തൂലികാചിത്രം 10 നാരദമുനി പല ഗൃഹങ്ങളിലും പോയി ഭഗവാന്റെ പല ഗൃഹസ്ഥ ഭാവങ്ങളും രൂപങ്ങളും കണ്ടു. ഭഗവാനോടുള്ള കൌതുകം കൊണ്ടും ഭഗവത് ലീലകൾ കാണാനുള്ള ഔത്സുക്യം കൊണ്ടും അനന്യസ്നേഹം കൊണ്ടും നാരദന് ദ്വാരക വിടാൻ മനസ്സു വരുന്നില്ല. ഗോദോഹനത്തിന്റെ സമയമേ ഒരിടത്ത് തങ്ങാവൂ എന്നാണ് പ്രമാണം. പക്ഷെ ഭഗവാന്റെ സാന്നിധ്യത്തിൽ ആ നിയമം അസാധു. അതിനാൽ നാരദമുനി ദ്വാരകയിലെ മറ്റൊരു പത്നീഗൃഹത്തിലലക്ക് നടന്നു. എന്താ പറയാ? അവിടെ ഗൃഹത്തിന്റെ വലതു വശത്ത്, ഒരു പീഠത്തിന്മേൽ കൃഷ്ണൻ ഒരു വെള്ള തോർത്തും പുതച്ച് ഇരിക്കുന്നു. പീലിയും മാലകളും മാറ്റി കുറച്ചധികം നീണ്ടു പോയ മുടി അഴിച്ചിട്ടിരിക്കുന്നു. ആദ്യമായാണ് കൃഷ്ണന്റെ ഇങ്ങനെ ഒരു രൂപം കാണുന്നത്. ആറും എട്ടും വയസ്സുള്ള പുത്രന്മാർ മണ്ണിൽ കളിക്കുന്നു. സമയം വൈകുന്നേരമാണ്. നാരദരെ കണ്ട ഉടനെ കൃഷ്ണൻ നമസ്ക്കരിച്ച് മറ്റൊരു പീഠം അധികം അകലെ അല്ലാതെ വെച്ച് ഇരിക്കാൻ ക്ഷണിച്ചു. പത്നി മധുപർക്കം നൽകി. കുട്ടികളും നമസ്ക്കരിച്ച് നാരദന്റെയൊപ്പം മധുപർക്കം കഴിച്ചു. കൃഷ്ണന്റെ നാലുപുറവും കുറെ വെള്ളപ്പക്ഷികൾ എന്തോ മിറ്റത്തുള്ളത് കൊത്തിത്തിത്തുന്നുണ്ടായിരുന്നു. അപ്പോഴേക്കും സുകുത...