നഷ്ടപ്പെടുമെന്ന ഭയം നഷ്ടമാകണം
നാരദ ഭക്തി സൂത്രം മുഴുവൻ ഭക്തിയുടെ നിർവചനങ്ങൾ ആണല്ലോ? ഓരോരുത്തർക്കും അവനവന് രുചികരമായ അല്ലെങ്കിൽ മനസ്സിനിണങ്ങിയ നിർവചനങ്ങൾ അംഗീകരിക്കാം . സ്നേഹത്തിനെപ്പറ്റി നിരവധി സാഹിത്യ സൃഷ്ടികളിൽ ഉണ്ടെങ്കിലും നിർവചനം മാത്രമായി ഒരു കൃതിയില്ല. ഈശ്വരനെപ്പോലെ, സ്നേഹം എങ്ങും നിറഞ്ഞു നില്ക്കുന്നു. ആത്മ സ്നേഹം കൊണ്ട് കരയുന്നു, ചിരിക്കുന്നു, കൊല്ലുന്നു , മരണം വരിക്കുന്നു, സങ്കടം കൊടുക്കയും എടുക്കയും ചെയ്യുന്നു. എല്ലാറ്റിന്റേയും മൂലകാരണം "ഞാൻ" എന്ന പ്രതിഭാസത്തോടുള്ള സ്നേഹം.
എനിക്ക് സ്നേഹത്തിന്റെ നിർവചനം വ്യക്തമല്ലാത്തതിനാൽ ഞാൻ സർവ്വ സംശയ നിവാരകനായ കൃഷ്ണനോട് ചോദിച്ചു:
"കൃഷ്ണ , എന്താണീ സ്നേഹം? ഞാൻ കൃഷ്ണനടക്കം ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടോ? സ്നേഹം എന്ന് പറഞ്ഞാൽ ഈശ്വരന്റെ ഒരു പര്യായം തന്നെയാണോ? സർവ്വാന്തര്യാമിയായ അങ്ങയെയുള്ള സ്നേഹ മാണോ സ്നേഹം? ആ സച്ചിദാനന്ദം സദാ, ഇടതടവില്യാതെ, അനുഭവിക്കാനുള്ള ത്വരയാണോ സ്നേഹം?
അവിടവിടെ പലതും വായിച്ചും അവിടവിടെ പലതും കേട്ടും വ്യക്തമായി മനസ്സിലാകാതെ, മനസ്സിലാക്കാൻ ശ്രമിക്കുന്ന എന്റെ വാചകക്കസർത്ത് ഭഗവാനെ അലാസരപ്പെടുത്തുന്നു എന്ന് തോന്നുമാറ് , പുഞ്ചിരി മായാതെയാണെങ്കിലും ഭഗവാൻ മന്ത്രിച്ചു:
" പറയാം, പറയാം, ധൃതി വേണ്ട"
ശരിയാണ്. എനിക്ക് എന്നെക്കുറിച്ചു തന്നെ അതിയായ ലജജ തോന്നി. സ്നേഹം എന്നാൽ എന്താണ് എന്നൊന്നു പറഞ്ഞു തരുമോ കൃഷ്ണ എന്ന് ചോദിക്കേണ്ട കാര്യമേയുള്ളു. എന്റെ അറിവില്ലാത്ത അറിവ് കൃഷ്ണനോട് പ്രകടിപ്പിക്കാൻ ശ്രമിച്ചതിൽ ഞാൻ പശ്ചാത്തപിച്ച് നില്ക്കുമ്പോൾ കൃഷ്ണൻ പറഞ്ഞു:
സാരമില്ല. മനസ്സിലായില്യ എന്ന് തോന്നുന്നതിൽ ദുഖം വേണ്ട. മായ അനിർവ്വചനീയമാണെന്ന് വേദങ്ങൾ പോലും പറയുന്നു. അതേ പോലെ സ്നേഹവും അനിർവചനീയം. അനുഭവിക്കാൻ കഴിയും, നിർവചിക്കാൻ കഴിയില്ല. ദിവ്യമായ ഒരു അനുഭവം . നഷ്ടപ്പെടുമോ എന്ന് എcപ്പാഴും ഭയമുള്ള ഒരു സുഖമുള്ള അനുഭവം. എന്നാൽ ആ സുഖത്തിന്റെ പിന്നിലുള്ള ഭയം നേർത്ത് നേർത്ത് വെറും പരമാനന്ദം ആകും. അതാണ് ശരിയായ സ്നേഹം. നഷ്ടപ്പെടുമെന്ന ഭയമില്ലാത്ത സ്നേഹാനുഭൂതി തന്നെയാണ് ഞാൻ. ആ സച്ചിദാനന്ദം രൂപമെടുത്തതാണ് നിന്റെ കുഷ്ണൻ. മനസ്സിലാക്കാൻ ശ്രമിക്കണ്ട. തന്നെ മനസ്സിൽ തെളിയാൻ എന്നെ ഭയമില്ലാതെ സ്നേഹിക്കുക മാത്രമേ വേണ്ടൂ. ഭയാനുഭൂതി സ്നേഹാനുഭൂതിയായിത്തീരാൻ എന്നിൽ ശരണാഗതിയടയൂ .
ഒന്നും മനസ്സിലാക്കാൻ കെൽപില്ലാതെ, വിവർണമായ മുഖത്തോടെ രണ്ടു കൈകളും കൂപ്പി ആ പാൽപ്പുഞ്ചിരി തൂകുന്ന മുഖവും നോക്കി ഞാൻ നിന്നു. നഷ്ടപ്പെടുമെന്ന ഭയമില്ലാത്ത സ്നേഹം എന്നിൽ നിറയ്ക്കണേ കൃഷ്ണ!
Comments
Post a Comment