കുചേലദിനചിന്തകൾ
------------------------------ -------
നാളെ കുചേലദിനമാണല്ലോ? രാമപുരത്തുവാരിയരുടേയും കുഞ്ചൻനമ്പ്യാരുടേയും കുചേലവൃത്തം ഒരിക്കലെങ്കിലും കണ്ണു നിറയാതെ വായിക്കാൻ പറ്റാറില്ല്യ. ഇന്ന്, കുചേലൻറെ ഭക്തിയേയും ഭഗവാൻറെ ഭക്തവാത്സല്യത്തെയും കുറിച്ചോർത്തപ്പോൾ, അവിടവിടെ പലതവണകളായി വായിച്ച കാര്യങ്ങളും പിന്നെ മനസ്സിൽ പൊന്തി വരുന്ന ചിന്തകളും കുറിക്കണമെന്നു തോന്നി. ഭഗവദ് കഥകൾ സ്മരിക്കുന്നതും പങ്കിടുന്നതും ഒക്കെ പുണ്യമാണെന്ന് ഭാഗവതം തന്നെ പറയുന്നുണ്ടല്ലോ? അതിനാൽ ഭഗവാനോടുള്ള സ്നേഹത്തിൽ ഇട്ടു പരിപാകം ചെയ്ത എൻറെ ഈ ഒരുപിടി അവിലും ഞാൻ ആ പാദങ്ങളിൽ സമർപ്പിക്കട്ടെ. എല്ലാ പതിരുകളെയും ഭഗവാന്റെ കാരുണ്യം നെല്ലായി കാണണേ, എല്ലാ കല്ലുകളെയും ഭഗവാൻറെ മാറിലെ നീലക്കല്ലുകളാക്കി മാറ്റണേ!
ഭഗവാൻ ദ്വാരകയിൽ വസിക്കുന്ന സമയം. ദ്വാരകയെന്താ ? സദാ സോഹം സോഹം എന്ന് മിടിക്കുന്ന ഹൃദയമാണത്രെ ദ്വാരക, വിദ്യാരണ്യസ്വാമികൾ പറയുന്നു. അപ്പോൾ ദ്വാരക നമ്മുടെ ഹൃദയം തന്നെ, ഭഗവാൻ വസിക്കുന്ന സ്ഥലം. അവന്തിരാജ്യത്ത് താമസിക്കുന്ന ഒരു സാധു ബ്രാഹ്മണൻ ആയിരുന്നു നമ്മുടെ കുചേലൻ. ശരിക്കുള്ള പേര് സുദാമാവ്. ദാമം എന്നാൽ കയറ്. കയറാൽ സമ്യക്കാം വണ്ണം ബന്ധിതനായവൻ . നമ്മുടെ പ്രാരബ്ദ്ധകർമ്മമാണത്രെ ഈ ദാമം. അക്കണക്കിൽ നമ്മളെല്ലാം സുദാമാക്കൾ. കുചേലൻ എന്നാൽ കുത്സിതമായ ചേലയണിഞ്ഞവൻ, അഥവാ പഴകി, മലിനമായ, വസ്ത്രം അണിഞ്ഞവൻ. ഭഗവദ് ഗീതയിലെ "വാസാംസി ജീർണാനി" എന്ന ശ്ലോകാർത്ഥത്തെ എടുത്താൽ ഏതു ദരിദ്രനാരായണനും ഏതു കോടീശ്വരനും കുചേലൻ തന്നെ. പുതിയ വസ്ത്രമാണ് ഓരോജന്മവും എടുക്കുന്നത് എങ്കിലും ജന്മജന്മാന്തരങ്ങളിൽ ചെയ്ത കർമങ്ങളും വാസനകളും അതിനെ മലിനമാക്കുമ്പോൾ നമ്മളെല്ലാം കുചേലന്മാരായി തീരുന്നു.
