കർമ്മഫലദാതാ
പണ്ട്, ജ്ഞാനിയായ ഒരു സന്യാസി വിവേകിയും ജിജ്ഞാസുവും ആയ ഒരു രാജാവിനെ അനുഗ്രഹിക്കാൻ രാജധാനിയിലെത്തി. രാജാവ് വേണ്ടപോലെ അതിഥിയെ സത്ക്കരിച്ചിരുത്തി. കുശലാന്വേഷണങ്ങൾക്കു ശേഷം രാജാവിന്, തന്നെ അലട്ടിക്കൊണ്ടിരിക്കുന്ന മൂന്നു സംശയങ്ങൾ ഉണ്ട് എന്ന് പറഞ്ഞതിൽ
ആദ്യത്തെ ചോദ്യത്തിന് തൃപ്തികരമായ മറുപടി ലഭിച്ചു. സന്തുഷ്ടനായ രാജാവ് തികഞ്ഞ
വിനയത്തോടെ രണ്ടാമത്തെ ചോദ്യം ചോദിക്കുകയും അതിനും തൃപ്തികരമായ ഉത്തരം ലഭിക്കുകയും ചെയ്തു.
മൂന്നാമത്തെ ചോദ്യമായ, "ഭഗവാൻ എന്താണ് ചെയ്യുന്നത്? അഥവാ ഇംഗ്ലീഷിൽ What does God do ? എന്നതിന് നമ്മുടെ സന്യാസി എന്തു ത്തരമാണ് പറഞ്ഞതെന്ന് നോക്കാം.'
സന്യാസി പറഞ്ഞു:
രാജാവേ, അങ്ങ് കുറച്ച് നേരത്തേക്ക് അങ്ങയുടെ സിംഹാസനത്തിൽ നിന്ന് എഴുന്നേറ്റ്, ഈ സാധാരണക്കാർ ഇരിക്കുന്ന കസേരകളിൽ ഒന്നിൽ ഇരിക്കാമോ?
രാജാവ് വേഗം സന്യാസിയുടെ ആഗ്രഹപ്രകാരം താഴെയുള്ള ഒരു സാധാരണ കസേരയിൽ ചെന്നിരുന്നു' . അധികം താമസിയാതെ സന്യാസി രാജാവിന്റെ സിംഹാസനത്തിൽ പോയി ഇരുന്നു. എന്നിട്ട് രാജാവിനോട് പറഞ്ഞു:
രാജാവേ, ഇതാണ് ഭഗവാൻ ചെയ്യുന്നത്. സിംഹാസനത്തിൽ ഇരിക്കുന്നവരെ താഴത്തും താഴത്തിരിക്കുന്നവരെ സിംഹാസനത്തിലും ഇരുത്തുന്നു. മഹാബലിയെപ്പോലെ, ഈ ജഗത്തു മുഴുവൻ അടക്കി ഭരിച്ചു വാഴുന്ന ഒരു രാജാവിന്റെ എല്ലാം എടുത്തു , കുചേലനെപ്പോലെ ദരിദ്രനായ ഒരു ഭക്തന് എല്ലാം കൊടുത്തു. എടുക്കാനും കൊടുക്കാനും ഭഗവാന് ഒരു നിമിഷമേ വേണ്ടൂ. വിജയത്തിലും, ഐശ്വര്യത്തിലും അഹങ്കരിക്കയും, പരാജയത്തിൽ സ്വയം പഴിക്കയും ഒന്നും നമ്മൾ ചെയ്യേണ്ടതില്ല. ഭഗവാൻ കർമഫലദാതാവാണ്. രാജാവേ, സർവ്വകർമങ്ങളും , ജന്മജന്മാന്തര വാസനകൾ കാരണം നിഷിദ്ധ കർമ്മങ്ങൾ ആചരിക്കാൻ ഇടയായാൽ അവ പോലും, ഭഗവദർപണമായി ചെയ്യൂ. കർമബന്ധം നശിക്കും. അങ്ങനെ ഈ പുനരപി ജനനം പുനരപി മരണം പുനരപി ജനനീ ജഠരേ ശയനം എന്ന ദയനീയാവസ്ഥയിൽ നിന്നും മോചനം നേടൂ.
എന്റെ ചെറിയ മനസ്സ് പൂന്താനത്തിന്റെ ജ്ഞാനപ്പാനയിലെ വരികളുടെ വലിയ അർഥം ഉൾക്കൊള്ളാൻ ശ്രമിച്ചു. അതു കണ്ട് മായക്കണ്ണൻ പിന്നെയും പാൽപ്പുഞ്ചിരി തൂകി. ആ ചിരിയുടെ അർഥം മനസ്സിലാകാതെ ഞാനെന്റെ കണ്ണീരിൽ കുതിർന്ന പുഞ്ചിരിയാകുന്ന അവിൽപ്പൊതി ആ പാദങ്ങളിൽ സമർപിച്ചു.
മാളികമുകളേറിയ മന്നന്റെ
തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ
രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാൻ.
ഭഗവാന്റെ ലീലകളും നമ്മുടെ കർമ്മഫലങ്ങളുടെ അനുഭവവും ഈ ദൃശ്യ പ്രപഞ്ചത്തിന്റെ ഊടും പാവും തന്നെയാണ്! ആ പ്രപഞ്ചാകാരനായ ഭഗവാന് വീണ്ടും വീണ്ടും നമസ്ക്കാരം.
Comments
Post a Comment