മാനസപൂജ
സാവിത്രി പുറം
പ്രായം കൂടുന്തോറും നമ്മൾ തന്നെ പൂക്കൾ ശേഖരിച്ച്, എന്തെങ്കിലും നൈവേദ്യം നാംതന്നെ ഉണ്ടാക്കി സ്നേഹപൂർവം ഭഗവാന് നൽകുന്ന സന്തോഷം ആസ്വദിക്കാൻ, അനുഭവിക്കാൻ വിഷമമായിത്തുടങ്ങി. അപ്പോളാണ് ഭാഗവതം പോലുള്ളപുരാണങ്ങൾ മാനസപൂജയുടെ മഹത്വം പറയുന്നത് ശ്രദ്ധയിൽ പെട്ടതു തന്നെ. എത്രനല്ല ആശയം! ഭഗവാൻ തന്നെ ഭാഗവതത്തിൽ എങ്ങനെ പൂജ ചെയ്യണമെന്ന് നമുക്ക്സ്നേഹപൂർവ്വം പറഞ്ഞുതരുന്നു. കൃഷ്ണ, ഒരു പാട് ഒരു പാട് നന്ദി. എനിക്കെപ്പോൾവേണമെങ്കിലും എന്റെ ഹൃദയകമലത്തിലെ കർണ്ണികയിൽ പീഠമിട്ടിരുത്തിപൂജിക്കാം. രാവിലെയാകാം, പകൽ എപ്പോൾ വേണമെങ്കിലും ആകാം, സന്ധ്യക്കാകാം, രാത്രി ഉറക്കം വരാതെ കിടക്കുമ്പോഴും ആകാം. എപ്പോൾവിളിച്ചാലും ചിരിച്ചെഴുന്നള്ളുന്ന ഭക്തവത്സലനായ ഭഗവാൻ നമുക്ക് ഉണ്ടല്ലോ. കൃഷ്ണ, ഞാനൊന്ന് ഇപ്പോൾ പൂജിച്ചോട്ടെ? ഭഗവാൻ അതാ പുഞ്ചിരി സമ്മാനിച്ച്‌അതിന് മൌനാനുവാദം നൽകിയിരിക്കുന്നു എന്ന് ത്താൻ സങ്കൽപിക്കുന്നു.
ആദ്യം ഞാൻ എന്റെ ഹൃദയകമലത്തിനെ പറ്റുന്നത്ര ശുദ്ധിയാക്കാൻ, ഭഗവാനെഒഴിച്ച് മറ്റൊന്നും ഓർക്കാതിരിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. ഷഡ്വൈരികളെആട്ടിയോടിക്കാൻ ഭഗവത്സ്മരണയല്ലാതെ ഒരുപായവും തോന്നുന്നില്ല. എന്നിട്ടുംശുദ്ധമായെന്ന് ബോധ്യമായിട്ടൊന്നുമല്ല, ഭഗവാന്റെ കാരുണ്യത്തിൽ വിശ്വസിച്ച്ഹൃദയകമലം വിടർത്തി കർണികയിൽ നല്ല ഒരു പീഠംഒരുക്കി. രത്നങ്ങളുംവൈഡൂര്യവും മുകളിൽ പതിച്ച സ്വർണക്കാലുകളോടു കൂടിയ ഒരു വലിയ പീഠം. ഭഗവാനിരിക്കാൻ ഉള്ളതല്ലേ?പിന്നേയും പിന്നേയും തുടച്ചു മിനുക്കി. ശ്യാമസുന്ദരനെമനസ്സിൽ ധ്യാനിച്ച് തൊഴുകയ്യോടെ സ്വാഗതമരുളി. മായാത്ത മന്ദഹാസമേന്തിഭഗവാൻ എന്റെ എളിയ ക്ഷണം സ്വീകരിച്ച് പീഠത്തിന്മേൽ ആസനസ്ഥനായി. ആപാദപത്മങ്ങളിൽ നമസ്ക്കരിച്ച് ഭഗവാനഭിമുഖമായി നിലത്ത് ഞാനിരുന്നു. സ്വർണക്കിണ്ടിയിൽ നല്ല ചന്ദനത്തിന്റേയും തുളസിയുടേയും മണമുള്ള ശുദ്ധവുംശീതളവുമായ വെള്ളം കൊണ്ട് കാൽ കഴുകിച്ചു. കുളിക്കാനുള്ള, ഇളം ചൂടുള്ളവെള്ളം അരികിൽ തയ്യാറാക്കി.
