കൃഷ്ണസഹോദരിയുടെ ജന്മദിനം By Savitri Puram കൃഷ്ണാഷ്ടമി ദിവസം ഭാഗവതം ദശമസ്‌കന്ധത്തിലെ മൂന്നാം അധ്യായമായ കൃഷ്ണാവതാരം വായിച്ചതിനുശേഷം ഭഗവാനെപ്പറ്റിയും ഭഗവാൻറെ യോഗമായാദേവിയെപ്പറ്റിയും ആയി എന്റെ ചിന്ത. ദേവകിയുടേയും യശോദയുടേയും നവജാതശിശുക്കളുടെ വെച്ചുമാറ്റം കഴിഞ്ഞതിനു ശേഷമുള്ള ഭഗവാൻറെ ജീവിതത്തെപ്പറ്റിയും ഭഗവതിയുടെ വിശേഷങ്ങളെപ്പറ്റിയും ഓർത്തപ്പോൾ മനസ്സിൽ ഉരുത്തിരിഞ്ഞു വന്ന, ഒരു സംഭാഷണത്തിന് - ഭഗവാനും യോഗമായയും തമ്മിലുള്ള സംഭാഷണത്തിന് - വാക്കുകളാൽ ജീവൻ നൽകാൻ ഈയുള്ളവൾ ഒരു എളിയ പരിശ്രമം നടത്തി. അതിവിടെ വിനയപൂർവം പങ്കു വെക്കുന്നു. ഭഗവാൻ വൃന്ദാവനത്തിൽ യശോദാദേവീസമീപവും യോഗമായ എന്ന ദേവി മധുരയിലെ തടങ്കലിൽ കഴിയുന്ന ദേവകീദേവീസമീപവും എത്തിയമുതൽ തുടങ്ങാം. ഭഗവാൻ യശോദാദേവിയുടേയും നന്ദഗോപരുടേയും ലാളനകൾ ആസ്വദിച്ച് മിടുമിടുക്കനായി അമ്പാടിയിൽ വളർന്നു. യോഗമായാദേവിയോ? കംസന്റെ ഇരുമ്പുപോലുള്ള കൈകളിൽ നിന്നും വഴുതി മാറി ആകാശത്തിൽ പ്രത്യക്ഷപ്പെട്ട് അശരീരി മുഴക്കി, കംസനെ സീമാതീതമായ കോപത്തിനും ഭയത്തിനും അടിമയാക്കി അപ്രത്യക്ഷപ്പെട്ടു. പിന്നീട് പല പല നാമങ്ങളിൽ ലോക...