നരസിംഹാവതാരം
ഇന്ന് നരസിംഹാവതാരത്തെ ഓർത്തപ്പോൾ, ആ കഥ കുട്ടിക്കാലത്ത് അഛൻപറഞ്ഞുതന്നതോർത്തപ്പോൾ, അതിനെപ്പറ്റി കൂടുതൽ ചിന്തിക്കാനിടയായി. പുരാണങ്ങളിലൊക്കെ എത്ര ഭീകരമായ രൂപമാണ് വർണിച്ചിരിക്കുന്നത് ! മാത്രമല്ല, ഹിരണ്യകശിപുവിനെ നിഷ്പ്രയാസം പിടിച്ച് വാതിലിന്റെ അടുത്തേക്ക് വലിച്ചിഴച്ച്ഉമ്മറപ്പടിമേലിരുന്ന് മടിയിൽ കിടത്തി, നഖം കൊണ്ട് വയറു പിളർന്ന്, കുടൽ മാലവലിച്ചെടുത്ത് , ചോര കുടിച്ച് ഗർജ്ജിക്കുന്ന രൂപം ആലാചിച്ചാൽ എത്രഭയാനകമാണ്!
എന്നാൽ ഇനി ഒരത്ഭുതം പറയട്ടെ? കുട്ടിക്കാലത്ത് ഈ കഥ കേൾക്കുമ്പോൾ , അല്ലെങ്കിൽ, തന്നെ വായിക്കുമ്പോൾ ഒരിക്കൽ പോലും നരസിംഹമൂർത്തിയെ ഭയംതോന്നിയിട്ടില്ല. വലുതായി, അമ്മയായി, കുട്ടികൾക്ക് പറഞ്ഞു കൊടുത്തപ്പോൾഅവരും പേടി തോന്നുന്നു എന്ന് പറഞ്ഞതോർമ്മയില്ല. പിന്നെ മുത്തശ്ശിയമ്മയായി, മൂന്നു പേരകുട്ടികളോട് പറയുമ്പോഴും അവർ ഒരു പേടിയും നടിച്ചില്ല. കുട്ടികാളൊക്കെ കേൾക്കുന്ന സമയം അവരറിയാതെ തന്നെ സ്വയം പ്രഹ്ളാദന്മാരാണെന്ന് സങ്കൽപിച്ചിരിക്കാം.
നിസ്സഹായനും ഭക്തനുമായ കുഞ്ഞുപ്രഹ്ലാദനെ രക്ഷിക്കാനും പ്രഹ്ളാദന്റെദുഷ്ടനായ അഛനെ വധിക്കാനുമാണ് വന്നതെന്നതിനാലായിരിക്കണംകുട്ടികൾക്കൊന്നും നരസിംഹമൂർത്തിയെ പേടിയില്ലാത്തത്. കഥയിൽ തന്നെമഹാലക്ഷ്മിയും ബ്രഹ്മാവും പോലും അടുത്തു ചെല്ലാൻ ധൈര്യപ്പെട്ടില്ലെന്നുംപ്രഹ്ളാദൻ ഭയമില്ലാതെ അടുത്തു പോയി സ്തുതിച്ച് ശാന്തനാക്കിയെന്നുമാണല്ലാ.
അതോർത്തപ്പോൾ ഒന്നു തോന്നി: ഭഗവാൻ ഏതു രൂപത്തിൽ വന്നാലും ഭക്തന്മാർക്ക്ഒരേ ഒരു വികാരമേ തോന്നുകയുള്ളു, സ്നേഹം. ആ കണ്ണുകളിൽ കാരുണ്യം മാത്രംകാണുന്നു. ഭക്തന്മാർ ഭഗവാനെ ഭയന്ന് ഒന്നും ചെയ്യുകയോ ഭയം കൊണ്ടുമാത്രംമറ്റെന്തെങ്കിലും ചെയ്യാതിരിക്കുകയോ പതിവില്ല. ഭഗവാൻ ഭക്തന്മാരെ എന്നുംസ്നേഹിക്കുന്നവനാണ്, ഭക്തന്മാരാൽ എന്നും സ്നേഹിക്കപ്പെടുന്നവനും ആണ്.
ഏതു രൂപത്തിൽ വന്നാലും ശിഷ്ടന്മാരുടെ ഇഷ്ടദൈവമായ, സ്നേഹത്തിന്റെപര്യായമായ, ആ മഹാപ്രഭുവിനെ എത്ര നമസ്കരിച്ചാലാണ് മതിയാവുക?
ഭഗവാന്റെ നരസിംഹാവതാരത്തിന് നമസ്കാരം!
Comments
Post a Comment