന്നു വാക്കു തരികയും ചെയ്തു. ആന്ദലബ്ധിക്കിനിയെന്തു വേണം?
ആദ്യത്തെ ഭാഗത്തിൽ, വ്യാസനാരദസംഭാഷണവും , നാരദൻറെ പൂർവജൻമകഥയും, മഹാഭാരതയുദ്ധത്തിൻറെ അവസാനത്തെ ഭാഗവും ആയിരുന്നു വിഷയം. മാത്രമല്ല പരീക്ഷിത്തിൻറെ ശാപകഥയും, ഏഴുദിവസം ഭഗവദ് കഥകൾ കേൾപ്പിച്ച് പരീക്ഷിത്തിനെ ജീവിത-മരണ ചക്രത്തിൽ നിന്ന് രക്ഷിച്ച്, മോക്ഷം നൽകാൻ വ്യാസപുത്രനായ ശുകബ്രഹ്മർഷി വന്നണയുന്നതും അദ്ദേഹം പറഞ്ഞു.
പിന്നെ അടുത്ത ഭാഗത്തിലേക്ക് ഞങ്ങൾ പതുക്കെ തുഴഞ്ഞു. സൂതൻ കഥ തുടർന്നു. ഈ ഭാഗത്തിൽകൂടി സഞ്ചരിക്കുമ്പോൾ പ്രധാനമായും ഈ ലോകത്തിൻറെ സൃഷ്‌ടിയെപ്പറ്റിയാണ് പറഞ്ഞത്. എല്ലാകാരണങ്ങൾക്കും കാരണമായ ആ പരമാത്മചൈതന്യം എങ്ങനെ സർഗം എന്നറിയുന്ന സൃഷ്ടി നടത്തുന്നു എന്നത് ചുരുക്കി പറഞ്ഞു. എങ്ങനെ ഭഗവാൻ വിശ്വം മുഴുവൻ നിറഞ്ഞു നിൽക്കുന്ന വിരാട് സ്വരൂപനായി വാഴുന്നു എന്നതിൻറെ വിവരണം കേട്ടപ്പോൾ അദ്‌ഭുതം തോന്നി. ഇക്കാണുന്നതെല്ലാം ഭഗവദ് സ്വരൂപം തന്നെ. കാറ്റ് ഭഗവാൻറെ നിശ്വാസം, മേഘങ്ങൾ മുടി, നദികൾ രക്തധമനികൾ, സൂര്യചന്ദ്രന്മാർ കണ്ണുകൾ, അങ്ങനെ പോകുന്നു വിവരണം. ഒക്കെ ഉൾക്കൊള്ളാൻ കഴിയുമോ? ഒന്നു മാത്രം അറിയാം, കേൾക്കുമ്പോൾ വളരെ ആനന്ദം തോന്നുന്നു.
സൂതൻറെ പിറകിൽത്തന്നെയായി ഞങ്ങൾ മൂന്നാം ഭാഗത്തിലെത്തി. സൂതൻ പറയുന്നത് എല്ലാതോണികളിലേയും യാത്രക്കാർ ഒരുപോലെ ശ്രദ്ധിക്കുന്നു. കൈയിലെടുത്ത ഭാഗവതപുസ്തകം വായിക്കുകയും ചെയ്യുന്നു. തെറ്റാതെ വായിക്കാൻ വളരെ മനസ്സിരുത്തുന്നുണ്ട്. മൈത്രേയ-വിദൂര സംവാദത്തിൽ കൂടി പല കഥകളും മനസ്സിലായി. ബ്രഹ്‌മാവിന്റെ ജനനം, പിന്നെ വിസർഗ്ഗമെന്നപേരിലറിയുന്ന ബ്രഹ്മസൃഷ്ടിയുടെ ആരംഭം, ബ്രഹ്‌മാവിന്റെ മാനസപുത്രന്മാർ, വരാഹാവതാരവും ഹിരണ്യാക്ഷവധവും, ഹിരണ്യാക്ഷൻറെയും ഹിരണ്യാകശിപുവിൻറെയും ജന്മകാരണം, സ്വായംഭുവമനുവും ശതരൂപയും ബ്രഹ്‌മാവിൽനിന്നു ഉദ്ഭവിക്കുന്നത് , ദേവഹൂതിയെ കർദമമഹർഷി വിവാഹം കഴിക്കുന്നത്, കപിലോപാഖ്യാനം അങ്ങനെ നിരവധി കഥകൾ ശ്രവിച്ച് ഞങ്ങൾ നാലാം ഭാഗത്തെത്തി .
