ശ്രീ ഗുരുപവനപുരേശായ നമ: ശ്രീ പുറയന്നൂർ പരമേശ്വര ഭക്തകവയേ നമ: ശ്രീ ഗുരുഭ്യോ നമ: ഇത്തരമോരോതരം വിസ്തരിച്ചുരചെയ്തു ചിത്തത്തിലവനേതുമേൽക്കാഞ്ഞു വസുദേവൻ പിന്നെയും വിചാരിച്ചു ചൊല്ലിനാ, "നെങ്കിൽ കേൾ നീ ഇന്നിവൾതങ്കൽനിന്നു മൃത്യുവില്ലല്ലോ തവ. പുത്രന്മാരിവൾ പെറ്റിട്ടുണ്ടാകുന്നവരെല്ലാം എത്രയും വൈകാതെ ഞാൻ നിനക്കു തന്നീടുവൻ; വിശ്വൈകസാക്ഷിയാകും ആദിത്യൻ തന്നാണത് വിശ്വസിച്ചാലും മമ ഭാഷിതം സത്യമത്രേ !" 160 എന്നതു കേട്ടനേരം കംസനും വസുദേവൻ തന്നുടെ സത്യമോർത്തിട്ടങ്ങിനെ തന്നെയെന്നാൻ. സോദരി തന്നെപ്പറഞ്ഞയച്ചു പുരി പുക്കു മോദേന വസിച്ചതു, ശൌരിയും ഗേഹം പുക്കാൻ. ഓരാണ്ടു കഴിഞ്ഞപ്പോൾ ദേവകി പെറ്റീടിനാൾ ചാരുതേജോമയനാം നല്ലൊരു കുമാരനെ. സഹിച്ചു കൂടാതൊരു ദു:ഖമുണ്ടെന്നാകിലും മഹത്വമുണ്ടാകയാൽ അസത്യഭയത്തിനാൽ ഉത്തമൻ വസുദേവൻ പുത്രനെയെടുത്തുടൻ സത്വരം കംസൻ തന്റെ കരത്തിൽ നൽകീടിനാൻ. ...