അതവിടെ നിൽക്കട്ടെ. കുചേലൻ പരമ ദരിദ്രനാണ്, കുട്ടികളടങ്ങുന്ന കുടുംബത്തെ പോറ്റാൻ ഒന്നുമില്ല. ഭാര്യ ക്ഷുത്ക്ഷാമയായ, വിശപ്പിനാൽ മെലിഞ്ഞ, ഒരു മംഗളരൂപിണി. പിന്നെ വിശപ്പുമായി എന്നും പൊരുതുന്ന പിഞ്ചുകുഞ്ഞുങ്ങളും. ഒരു ദിവസം ദുഖിതയായ കുചേലപത്‌നി ഓതിയ പരിഭവം കലർന്ന വാക്കുകൾ അവതരിപ്പിക്കാൻ വന്ദ്യനായ കുഞ്ചൻ നമ്പ്യാരെ നമുക്ക് കൂട്ടു പിടിക്കാം:
മറ്റുള്ളതെപ്പേരുമെടുത്തുവിറ്റും
കൊറ്റിന്നു നൽകുന്നു ഗൃഹസ്ഥരെല്ലാം
മുറ്റും ഭാവാനുണ്ണികളെപ്പുലർത്താൻ
ഒട്ടും മനാസ്സില്ല്യ മഹീസുരേന്ദ്ര!
അപേക്ഷയുള്ളോരുജനത്തിനെല്ലാം
ഉപേക്ഷകൂടാതെ കൊടുക്കുമീശൻ
മണക്കുരുന്നിൽ കനിവുള്ള കൃഷ്ണൻ
നിനക്കു പണ്ടേ സഖിയെന്നു കേൾപ്പൂ
വിവാഹമീരെട്ടുസഹസ്രമെട്ടും
വിധിക്കു ചേരുംപടി ചെയ്തവൻ പോൽ
അവർക്കു വേണ്ടുന്ന വിഭൂതിയെല്ലാം
അവൻ കൊടുക്കുന്നു നിരന്തരം പോൽ
ഗമിക്ക നീ ചെന്നിഹ കണ്ടു പോന്നാൽ
നിനക്കു വേണ്ടുന്നതു നൽകുമല്ലോ
രമക്കു ചേതോഹരനായ കാന്തൻ
ക്ഷമിക്കുമോ നമ്മുടെ ദീനാഭാവം?
പാവം കുചേലന് വിചാരമായി. കൃഷ്ണനെ പോയി കാണാം. പക്ഷെ കൃഷ്ണൻ തന്നെ ഓർക്കുന്നുണ്ടാവുമോ? ഈശ്വരാ, ദ്രോണർക്ക് ദ്രുപദൻറെ അടുത്തു പോയ അനുഭവം ഉണ്ടാകുമോ? ധനമുണ്ടായാൽ ശത്രുക്കളുണ്ടാകും, അഹങ്കാരം ഉണ്ടാകാം എന്നൊക്കെ കരുതിയായിരിക്കും എനിക്ക് ധനം തരാതിരിക്കുന്നത്. എങ്കിലും ഭഗവാനെ ഒരു നോക്ക് കൺകുളിർക്കെ കാണാൻ തോന്നുന്നു. കുഞ്ചൻനമ്പ്യാർ പറയുന്നു:
എന്നാകിലും ഞാനഥ ചെന്നു പോരാം
തന്നാകിലോ ഞാനഥ കൊണ്ടുപോരാം
നന്ദാത്മജൻ തൻറെ മുഖാരവിന്ദം
മന്ദസ്മിതാർദ്രം ബത കണ്ടുപോരാം
ഒരു പ്രശ്‌നമുണ്ട്. വെറും കൈയ്യോടെ ഭഗവാനെ കാണാൻ പോകുന്നതെങ്ങനെ? അതിനും ക്ഷുത്ക്ഷാമ വഴിയുണ്ടാക്കി. യാചിച്ചുകൊണ്ടുവന്നു നാലുപിടി നെല്ല്. അതിനെ വറുത്തു കുത്തി അവിലാക്കി. വിശപ്പിനാൽ കണ്ണുതള്ളിയ സ്വന്തം കുട്ടികൾക്ക് നൽകാതെ, ജീർണിച്ച സ്വന്തം ചേലയുടെ വക്ക് കീറി അതിൽ ആ അവിലിട്ട് ഒരു കുഞ്ഞുകിഴി കെട്ടി പതിയുടെ കൈയ്യിൽ ഏൽപ്പിച്ചു. അതും കക്ഷത്തിൽ വെച്ച് കുചേലൻ ദ്വാരകയിലേക്ക് യാത്രയായി.
