കുട്ടികളുടെ വിരാട്പുരുഷൻ
സാവിത്രി പുറം.
Sep 9, 2020
അമ്മ പറഞ്ഞില്ലേ ഉണ്ണിക്കൃഷ്ണനെന്നാൽ
ഇമ്മഹാ ലോകത്തിൻ നാഥനെന്ന്!
അമ്മ പറഞ്ഞില്ലേ ഉണ്ണിക്കൃഷ്ണനെന്നാൽ
ഇമ്മഹി ചൂഴുന്ന ശക്തിയെന്നും!
പാറി നടക്കുന്ന മേഘങ്ങൾ കാണുമ്പോൾ
എന്തോർത്തു ഞാനെന്റെ കൈ കൂപ്പേണം?
കുട്ടാ ഈ മേഘങ്ങൾ കാർവർണൻ തന്നുടെ
കാർക്കൂന്തലാണെന്നറിഞ്ഞീടേണം
അമ്മേ ഈ മിന്നുന്ന സൂര്യഭഗവാനും
എന്താണെന്നെന്നോടു ചൊല്ലിടാമോ?
മിന്നുന്ന സൂര്യനീയുണ്ണിക്കൃഷ്ണൻ തന്റെ
സുന്ദരനേത്രങ്ങളല്ലേ കുട്ടാ?
അങ്ങു കാണുന്നോരു പർവ്വതമോ അമ്മേ
അങ്ങുന്നായെന്തൊരു ബന്ധമുള്ളൂ?
ഗോവർധന ഗിരി ചൂടുന്ന കണ്ണന്റെ
ഗരിമയെഴുമസ്ഥിക്കൂട്ടമത്രെ
അമ്മേ ഞാൻ കാണുന്ന വൃക്ഷങ്ങളെപ്പറ്റി
അമ്മയ്ക്കറിയുന്നതെന്താണാവോ
ഉണ്ണീ ആ വ്യക്ഷങ്ങൾ മറ്റു ചെടികളും
ഉണ്ണിക്കണ്ണൻ തന്റെ രോമമത്രെ
ഏഴാഴികളുമീക്കൃഷ്ണന്റെയംഗമായ്
എങ്ങനെ കാണണം
ചൊല്ലുകമ്മേ
ദിവ്യപുരുഷന്നുദരമല്ലേ കുട്ടാ
ദിവ്യവാരിധികളെല്ലാം തന്നെ
നമ്മൾ വസിക്കുന്ന ഭൂമി ഏതംഗമായ്
കാണേണമെന്നൊന്നു ചൊല്ലിടാമോ?
അംഭോജനേത്രന്നരക്കെട്ടാണുണ്ണീയീ
അംബുധിയേന്തുന്ന ഭൂമിദേവീ
ഏഴധോലോകങ്ങൾ എങ്ങനെകണ്ണന്റെ ഭാഗങ്ങളായിന്നു കണ്ടീടാവൂ?
പാതാളം തൊട്ടുമേൽപ്പോട്ടുള്ളലോകങ്ങൾ
കാലടിതൊട്ടു നീ ഓർത്തീടേണം.
ഈ ലോകമാകെയും കണ്ണനിൽ കാണാനും
കണ്ണനെ ലോകമായ് കാണുവാനും
തിണ്ണം പഠിപ്പിച്ച അമ്മയെ കാക്കണേ
കണ്ണാ എൻ ത്രൈലോക്യരക്ഷാമണി!
.
Comments
Post a Comment