സ്നേഹം (വഞ്ചിപ്പാട്ട്)
സാവിത്രി പുറം
August 22, 2020
കഥ വേണോ കഥ വേണോ
കൃഷ്ണകഥ കൂട്ടുകാരേ?
രഥസാരഥിയാം മധു-
രിപുവിൻ കഥ.
കൃഷ്ണനൊരുദിനം പത്നി -
മാരോടൊത്തു മട്ടുപ്പാവിൽ
ചതുരമായ് ചതുരംഗം കളിച്ചീടുമ്പോൾ
മിന്നുംതലവേദനയാൽ പെട്ടെന്നൊരു വിയർപ്പുമായ്
പൊന്നിൻ മഞ്ചത്തിന്മേലതാ
കിടപ്പു കൃഷ്ണൻ
പന്തിയല്ലെന്നുകണ്ടോരു പത്നിമാരെല്ലാരും തന്നെ
പതിയുടെ ചുറ്റും നിന്നു
തേങ്ങിക്കരഞ്ഞു.
ഒട്ടുനേരം കഴിഞ്ഞപ്പോൾ കൊട്ടാരംവൈദ്യനുമെത്തി
കട്ടിലിന്റെതൊട്ടടുത്തിരുന്നു
ചൊല്ലിനാൻ
ഭഗവാന്റെ വേദനക്കു ദിവ്യൗഷധമൊന്നേയുള്ളൂ
ഭഗിനിമാർ നിങ്ങളൊന്നു
കേട്ടീടേണമേ
നിങ്ങൾ പാദപ്രക്ഷാളനം
ചെയ്ത ജലം കുടിക്കുവാൻ
നിങ്ങൾ തന്റെപതിക്കായി
നൽകയും വേണം.
കാലതാമസമില്ലാതെ കാൽ കഴുകി കൊണ്ടു വരൂ
കാലസ്വരൂപന്റെ വ്യഥ ദൂരീകരിക്കാൻ
പത്നിമാരമ്പരന്നുപോയ് പാപമല്ലേ
പാദജലം
പത്മനാഭനിന്നെങ്ങനെ ഞങ്ങൾ നൽകീടും?
പത്നിമാരെല്ലാം തന്നെയും പരസ്പരം നോക്കിനില്ക്കെ
പതിഭക്ത രുഗ്മിണിയും വന്നു ജലമായ്.
സ്വന്തം പാദം കഴുകിയ ജലവുമെടുത്തു വേഗം
സ്വന്തം പതി തന്റെ വായിൽ പകർന്നു നല്കി.
പതിയുടെ വേദനക്കാശ്വാസം മാത്രം ലക്ഷ്യമായ
രുഗ്മിണിയെ പാപഭയം തീണ്ടിയതില്ല
ഭഗവാന്റെ പരീക്ഷയിൽ
വിജയിയായ് രുഗ്മിണിയും
ഭഗവാന്റെ വേദനയും പമ്പ കടന്നു
സ്നേഹവും പാപഭയവും തൂക്കി നോക്കി രുഗ്മിണിയും
സ്നേഹം തൂങ്ങി പാപഭയം ഓടിയൊളിച്ചു
സ്നേഹമാണെനിക്കു പ്രിയം
സ്നേഹത്തിന്നുപരിയായി സ്നേഹം മാത്രം കൂട്ടുകാരേ കൃഷ്ണൻ മൊഴിഞ്ഞു.
രുഗ്മിണീസമേതനായ കൃഷ്ണനെ നമിച്ചീടുന്നു
കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണഗോവിന്ദ!
Comments
Post a Comment