ദക്ഷയാഗം, ധ്രുവചരിതം, പൃഥുചരിതം, പൂരഞ്ജനോപാഖ്യാനം എന്നീ പല പ്രധാനകഥകളും നാലാംഭാഗത്തിൽ കേട്ടു. ഓരോ കഥയിൽനിന്നും എന്തെല്ലാം പഠിക്കാനും ജീവിതത്തിൽ പകർത്താനുമുണ്ട്!
അഞ്ചാം ഭാഗം ഒട്ടുമുക്കാലും ഗദ്യഭാഗത്തിലാണ് വ്യാസഭഗവാൻ എഴുതിയിട്ടുള്ളത്. ഋഷഭദേവൻ്റെയും, ജഡഭരതന്റേയും കഥകൾ എത്രകേട്ടാലും മതിവരില്ല്യ. അതുപോലെ ഭൂഗോളവർണനയും വ്യാസ ഭഗവാൻ എത്ര അദ്‌ഭുതകരമായി കൈകാര്യം ചെയ്തിരിക്കുന്നു! നരകവർണനകൾ കേട്ടാൽ ഭയമാകും. കുംഭീപാകം, വൈതരണി മുതലായ ഇരുപത്തിയെട്ടു നരകങ്ങളുടെ പേരുകൾ കേട്ടാൽ തന്നെ പേടി തോന്നും.
നാമമാഹാത്മ്യം വിളിച്ചോതുന്ന അജാമിളൻറെ കഥയോടെയാണ് ആറാം ഭാഗം തുടങ്ങുന്നത്. നാരായണകവചം എന്ന മഹാമന്ത്രവും അതിനോടനുബന്ധിച്ച കഥകളും ഒക്കെ നല്ല രസമായി കേട്ടു ! പിന്നെ വൃത്രാസുരൻറെ പൂർവജന്മമായ ചിത്രകേതുവിൻറെ കഥയും ഈ ഭാഗത്തിൽക്കൂടി സഞ്ചരിക്കുമ്പോൾ കേൾക്കാൻ സാധിച്ചു. ചിത്രകേതു ചൊല്ലിയ മന്ത്രം ഞങ്ങളും ഭക്തിപൂർവം ചൊല്ലി:
"ഓം നമോ ഭഗവതേ മഹാപുരുഷായ മഹാനുഭാവായ മഹാവിഭൂതിപതയേ സകലസാത്വതപരിവൃഢനികരകരകമലകുഡ് മളോപലാളിതചരണാരവിന്ദയുഗളപരമപരമേ ഷ്ഠിൻ നമസ്തേ "
ഞങ്ങൾ പതുക്കെ തുഴഞ്ഞു ഏഴാം ഭാഗത്തിൽ എത്തി. അവിടെ മുഴുവൻ നരസിംഹാവതാരം നിറഞ്ഞു നിൽക്കുന്നതായി തോന്നി. ഭക്തപ്രഹ്ലാദൻ അതാ കൈകൂപ്പി നിന്ന് സ്തുതിക്കുന്നു! തുഴഞ്ഞു മുൻപോട്ടു പോകാൻ പോലും മനസ്സ് വന്നില്ല്യ. പ്രഹ്ളാദസ്തുതിയും കേട്ട് അവിടെ ഇരുന്നാൽ മതിയെന്ന് തോന്നി. എങ്കിലും വർണാശ്രമവിഭാഗവർണ്ണനയും കേട്ട് ഞങ്ങൾ അടുത്ത ഭാഗത്തെത്തി.
