കുട്ടി:
അമ്മേയെൻ കൂട്ടുകാരിന്നു പറഞ്ഞ പോൽ
ദൈവഭയം തീരെ തോന്നുന്നില്ല.
അമ്മ:
എന്മകനിന്നെന്തേയിങ്ങനെ ചൊല്ലുവാൻ
എല്ലാം തെളിച്ചു പറഞ്ഞിടൂ നീ
കുട്ടി:
അമ്മ പറഞ്ഞില്ലേ കൃഷ്ണനെ സ്നേഹിക്കൂ
സ്നേഹിക്കമാത്രമേ വേണ്ടൂവെന്ന്
കൂട്ടുകാരെന്നോടു ചൊല്ലിത്തന്നീടുന്നു
ദൈവഭയം വേണമെല്ലാവർക്കും
ഏതവതാരമെടുത്തു വന്നീടിലും
പേടിതോന്നുന്നില്ലെനിക്കു നൂനം
നരസിംഹമായ് വന്നു തൂണിൽ നിന്നപ്പോഴും
പ്രഹ്ളാദൻ തീരെ ഭയന്നതില്ല.
എന്തിനു ഞാനമ്മേ പേടിച്ചിടേണ്ടൂയീ
എന്നെക്കാത്തീടുന്ന ദൈവത്തിനെ?
അമ്മ:
നമ്മുടെയീശനെ നീ ഭയന്നീടൊല്ലേ
സ്നേഹമാണീശ്വരൻ തന്റെ ഭാഷ. നിന്നിലെ സ്നേഹം പകർന്നു നൽകിടേണം
നിന്നുടെ ചങ്ങാതിയല്ലേ കണ്ണൻ?
സ്നേഹിച്ചാലും നമ്മൾ കോപിച്ചാലുമുണ്ണി
സ്നേഹിച്ചനുഗ്രഹിക്കുന്നു കണ്ണൻ
ഭീതി ഭയക്കുന്ന ഈശ്വരനെയുണ്ണി
ഭീതി കൂടാതെ ഭജിച്ചു കൊൾക.
രക്ഷകനാകുന്ന കൃഷ്ണന്റെ സ്നേഹത്തിൽ
രക്ഷിതനായി നീ വാഴ്കയെന്നും|
കുട്ടി:
അമ്മക്കു വന്ദനം പിന്നേയും വന്ദനം
അമ്മതൻ വാക്കുകൾ കർണാമൃതം
Comments
Post a Comment