വാസനയുള്ള, വെന്ത വെളിച്ചെണ്ണ ഭഗവാന്റെ മേലൊക്കെ പുരട്ടി, പീലിയും കെട്ടുംഅഴിച്ച് തലയിലും തേപ്പിച്ചു. ഭഗവാൻ തന്നെ സ്വർണ്ണക്കിണ്ണത്തിൽ നിന്നുംഎണ്ണയെടുത്ത് മുഖത്തും പുരട്ടി. ഗോപിക്കുറി മങ്ങിയെങ്കിലും ആ എണ്ണക്കണ്ണനെകാണാൻ എന്തൊരു ചന്തമാണെന്നോ? കുറച്ചു നേരം ഭഗവാൻ എണ്ണ തേച്ച്പുഞ്ചിരിതൂകി ഇരുന്നു, എനിക്ക് കണ്ട് മതിവരട്ടെ എന്നോർത്തിട്ടെന്ന പോലെ!അഹോ! ഭക്തവാത്സല്യം.
പിന്നെ നല്ല മയമുള്ള സോപ്പ്കൊണ്ട് തേച്ച് എണ്ണയൊക്കെ പാകത്തിന് കളഞ്ഞു. കുളി കഴിയുമ്പോഴേക്കും ക്ഷീണമാകുമോ എന്ന് കരുതി തയ്യാറാക്കിവെച്ചിരുന്നമധുപർക്കം അഥവാ പാലും തൈരും തേനും ചേർത്ത പാനീയം, കുറച്ച് നൽകിയത്ഭഗവാൻ സസന്തോഷം കുടിച്ച് എന്റെ സാരിത്തുമ്പു കൊണ്ട് വായ തുടച്ച് തലകഴുകാൻ തയ്യാറായി. തലയിൽ, കണ്ണിൽ ആയാൽ നീറാത്ത, വാസനയുള്ള ഷാംപൂതേച്ച് വെള്ളമൊഴിച്ച് കളഞ്ഞ് തോർത്തിച്ചു.
കരുതിവെച്ചിരുന്ന അറ്റത്ത് കസവുള്ള മഞ്ഞ കാഞ്ചീപുരം പട്ടുമുണ്ട് എനിക്ക്പറ്റുന്നത്ര ഭംഗിയിൽ ഉടുപ്പിച്ചു. തലമുടി ചീകി മുകളിൽ കെട്ടി. മുത്തുമാലകളുംകൊച്ചുപൂമാലയും ചുറ്റിക്കെട്ടി. പുതിയ കാന്തിയേറിയ പീലിയും തിരുകി. കണ്ണെഴുതിവാലിട്ടു. നല്ല ഒരു ഗോപിയും തൊട്ടു. സ്വർണ്ണ പൂണൂൽ അണിയിച്ചു. തോൾ വളകളുംകൈവളകളും അണിയിച്ച. പട്ടിന്റെ മീതെ ഒരു തങ്കക്കിണിണി ചാർത്തി. കൈനിറയെ തങ്കമോതിരങ്ങൾ അണിയിച്ചു. കാലിൽ കിലുങ്ങുന്ന തങ്കത്തളയുംഅണിയിച്ചു. ഓടക്കുഴൽകൂടി കയ്യിൽ കൊടുത്തപ്പോൾ വേണുഗോപാലനായി, സെന്ദര്യധാമമായി എന്റെഹൃദയകമലത്തിൽ പ്രശോഭിച്ചു.
ധൂപക്കുറ്റിയിൽ നിറച്ച വാസന നിറഞ്ഞ ധൂപത്താലും തെളിഞ്ഞു കത്തുന്നദീപങ്ങളാലും ദീപാരാധന നടത്തി. തെച്ചിയും മന്ദാരവും ശംഖുപുഷ്പവുംതാമരയിതളുകളും പവിഴമല്ലിയും നല്ല വാസനയുള്ള തുളസിയുംറോസാപുഷ്പങ്ങളും മതിവരുവോളം പാദങ്ങളിലും ശിരസ്സിലും ചാർത്തി.
അന്നു കലക്കിയെടുത്ത വെണ്ണയും നറുംപാലിൽ കുറുക്കിയെടുത്ത പായസവുംനെയ്പായസവും ത്രിമധുരവും കണ്ണന് മതിയാവോളം നൽകി. സന്തോഷത്തോടെകണ്ണൻ മതി എന്ന് കാണിക്കുന്നതുവരെ വായിൽ കൊടുത്തു. പിന്നെ കൈകളുംവായും കരയാമ്പൂവിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് കഴുകി. മിനുസമുള്ളതുണികൊണ് മുഖവും കൈകളും തുടച്ചു.
വീണ്ടും ഒരു പാട് പുഷ്പങ്ങളാൽ ഇതുവരെ പഠിച്ച മന്ത്രങ്ങളൊക്കെ ചൊല്ലി ഭഗവാനെആരാധിച്ചു.
