പഞ്ചകോശാന്തര്യാമി
സാവിത്രി പുറം
August 2020
ചാഞ്ചല്യമില്യാത്തൊരുണ്ണിയല്ലേ??
നെഞ്ചിനകത്തൊരു ലക്ഷ്മിയില്ലേ?
പാഞ്ചജന്യം പൂണ്ട കൈകളല്ലേ?
പഞ്ചമവേദത്തിൻ നാഥനല്ലേ?
അഞ്ചുപേർ പാണ്ഡവർ സ്വന്തമല്ലേ?
പഞ്ചശരനൊരു പുത്രനല്ലേ? പുഞ്ചിരിസായകം സ്വന്തമല്ലേ?
പിഞ്ചു കുഞ്ഞായൊരു കണ്ണനല്ലേ?
കിഞ്ചനന്മാരെയകറ്റിനിർത്തും
നിഷ്ക്കിഞ്ചനപ്രിയൻ ശൌരിയല്ലേ?
പിഞ്ചിളം പൈതലായ് പൂതനയെ
പഞ്ചഭൂതങ്ങളായ് മാറ്റിയില്ലേ ?
വഞ്ചി വലിച്ചൊരു മത്സ്യമായി
സഞ്ചരിച്ചല്ലോ ജലധി തന്നിൽ
പൂഞ്ചേല കട്ടിട്ടൊരാലിൻ കൊമ്പിൽ
പുഞ്ചിരി തൂകിയിരിക്കയല്ലേ?
പഞ്ചാരക്കൊഞ്ചലിൽ വീണിടുന്നു
പഞ്ചശരനെന്ന മന്മഥനും കണ്ണഞ്ചിക്കുന്നൊരു മന്മഥനെ കണ്ണഞ്ചിക്കുന്നൊരുകൃഷ്ണനല്ലേ?
സഞ്ചിയിൽ പ്രാരബ്ധകർമ്മമേന്തി
സഞ്ചരിച്ചീടുന്നു വർഷങ്ങളായ്
പിഞ്ചിളംകാലിൻ സ്മരണയോടെ
പഞ്ജരം വിട്ടു ഞാൻ പോയീടേണേ!
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ
കൃഷ്ണ ഹരേ ജയകൃഷ്ണ ഹരേ!
Comments
Post a Comment