ഈ ദൃശ്യ പ്രപഞ്ചം തന്നെ മന
സ്സിന്റെ സങ്കൽപ്പമാണെന്നാണല്ലോ അറിവുള്ളവർ പറയുന്നത്? അതിനാൽ തന്നെ ധാർമികമായി എന്തു സങ്കൽപിക്കുന്നതിലും എനിക്ക് അപാകതയോ കുറ്റബോധമോ തോന്നാറില്ല. പ്രത്യേകിച്ചും സങ്കല്പത്തിന്റെ വിഷയം ഭഗവാനാകുമ്പോൾ ഒരു പ്രതികൂല ഫലവും ഉണ്ടാവുന്ന പ്രശ്നമേ ഉദിക്കുന്നുമില്ല.
അങ്ങനെ ഞാൻ എന്റെ മനസ്സാകുന്ന ഉദ്യാനത്തിൽ സാക്ഷി മാത്രമായി നില്ക്കുന്ന ഭഗവാനോട് വിനയപൂർവ്വം ചോദിച്ചു:
"കൃഷ്ണ , ഈ ഉദ്യാനത്തിൽ എന്നെയും കൂട്ടി ഒന്ന് നടക്കാൻ ഇഷ്ടമായിരിക്കുമോ?"
സാധാരണ നമുക്കെല്ലാം സമ്മാനിക്കാറുള്ള ആ നറുപുഞ്ചിരി ചുണ്ടിൽ വിടർന്നു. വരൂ എന്ന് കൈ കാണിച്ച മുന്നിൽ നടന്നു. ഭഗവാന്റെ പിന്നിൽ ഞാൻ അങ്ങനെ നടന്നു. പിന്നെ പതുക്കെ ചോദിച്ചു:
"കൃഷ്ണ , മുന്നിൽ നടക്കുമ്പോൾ ഞാൻ അങ്ങയുടെ മുഖപങ്കജം കാണാതെ വിഷമിക്കുന്നു. ആ മുഖവും നറു പുഞ്ചിരിയും എനിക്കെപ്പോഴും കാണണം"
" തഥാസ്തു " എന്ന് പറഞ്ഞ് കൃഷ്ണൻ എനിക്ക് വേണ്ടി എന്റെ നേർക്ക് തിരിഞ്ഞ് പിന്നോക്കം നടക്കാൻ തുടങ്ങി! എനിക്ക് വിഷമമായി. പിന്നോക്കം നടക്കുന്നത് എത്ര ശ്രമകരം, അങ്ങനെ എന്റെ എല്ലാമായ കൃഷ്ണനെക്കൊണ്ട് ചെയ്യിക്കാമോ? എന്റെ കണ്ണു നിറഞ്ഞത് കണ്ടിട്ടായിരിക്കാം കൃഷ്ണൻ എന്റെ അടുത്തേക്ക് നടന്ന് ആ കൈകൾ കൊണ്ട് എന്നെ എടുത്തു വീണ്ടും നടക്കാൻ തുടങ്ങി. കൃഷ്ണന്റെ വദനാംബുജവും വശ്യമായ പുഞ്ചിരിയും കണ്ടു കൊണ്ട് ഞാൻ ആ കൈകളിൽ മലർന്നു കിടന്നപ്പോൾ കൃഷ്ണനെത്ര ഘനം താങ്ങുന്നു എന്നും കൃഷ്ണന് എന്നെ എടുത്തു നടന്ന് ക്ഷീണമായാലോ എന്നൊന്നും ഉള്ള ചിന്തകൾ എന്നിൽ ഊറിയതേയില്ല. ആ കരസ്പർശം എന്റെ ദ്വൈത ഭാവത്തെ നിശ്ശഷം മായ്ച്ചു കളഞ്ഞുവോ? കൃഷ്ണന്റെ ഞാനായിത്തീർന്ന ആ അദ്വൈതാവസ്ഥയിൽ മനസ്സ് നഷ്ടപ്പെട്ടതാകുമോ? ഒന്നും അറിയില്ല. ഇതൊക്കെ വെറും സങ്കല്പമാണെന്നറിയാതെ ഞാൻ ആ രക്ഷകന്റെ കൈകളിൽ ഉറങ്ങി. സങ്കല്പത്തിൽ തന്നെ ഇനി ഒരിക്കലും ഉണരരുതേ എന്ന് ആ തിരുമുഖം നോക്കി പ്രാർഥിച്ചതേ ഓർമ്മയുള്ളു. വാസ്തവത്തിൽ, ഭഗവാന്റെ സങ്കൽപത്തിലെ നടീനടന്മാരായ നമ്മൾ. നമ്മുടെ സങ്കൽപത്തിൽ ഭഗവാൻ നിറഞ്ഞു നില്ക്കുന്നതായി കണ്ടാൽ അത്ഭുതപ്പെടാനെന്തിരിക്കുന്നു?
Comments
Post a Comment