നടന്നും തളർന്നും ഇരുന്നും വീണ്ടും നടന്നും കുചേലൻ ദ്വാരകയുടെ സമീപം എത്തി. കുചേലൻ്റെ കണ്ണഞ്ചി. ഏഴുനിലയുള്ള മാളികയും നിരവധി ഗോപുരങ്ങളും ചുറ്റും എണ്ണിയാൽ തീരാത്ത കൊച്ചു കൊച്ചു കൊട്ടാരങ്ങളും ഉദ്യാനങ്ങളും, താമരപ്പൊയ്കകളും ! ദേവശില്പിയുടെ കൈവിരുത് അപാരം തന്നെ. കുചേലൻറെ മനസ്സിൽ ഭഗവവാൻ നിറഞ്ഞു നിന്നു. ശരീരരൂപിയായ ഭഗവാനോ? രാമപുരത്തു വാരിയർ പറയുന്നു:
ആഴിമകളുമൊരുമിച്ചൊരു കട്ടിന്മേലന്നേരം
ഏഴാം മാളികമുകളിലിരുന്നരുളും
സുഹൃത്തും സതീർഥ്യനുമായ സുദാമാവിനെ ദൂരെ കണ്ട മാത്രയിൽ രുഗ്മിണീദേവിയോട് കാൽ കഴുകിക്കാനുള്ള തീർത്ഥജലവും എടുത്തു വരൂ എന്നും പറഞ്ഞു ഭഗവാൻ പടികൾ ഓടിയിറങ്ങി താഴെയെത്തി. ദരിദ്രനാരായണനായ തൻറെ സതീർഥ്യനെ കണ്ടപ്പോൾ
എന്തുകൊണ്ടോ ശൗരി കണ്ണു നീരണിഞ്ഞു, ധീരനായ
ചെന്താമരക്കണ്ണനുണ്ടോ കരഞ്ഞിട്ടുള്ളു?
രുക്മിണീദേവി വെള്ളമൊഴിച്ചു, ഭഗവാൻ കാൽ കഴുകിച്ചു, തുടച്ചു. ആ വെള്ളം എടുത്ത് തന്നെയും മറ്റെല്ലാവരേയും തളിച്ചു. പിന്നെ
മാറത്തെ വിയർപ്പുവെള്ളം കൊണ്ടുനാറും സതീർഥ്യനെ
മാറത്തുണ്മയോടു ചേർത്തു ഗാഢം പുണർന്നു.
അങ്ങനെ ആദരപൂർവം അതിഥയെ സ്വീകരിച്ച് മുകളിൽ കൂട്ടികൊണ്ടുപോയി. രുചിയേറിയ ഭക്ഷണം നൽകി. സംഭാഷണം ആരംഭിച്ചു. വിദ്യാഭ്യാസകാലത്തെ അനുഭവങ്ങൾ ഔത്സുക്യത്തോടെ അയവിറത്തു. അപ്പോഴാണ് ഭഗവാൻ സുഹൃത്ത് കക്ഷത്തിൽ ഒളിച്ചു വെച്ചിരുന്ന കിഴി കണ്ടത്. വേഗം അത് കൈക്കലാക്കി, തുറന്നു, ഒരു വായ് നിറച്ചും തിന്നു. തീർത്തും ആസ്വദിച്ച് രണ്ടാമതും ഒരു വായ തിന്നാൻ തുടങ്ങിയപ്പോൾ രുഗ്മിണീദേവി തടഞ്ഞു. ഇനി ഒരു പിടി കൂടി തിന്നാൽ മഹാലക്ഷ്മിക്കു കുചേലൻറെ ദാസിയാകേണ്ടി വരുമത്രെ!
ഭഗവദ് ഭക്തന്മാർ നൽകിയ ഭക്ഷണങ്ങളിൽ ഏറ്റവും ഭഗവാന് രസിച്ചത് മൂന്നുപേരുടെയാണത്രെ- ദ്രൗപദിയുടെ പാത്രത്തിലെ, കഴുകിയിട്ടും പോകാതിരുന്ന ചീരക്കറിയുടെ അവശിഷ്ടം, വിദുരരുടെ പഴത്തൊലി, പിന്നെ കുചേലൻറെ കൂട്ടുകൂട്ടാത്ത അവിലും. ഇതിൽ നിന്ന് ഒന്ന് മനസ്സിലാക്കാം. ഭക്തൻറെ ഭഗവാനോടുള്ള ഭക്തിയും ഭാവവും അനുസരിച്ചാണ് അവർ നൽകുന്ന ഭക്ഷണമോ മറ്റുള്ള സാധനങ്ങളോ ഭഗവാന് പ്രിയമായി ഭവിക്കുന്നത് എന്ന്.