തളിർവെറ്റില ചുണ്ണാസും അടയ്ക്കയും ഒരു ചെറിയ കൊട്ടത്തേങ്ങപ്പൂളും, ഒരുചെറിയ കഷ്ണം കൽക്കണ്ടവും കൂട്ടി ചുരുട്ടി വായിലിട്ടു കൊടുത്തു.. ഒന്നു കൂടിദീപാരാധന ചെയ്ത് ആ ചെന്താമര പോലെയുള്ള പാദങ്ങളിൽ പലവുരുനമസ്കരിച്ചു. കുട്ടിക്കാലം തൊട്ട് ചൊല്ലാറുള്ള മന്ത്രങ്ങളെല്ലാം ചൊല്ലിനമസ്ക്കരിച്ചു. പലവുരു പ്രദക്ഷിണം വെച്ച് നമസ്കരിച്ചു. പാദങ്ങൾ വാസനിച്ചു, കണ്ണീർ കൊണ്ട് കഴുകി. ഒരു ധൃതിയും നടിക്കാതെ ഭഗവാൻ സ്നേഹംവഴിഞ്ഞൊഴുകുന്ന കണ്ണുകളോടെ എന്റെ പൂജയും നമസ്ക്കാരവും സ്വീകരിച്ച്ഇരുന്നു. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയപ്പോൾ ഭഗവാന്റെ ഉത്തരീയം കൊണ്ട്തുടച്ചു തന്നു. ഭഗവാൻ കഴിച്ച നൈവേദ്യത്തിന്റെ ബാക്കി പ്രസാദമായി സ്വന്തം കൈകൊണ്ട് നൽകി. ഹരയേ നമ: ഹരയേ നമ: പ്രപന്നം പാഹിമാമീശ ഭീതംമൃത്യുഗ്രഹാർണവാത് എന്നുറക്കെ പറഞ്ഞ് പാദങ്ങളിൽ ഗരണാഗതിയടഞ്ഞു.
പിന്നേയും ഭാഗവതത്തിലേയും നാരായണിയത്തിലേയും കുറെ ശ്ലോകങ്ങൾ ആപാദങ്ങൾ പിടിച്ച് ചൊല്ലി: അവസാനം
ഓം വിഷ്ണവേ മധുസൂദനായ . വാമനായ ത്രിവിക്രമായ ശ്രീധരായ ഋഷീകേശായപത്മനാഭായ ദാമോദരായ സങ്കർഷണായ വാസുദേവായ പ്രദ്യുമ്നായ അനിരുദ്ധായഅധോക്ഷജായ പുരുഷോത്തമായ ശ്രീകൃഷ്ണായ നമ:
പാദഗുൽഫജാനൂരൂകടിഉദരപൃഷ്ഠഭുജാകന്ധര കർണ്ണനാസീകാധര നേത്ര ശിര: പൃഥക് പൃഥക് പൂജയാമീതി സർവ്വാംഗപൂജാം കുര്യാത് , തഥാസഖി, സശംഖചക്രഗദാപത് മാസിധനുർബാണഹലമുസലാദീൻ തഥാ കൌസ്തുഭവനമാലാശ്രീവത്സ പീതാംബര നീലാംബര വംശീവേത്രാൻ തഥാ താലാങ്കഗരുഡാങ്കരഥദാരുകസുമതീ സാരഥീഗരുഡ കുമുദ നന്ദ സുനന്ദ ചണ്ഡമഹാബല കുമുദാക്ഷാദീൻപ്രണവപൂർവ്വേണ ചതുർഥ്യന്ത്യൈ നമ: സംയുക്തേന നാമ്‌നാ തഥാ വിഷ്വക്സേനശിവവിധിദുർഗ്ഗാവിനായക ദിക്പാലവരുണനവഗ്രഹ മാതൃകാദീൻ മന്ത്രൈ: പൂജയേത്
എന്ന് പറഞ്ഞ് പിന്നേയും പുഷ്പങ്ങൾ ചാർത്തി പാദങ്ങളിൽ വീണ്ടും വീണ്ടുംനമസ്കരിച്ചു പൂജക്ക് പരിസമാപ്തി വരുത്തി.
ശ്യാമസുന്ദരൻ മന്ദഹാസം ചൊരിഞ്ഞ് ഇനിയും എന്റെ മാനസപൂജ സ്വീകരിക്കാൻവരുന്നതും കാത്ത് ഞാൻ ഹൃദയം അശുദ്ധമാകരുതേ എന്ന് പ്രാർഥിച്ച് ഇരുന്നു.
ഭവേ ഭവേ യഥാ ഭക്തി
പാദയോ: തവ ജായതേ
തഥാ കുരുഷ്വ ദേവേശ
നാഥസ്ത്വം നോ യത: പ്രദോ
Comments
Post a Comment