ഭക്തപ്രഹ്ലാദനെ വിട്ടു പോന്ന സങ്കടം ഭക്തഗജേന്ദ്രൻറെ കഥ കേട്ടപ്പോൾ തെല്ലൊന്നു കുറഞ്ഞു. ശ്രീനാരായണാഖിലഗുരോ ഭഗവൻ നമസ്തേ! പാലാഴിമഥനവും കൂർമ്മാവതാരവും മഹാലക്ഷ്മിയുടെ ആവിർഭാവവും ഭഗവാൻറെ മോഹിനീവേഷത്തിലുള്ള ലീലകളും ഒക്കെ ഈ ഭാഗത്തിൻറെ ധന്യത വർദ്ധിപ്പിക്കുന്നു.ഇതൊന്നും പോരാ, നമ്മുടെ പ്രിയപ്പെട്ട മഹാബലിയെ വാമനമൂർത്തിയായി അവതരിച്ച് അനുഗ്രഹിച്ച കഥയും ഈ ഭാഗത്തിൽ സഞ്ചരിക്കുമ്പോൾ കേൾക്കാനുള്ള ഭാഗ്യമുണ്ടായി. ഭാഗവതനദിയുടെ ഒൻപതാമത്തെ ഖണ്ഡത്തിലേക്ക് കടക്കുന്നതിനു തൊട്ടു മുൻപായി മത്സ്യാവതാരകഥയും കേട്ടു . എത്ര പുണ്യം!
ഒൻപതാം ഖണ്ഡം തുടങ്ങുന്നത് സ്ത്രീയായിപ്പോയ സുദ്യുമ്നരാജാവിൻറെ കഥയോടെയാണ്. പിന്നെ സുകന്യയുടെ കഥ. വലിയ വലിയ എത്രയോ രാജാക്കന്മാരുടെ കഥകൾ നിറഞ്ഞതാണ് ഈ ഭാഗം. ഭഗവാൻ ശ്രീരാമൻറെ കഥയും ഭഗവാൻ പരശുരാമൻറെ കഥയും പിന്നെ പുരൂരവസ്സ്, യയാതി അവരുടെയൊക്കെ കഥകൾ ശ്രവിച്ചു. അവസാനം യദു വംശവും വൃഷ്ണിവംശവും വിസ്തരിച്ചതിനു ശേഷം, ഭഗവാൻ കൃഷ്ണൻറെ കഥ ചുരുക്കി പറഞ്ഞു. പരീക്ഷിത്ത് മഹാരാജാവ് അത് സവിസ്തരം കേൾക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. അപ്പോഴേക്കും നദിയുടെ ഏറ്റവും സുന്ദരമായ പത്താമത്തെ ഭാഗത്തിൽ എത്തി.
ഈ പ്രദേശത്തിൻറെ ഭംഗി വാക്കുകൾക്കതീതമാണ്. ഭാഗവതനദി പെട്ടെന്ന് നിറം മാറി കാളിന്ദി കണക്കായി. രണ്ട് കരകളിലും സൗരഭ്യമുള്ള പൂക്കൾ വിടർന്നു നിൽക്കുന്നു. മുളങ്കൂട്ടങ്ങളും മാനുകളും മയിലുകളും എങ്ങും കാണാം. കൃഷ്ണൻറെ ജനനം വർണിച്ചപ്പോൾ സ്ഥലവും കാലവും മറന്നു. ദ്വാപരയുഗത്തിൽ മധുരയിൽ ആണ് ഞങ്ങൾ ഇരിക്കുന്നതെന്ന് തോന്നി. ഭഗവാനെ കൈയിലേന്തി നടക്കുന്ന വസുദേവരുടെ കൂടെ പാതിരാത്രി സമയത്ത്, ഞങ്ങളും ഗോകുലത്തിലേക്ക് നടന്നു. ഗോകുലത്തിൽത്തന്നെ പാർത്ത് കണ്ണൻറെ ലീലകൾ കൺനിറയെ കണ്ടപോലെ തോന്നി. കണ്ണൻറെ ലീലകൾ എത്ര ആനന്ദദായകം! മുരളിയുമൂതി നടക്കുന്ന കണ്ണൻറെ കൂടെ നടന്നപ്പോൾ സമയം പോയതറിഞ്ഞില്ല്യ. പശുക്കളുടെ കൂടെ കാളിന്ദിയിലെ വെള്ളം കുടിച്ചു, താലവനത്തിലെ സ്വാദേറിയ ഫലങ്ങൾ ഭക്ഷിച്ചു. ദാമോദരൻറെ ഉരലും വലിച്ചുള്ള പാച്ചിൽ കണ്ടു. ഗോപികമാരോടൊപ്പം "കാത്യായിനി മഹാമായേ"എന്ന മന്ത്രം ചൊല്ലി ശ്രീപാർവതിയെ നമസ്കരിച്ചു. ബ്രഹ്മാവ് നാണം കെടുന്നതും, മാപ്പു ചോദിക്കുന്നതും കണ്ടു . പിന്നെ എത്ര നേരമാണ് ബ്രഹ്മാവ് സ്തുതിച്ചത് ! അതിമനോഹരമായ സ്തുതി തന്നെ. ദേവേന്ദ്രൻറെ അഹങ്കാരം അടിച്ചമർത്തിയ ഗിരി ധരമുരളീധരനെ കണ്ട് വിസ്മയിച്ചു. ഗോപികമാരുടേയും മന്മഥമന്മഥനായ കൃഷ്ണന്റേയും രാസക്രീഡ കണ്ടു.