കുചേലപത്‌നി നെല്ല് വറുത്തില്ല്യേ? അത് കുചേലൻറെ കർമ്മബീജമാണത്രെ. വിത്ത് വറുത്താൽ പിന്നെ എവിടെ വീണാലും മുളക്കില്ല്യ. അതിനെ കുത്തി അവിലാക്കി. അങ്ങനെ തൻറെ വിദ്യയും അവിദ്യയും കർമങ്ങളും കർമബന്ധനങ്ങളും വാസനകളും കിഴി കെട്ടിയത് കുചേലൻ ഭഗവാങ്കൽ സമർപ്പിച്ചു. സർവസമർപ്പണം. അതിനാൽ ഭഗവാൻ പരിപൂർണ തൃപ്തനായി.
അന്ന് രാത്രി കുചേലൻ അവിടെ കൂടി. ഭഗവാൻ കുടുംബകാര്യങ്ങളൊന്നും ചോദിച്ചില്ല്യ. സുദാമാവ് പറഞ്ഞതുമില്ല്യ. തമ്മിൽ കണ്ട സന്തോഷത്തിൽ സന്തോഷത്തിനൊഴികെ ഒന്നിനും സ്ഥാനമുണ്ടായില്യ, സമയവും ഉണ്ടായില്യ. രാവിലെ സുദാമാവ് യാത്ര പറഞ്ഞു പോന്നു. ഭഗവദ്സ്മരണയോടെ നടന്നു നീങ്ങുമ്പോൾ പെട്ടെന്ന് പത്‌നിയേയും കുട്ടികളേയും ഓർമ വന്നു. ഭഗവാനോട് അവരെപ്പറ്റി ഒന്നും പറയാത്തതിൽ അതിയായ ദുഃഖം തോന്നി.
എന്തൊന്നു ഞാനിങ്ങനെയങ്ങു ചെന്നാ-
ലന്തർജനത്തോടുരചെയ്ക വേൺടൂ
ഓർത്തീലഞാനക്കഥ കഷ്ടമെന്നെ
പാർത്തങ്ങിരിക്കുന്നു കുടുംബമെല്ലാം
നടന്നു നടന്നു സ്വഗൃഹത്തിനടുത്തെത്താറായി . ഗൃഹം കാണുന്നില്ല്യ. പകരം ഒരു മണിമാളിക ഉയർന്നു നിൽക്കുന്നു. വഴി തെറ്റിയോ? മനോരാജ്യത്തിൽ നടന്ന് നടന്നു തിരിച്ചു ദ്വാരകയിൽ തന്നെയെത്തിയോ?
അതാ ആ സ്വർണഗൃഹത്തിൽ നിന്നും തൻറെ പത്‌നിയും കുഞ്ഞുങ്ങളും ഇറങ്ങി വരുന്നു.
എല്ലാം മനസ്സിലായി. കൃഷ്ണൻ ഒരു വാക്കു ചോദിച്ചില്ല്യ, താൻ ഒരു വാക്കു പറഞ്ഞതുമില്ല്യ. കുചേലൻ കൃഷ്ണകൃപയിൽ കൃഷ്‌ണസ്മരണയോടെ നീന്തി.
സർവ്വസമർപ്പണം ചെയ്തവന് ഒരാവശ്യങ്ങളുമില്ല്യ എന്ന് ഭഗവവാനറിയാം. ധനം സുദാമാവിൻറെ ഭഗവത് പ്രാപ്തിക്കു തടസ്സമാകുകയില്ലയെന്ന് ഉറപ്പായപ്പോൾ ഭഗവാൻ ധനം ധാരാളം നൽകി. സുദാമാവിൻറെ മനസ്സിൽ ഭഗവാനല്ലാതെ മറ്റൊന്നിനും സ്ഥാനമുണ്ടായിരുന്നില്ല്യ. അദ്ദേഹം ജീവന്മുക്തനായി ശരീരധർമങ്ങൾ അനുഷ്ഠിച്ചു ജീവിച്ചു, ഒടുവിൽ ഭഗവാനെ പ്രാപിച്ചു.
കുചേലൻറെ കഥ നമ്മളിൽ ഒളിഞ്ഞു കിടക്കുന്ന ഭഗവദ് സ്നേഹത്തെ ഉദ്ദീപിപ്പിക്കട്ടെ! ആ സ്നേഹം ഭഗവാനിലേക്ക് അനുസ്യൂതം പ്രവഹിക്കട്ടെ!
ശ്രീകൃഷ്ണാർപ്പണമസ്തു
ഹരിഓം
ReplyDelete