ഗോകുലത്തിൽ നിന്ന് കണ്ണനെ അക്രൂരൻ കൊണ്ടുപോയപ്പോൾ ഗോപികമാരുടെ കൂടെ കുറെ കരഞ്ഞു. ഭഗവാൻ മധുരയിലേക്കും ഞങ്ങളെ കൊണ്ടുപോയി. കംസനെ കൊന്നതും വസുദേവരേയും ദേവകിയേയും കംസപിതാവായ ഉഗ്രസേനനേയും ജയിലിൽനിന്നു മോചിപ്പിച്ചതും ഒക്കെ മനക്കണ്ണാൽ ഞങ്ങൾ കണ്ടു. ജരാസന്ധൻ 17 പ്രാവശ്യം യുദ്ധത്തിന് വന്നപ്പോൾ, ആദ്യത്തെ പ്രാവശ്യം തന്നെ ഭഗവാന് നിഷ്പ്രയാസം കൊല്ലാമായിരുന്നു. എന്നാൽ ഭൂഭാരം കുറക്കാൻ നീചരായ എല്ലാ ജരാസന്ധമിത്രങ്ങളെയും പതിനേഴ് പ്രാവശ്യകൊണ്ട് കൊന്നൊടുക്കി. അവസാനം ഭീമസേനനാൽ ജരാസന്ധവധം നടത്തിക്കയും ചെയ്തു. എന്തെല്ലാം അദ്‌ഭുതലീലകൾ! കാലയവനന്റെ കഥയും മുചുകുന്ദസ്തുതിയും ഒക്കെ കേട്ടപ്പോൾ വളരെ സന്തോഷം തോന്നി. ഭഗവാൻ സ്വജനങ്ങളോടൊപ്പം ദ്വാരകയിലേക് കു താമസം മാറ്റിയപ്പോൾ ഞങ്ങൾ കൂടെ പോയി. ഇനി മധുരയിൽ ഇരുന്നിട്ടെന്തു കാര്യം? നരകാസുരനെ വധിച്ചത് , നരകാസുരൻറെ അധീനത്തിലായിരുന്ന 16000 സ്ത്രീകൾക്കു അനുഗൃഹീത ജീവിതം നൽകിയത്, ഒക്കെ ഭഗവാൻറെ മായാലീലകൾ തന്നെ! അതെല്ലാം കഴിഞ്ഞു, ഭാരതയുദ്ധവും കഴിഞ്ഞു, പാണ്ഡവവംശാങ്കുരമായ പരീക്ഷിത്തിനെ ബ്രഹ്മാസ്ത്രത്തിൽ നിന്ന് രക്ഷിച്ചു. ഭീഷ്മപിതാമഹനെ ദർശനം അരുളി അനുഗ്രഹിച്ചു. രാജസൂയവും കഴിഞ്ഞു. കുചേലവൃത്തവും സാന്താനഗോപാലവും ഒന്നും പറയേണ്ടകാര്യമില്ല്യ. എത്രകേട്ടാലും മതിവരാത്ത പുണ്യകഥകൾ !! വളരെ വൈമനസ്യത്തോടെ ഭഗവദ് കഥകൾ നിറഞ്ഞ പത്താം ഭാഗം പിന്നിട്ടു ഞങ്ങൾ പതിനൊന്നിൽ എത്തി.
അവതാരോദ്ദേശം കഴിഞ്ഞതിനാൽ സ്വന്തം കുലനാശത്തിനായി ഭഗവാൻ, സാംബനെ മുനിശാപാർഹനാക്കി. നിമി- നവയോഗി സംഭാഷണം, നാരദ-വസുദേവ സംവാദം, പ്രഭാസതീർത്ഥസംഗമം, ഉദ്ധവോപദേശം അങ്ങനെ എത്ര കാര്യങ്ങളാണ് ഈ ഭാഗത്തിൽക്കൂടി തുഴയുമ്പോൾ കേൾക്കാൻ സാധിച്ചത്! കേൾക്കുന്നത് പുണ്യമാണെന്ന് ആശ്വസിക്കാനല്ലാതെ മനസ്സിന്നതീതമായ ഈ തത്വങ്ങൾ എന്നെങ്കിലും ഉൾക്കൊള്ളാൻ ഭാഗ്യമുണ്ടാകുമോ? ഭഗവദ് കൃപയുണ്ടെങ്കിൽ ഭാഗ്യം ഉണ്ടാകുമെന്ന് നാരദമുനി പറയുന്നുണ്ടല്ലോ?
ഒടുവിൽ യദുവംശം പാടെ നശിച്ചു. അനന്തശായിയായ ഭഗവാനെ എതിരേൽക്കാൻ അനന്താവതാരമായ ബലരാമൻ നേരത്തെ ഭൂമി വിട്ടു പോയി. ഭഗവാനും കൃഷ്ണ ദേഹം ഉപേക്ഷിച്ച്, അതിനു ഭഗവാൻ തന്നെ കാരണമാക്കിയ വേടനേയും, ഈ ഭൂമിയിലുള്ള സർവചരാചരങ്ങളേയും തീരാ ദുഖത്തിലാഴ്ത്തിക്കൊണ്ട്, സ്വധാമം പൂകി. തോണി തുഴയാൻ പോലും കഴിയാതെ ഞങ്ങൾ കരഞ്ഞു, കുറെ കരഞ്ഞു. ഭഗവദ് ശക്തിയൊഴിച്ച് മറ്റൊന്നും ശാശ്വതമല്ലെന്ന് തെളിയിച്ച്, ഭാഗവതത്തിൽ തൻറെ ശക്തി നിക്ഷേപിച്ച് ഭഗവാൻ നശ്വരദേഹം ഉപേക്ഷിച്ച് അപ്രത്യക്ഷമായി. കലികാലം തുടങ്ങി.
പ്രക്ത്യക്ഷകൃഷ്ണനായ ഭാഗവതമല്ലേ ഞങ്ങളുടെ കൈയ്യിൽ ഇരിക്കുന്നത്? കരയാമോ ? പാടില്ല്യ , ഭാഗവതത്തെ വീണ്ടും വീണ്ടും നമസ്കരിച്ചു. തള്ളിവരുന്ന കണ്ണീർ അടക്കി ഒരു പ്രതിജ്ഞയും ചെയ്തു. ശേഷമുള്ള ജീവിതം പറ്റുന്നിടത്തോളം ഭഗവദ് കഥകൾ പ്രചരിപ്പിക്കും. കുട്ടികളോട് ഭഗവദ് കഥകളേ പറയൂ. ഭഗവാനെ വിട്ടു പിരിഞ്ഞ ദുഃഖം മാത്രമല്ല, ഏതു ദുഖത്തിനേയും ഭഗവദ് കഥകളാലും, ഭഗവദ് സ്മരണയാലും ആട്ടിയോടിക്കും. ദുഖങ്ങളെ മാത്രമല്ല, മനസ്സിനെ ആക്രമിക്കുന്ന അസത് ചിന്തകളെ ഒക്കെ ഭഗവാൻ പുറം തള്ളട്ടെ ! ഭഗവാൻറെ സ്നേഹത്താൽ, ഭഗവാനോടുള്ള സ്നേഹത്താൽ മനസ്സിൽ ആനന്ദം അലയടിക്കട്ടെ ! വ്യാസഭഗവാനും, പ്രഹ്ലാദനും, ധ്രുവനും, അംബരീഷനും, ഗോപികമാരും, അക്രൂരനും, ഉദ്ധവനും ,മേൽപ്പത്തൂരും, ചൈതന്യമഹാപ്രഭുവും, പൂന്താനവും, വില്വമംഗലവും, കുറൂരമ്മയും, ഓട്ടൂരും, ആഞ്ഞവും, മറ്റെല്ലാ ഭക്തന്മാരും അതാ ഭഗാവാൻറെ നാലുപുറവും ആനന്ദ നൃത്തം ചെയ്യുന്നു. ഞങ്ങളും മനസാ അതിൽ ചേർന്നു. കാമക്രോധമദമോഹമാത്സര്യാദികൾ, ഭയം പോലും ഭയക്കുന്ന ഭഗവാനെ കണ്ട് ഓടിയൊളിക്കട്ടെ! ചിത്തം ശുദ്ധമാകട്ടെ!
ഭാഗവത നദിയുടെ അങ്ങേ അറ്റത്തെത്തി, ഭാഗം പന്ത്രണ്ട്. കലിയുഗത്തിൻറെ ദോഷങ്ങളും അതിനുള്ള പരിഹാരവും അറിഞ്ഞു. ഭൂമിഗീതം കേട്ടു. ഭാഗവതശ്രവണം കൊണ്ട് മഹാഭാഗ്യവാനായ പരീക്ഷിത്ത് മഹാരാജാവ് മോക്ഷം പ്രാപിക്കുന്നതും മനക്കണ്ണാൽ കാണാൻ ഭാഗ്യമുണ്ടായി. ഭാഗവതത്തിൻറെ മാഹാത്മ്യത്തിന് വേറെ തെളിവ് വേണോ? മാർക്കണ്ഡേയ കഥയും കേട്ടു. കരാരവിന്ദേന പദാരവിന്ദം എന്ന കവിതക്കാധാരമായ ആലിലക്കറ്ഷ്ണനെയും പ്രളയജലത്തിൽ കാണുന്നപോലെ തോന്നി. ഒന്നുകൂടി സൂതൻ ഭാഗവതകഥ ചുരുക്കി പറഞ്ഞപ്പോൾ തൃപ്തിയായി. വിശ്വഭാഗവതപ്രയാഗിൽ പങ്കെടുത്തവരെല്ലാം ഭഗവാനെയും ഭാഗവതത്തേയും വീണ്ടും വീണ്ടും നമസ്കരിച്ചു. വ്യാസദേവനെയും, ശുകബ്രഹ്മർഷിയേയും, സൂതനേയും , നാരദ മഹർഷിയേയും, വിദുരരേയും, മൈത്രേയമഹർഷിയേയും, നവയോഗികളേയും, ദത്താത്രേയമഹർഷിയേയും, ഉദ്ധവരേയും, വീണ്ടും വീണ്ടും ഭഗവാനെയും വന്ദിച്ചു . വിശ്വഭാഗവതപ്രയാഗിലൂടെയുള്ള യാത്രക്ക് പ്രേരിപ്പിച്ച ഭക്തനേയും കൃതജ്ഞതാപൂർവം സ്മരിച്ച് നമിച്ചു. സംസാരസാഗരത്തിലേക്ക് മടങ്ങാതെ, ഭാഗവതനദിയിലൂടെ സദാ യാത്ര ചെയ്യാൻ ഭാഗ്യമുണ്ടാകണേ എന്ന് പ്രാർത്ഥിച്ചു.
എത്ര നല്ല നദീയാത്ര! ഒരു പൈസ പോലും ചിലവില്ല. തന്നെയും പോകാം. കൂട്ടുചേർന്നും പോകാം. ഈ ആനന്ദപൂർണമായ യാത്രയുടെ അനുഭൂതി സമാനമനസ്കരുമായി പങ്കു വെക്കുന്നത് ഭഗാവാൻറെ പ്രസാദത്തിനായി ഭവിക്കണേ !!
ശ്രീകൃഷ്ണാർപ്പണമസ്തു!
Comments
Post a Comment